2012-03-19 17:01:35

സംസ്ക്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം അജ്ഞത : കര്‍ദിനാള്‍ തൗറാന്‍


19 മാര്‍ച്ച് 2012,
സംസ്ക്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സംസ്ക്കാരങ്ങളെക്കുറിച്ചുള്ള അജ്ഞത നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്ന് മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ഷാന്‍ ലൂയി തൗറാന്‍. അറബി ടെലിവിഷന്‍ ചാനലായ അല്‍ ജസീറയ്ക്കു അനുവദിച്ച ഒരു അഭിമുഖത്തിലാണ് കര്‍ദിനാള്‍ തൗറാന്‍ ഇപ്രകാരം പ്രസ്താവിച്ചത്. മധ്യപൂര്‍വ്വദേശത്തു നിന്നു ക്രൈസ്തവരുടെ കൂട്ടപലായനം, യൂറോപ്പില്‍ മുസ്ലീമുകള്‍ക്കെതിരേയുള്ള വിവേചനം, മതാന്തര സംവാദത്തിന്‍റെ പ്രസക്തി തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് കര്‍ദിനാള്‍ അഭിമുഖത്തില്‍ സംസാരിച്ചു.
“അറബ് വസന്തം” എന്നറിയപ്പെടുന്ന പൊതുജന പ്രക്ഷോഭങ്ങളും മതാന്തരസംവാദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കര്‍ദിനാള്‍ പരാമര്‍ശിച്ചു. അറബ് വസന്തത്തിന് ഊര്‍ജ്ജം പകര്‍ന്ന യുവജനങ്ങള്‍ മനുഷ്യാന്തസ്സിനോടുള്ള ആദരവ്, സ്വാതന്ത്ര്യം, തൊഴില്‍ അവസരങ്ങള്‍ എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഇവ ക്രൈസ്തവരും മുസ്ലീമുകളും മാത്രമല്ല ലോകജനത മുഴുവന്‍ അഭിലഷിക്കുന്ന അടിസ്ഥാന ജീവിതാവസ്ഥകളാണെന്ന് കര്‍ദിനാള്‍ തൗറാന്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.