2012-03-17 15:26:42

സുവിശേഷപരിചിചന്തനം
18 മാര്‍ച്ച് 2012
മലങ്കര റീത്ത്


വിശുദ്ധ ലൂക്കായുടെ സുവിശേഷം 10, 30-37.
RealAudioMP3
മദര്‍ തെരേസായുടെ ചിത്രം, മുഖം ആദ്യമായി കാണുന്ന ഒരാളുടെ മനസ്സില്‍ അത് കൗതുകം ഉണര്‍ത്തണമെന്നില്ല. അത്ര വിണ്ടു കീറിയതും ചുക്കിച്ചുളുങ്ങിയതുമാണ് ആ മുഖം. എന്നാല്‍ ആ മുഖത്തിനു പിന്നില്‍ കരുണയുടെയും സ്നേഹത്തിന്‍റേയും പുഴകള്‍ മുറിയാതെ ഒഴുകുന്നുണട്.
പുറം ഭംഗിക്കപ്പുറം ദൈവകൃപയുടെ സൂര്യന്‍ സദാ ആ മുഖത്തു തെളിഞ്ഞു നില്കുന്നു.
അനാകര്‍ഷകമെന്ന് ആദ്യം തോന്നാവുന്ന ആ മുഖത്തിനു പിന്നില്‍ അഭൗമ ദീപ്തിയുടെ വലയം വെട്ടിത്തിളങ്ങുന്നുണ്ട്.

അമ്മയെക്കുറിച്ചുള്ള ഏറ്റവും വശ്യമായ ഗ്രന്ഥം something beautiful for God-ന്‍റെ രചയിതാവ് മാല്‍ക്കം മാല്‍ഡ്രിജും കെന്നും ചേര്‍ന്ന് ബിബിസിക്കുവേണ്ടി ചിത്രമെടുക്കുകയായിരുന്നു. കല്‍ക്കട്ടയിലെ നിര്‍മ്മല്‍ ഹൃദയ ഭവന്‍റെ ഇടുങ്ങിയ ഇടനാഴികള്‍ ഇരുണ്ട തായിരുന്നു. ചിത്രമെടക്കാനുള്ള വെളിച്ചം അവിടെ ഇല്ലായിരുന്നുവെന്ന് ക്യാമറമാന്‍ കെന്നിന് നന്നായി അറിയാമായിരുന്നു. വല്ലാത്ത മടുപ്പോടെയാണ് ജോലി പുരോഗമിച്ചത്. എന്നാല്‍ ഫിലിം ഡെവലപ്പ് ചെയ്തപ്പോള്‍ അത്ഭുതത്തിന്‍റെ ഊഴം ക്യാമറമാന്‍ കെന്‍ വെളിപ്പെടുത്തുന്നു.
സൂര്യ വെളിച്ചത്തില്‍ ലഭിക്കാവുന്നതിനെക്കാള്‍ മിഴിവും തെളിച്ചവും ഒരാളുടെ ആന്തരിക ലോകത്തിന് പ്രസരിപ്പിക്കാമെന്നതിന്‍റെ സാക്ഷൃമായിരുന്നു മദര്‍ തെരേസായെ കേന്ദ്രീകരിച്ചെടുത്ത ബിബിസിയുടെ ചിത്രം. ചിത്രം കണ്ടിട്ടുള്ളവര്‍ക്ക് അറിയാം അതില്‍ കാണുന്നത് മനുഷ്യയാതനയോടു സ്പന്ദിച്ച ആര്‍ദ്രമായ സ്നേഹത്തിന്‍റെ തെളിച്ചമായിരുന്നു എന്ന്
യൂഗോസ്ലാവിയായിലെ സ്ക്കോപ്ജെ പട്ടണത്തില്‍ ജനിച്ച ഒരു സ്ത്രീ കര്‍മ്മംകൊണ്ടാണ് ഭാരതത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ട മകളായത്. വെളുത്ത സാരിയില്‍ നീലക്കരയുമായി നമ്മുടെ നാടിന്‍റെ ചേരികളിലൂടെ നടന്നപ്പോള്‍ അവര്‍ കല്‍ക്കട്ടയിലെ ഏതൊരു തൊഴിലാളി സ്ത്രീയെയും പോലെയായിരുന്നു, അല്ലെങ്കില്‍ അവരെ ഓര്‍മ്മിപ്പിച്ചിരുന്നു. ബംഗാളി വനിതകള്‍ തങ്ങളുടെ സാരിത്തുമ്പില്‍ താക്കോള്‍ കെട്ടിയിടുന്ന സ്ഥാനത്ത് ഒരു ക്രൂശിത രൂപം – സകല താഴുകളും തുറക്കാവുന്ന ഏക താക്കോല്‍! ഒപ്പം കടലോളം സ്നേഹവുമായിട്ടാണ് അന്ന് അമ്മ കല്‍ക്കട്ടയുടെ തെരുവുകളില്‍ പാവങ്ങളെ തേടിയിറങ്ങിയത്.

ഭൂമിയില്‍ മനുഷ്യരുടെ നിലവിളികള്‍ക്കും നെടുവീര്‍പ്പുകള്‍ക്കും നിശ്ശബ്ദതയ്ക്കും പിന്നില്‍ മറഞ്ഞു നില്കുന്നത് ദൈവം തന്നെയാണ് എന്ന വെളിപാട് മദറിനു ലഭിച്ചത് കള്‍ക്കട്ടില്‍നിന്നും, ഡാര്‍ജിലിങ്ങിലേയ്ക്കുള്ള തീവണ്ടി യാത്രയിലായിരുന്നു അത് 1946- സെപ്തംബര്‍ 10-ാം തിയതിയായിരുന്നു. എന്‍റെ എളിയവര്‍ക്കായ് നിങ്ങള്‍ ചെയ്വതെല്ലാം,
എനിക്കായ് ചെയ്തിടുന്നൂ, എന്നെ ക്രിസ്തുവിന്‍റെ വാക്കുകളെ മുറുകെ പിടിച്ചുകൊണ്ടാണ് പിന്നെ മദര്‍ മുന്നോട്ടു നീങ്ങിയത്.

ദൈവത്തിങ്കലേയ്ക്ക് എത്തിയവര്‍ക്ക് മനുഷ്യരിലേയ്ക്ക് എത്താതിരിക്കാന്‍ ആവില്ല. ഇന്നത്തെ സുവിശേഷം ഈ വെളിപാടാണ് നമുക്കു തരുന്നത്.

ഒരു നിയമപണ്ഡിതന്‍റെ ചോദ്യത്തിന് ഉത്തരമായിട്ട് ക്രിസ്തു നല്ല സമറിയക്കാരന്‍റെ ഉപമ പറഞ്ഞുകൊണ്ട് മനുഷ്യസ്നേഹത്തന്‍റെ പാഠം പറഞ്ഞു തരുന്നു.

ആരാണ് അയല്‍ക്കാരന്‍ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞുകൊണ്ട്, അപരനെ സ്നേഹിക്കുക എന്ന ഉത്തരവാദിത്വത്തിന്‍റെ അതിരുകള്‍ ക്രിസ്തു വരച്ചു കാണിക്കുന്നു.

സുവിശേഷങ്ങളില്‍ വിശുദ്ധ ലൂക്കാ മാത്രമാണ് ക്രിസ്തു പറഞ്ഞ നല്ല സമറിയക്കാരന്‍റെ
കഥ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് സംഭവിച്ചതാകാനാണ് സാദ്ധ്യത. ജരൂസലേമില്‍നിന്നും ജറീക്കോയിലേയ്ക്ക് ഏകദേശം 200 കിലോ മീറ്റര്‍ ദൂരമുണ്ട്. പാറക്കെട്ടുകളിലൂടെയുള്ള വഴി ദുര്‍ഘടമായിരുന്നു. ഇന്ന് അതൊരു ഹൈവേ ആണെങ്കിലും കൊള്ളയും കവര്‍ച്ചുയുംകൊണ്ട് കുപ്രസിദ്ധമാണ് ആ വഴി ഇന്നും.

ആ വഴിവന്ന മനുഷ്യന്‍ കൊള്ളക്കാരാല്‍ ആക്രമിക്കപ്പെടുന്നു. മുറിപ്പെട്ട്, എല്ലാം നഷ്ടപ്പെട്ട് അവശനായി വഴിയില്‍ കിടന്നപ്പോള്‍ പലരും കടന്നു പോയി. ആദ്യം പുരോഹിതനും, പിന്നെ ലേവ്യനും. രണ്ടുപേരും മുറിപ്പെട്ടവനെ തൊട്ടില്ല. വഴിമാറിപ്പോയി. തൊട്ടാല്‍ പൊല്ലാപ്പാകുമല്ലോ. അശുദ്ധമാകുമല്ലോ. ഇതുതന്നെ ഇന്ന് നമ്മുടെയും മനഃസ്ഥിതി. മുറിപ്പെട്ടവനെ തൊട്ടാല്‍ ഗതികേടാണ്. പിന്നെ വന്നത് സമറിയാക്കാരനാണ്.
സമേറിയാ ജൂഡായിയിലെ വിജാതിയ ഗ്രാമമാണ്. യഹൂദര്‍ക്ക് അവരോട് വിദ്വേഷവും, ശത്രുതയുമാരുന്നു. എന്നിട്ടും കുതിരപ്പുറത്തുവന്ന സമറിയാക്കാരന്‍, അപകടത്തില്‍ പ്പെട്ടവനെ കണ്ടപ്പോള്‍ ചാടി താഴെയിറങ്ങി. മുറിപ്പെട്ടവനെ വാരിയെടുത്തു പരിചരിച്ചു. മുറിവില്‍ വീഞ്ഞൊഴിച്ചു ശുദ്ധമാക്കി. എണ്ണപുരട്ടി അത് വച്ചുകെട്ടി. അവന്‍ സജാതിയനോ വിജാതിയനോ, യഹൂദനെന്നോ പുറംജായിതയെന്നോ അല്ല പ്രശ്നം മുറിപ്പെട്ടവന്‍ എന്‍റെ സഹോദരനാണ്, സഹായം അര്‍ഹിക്കുന്നവനാണ് എന്ന വെളിപാടാണ് ഇവിടെ ശ്രദ്ധേയം..

എന്നിട്ട് അയാളെ തന്‍റെ കുതിരപ്പുറത്ത് ഇരുത്തി, അടുത്തുള്ള സത്രത്തില്‍ കൊണ്ടാക്കുന്നു. സത്രാധിപനോട് മുറിപ്പെട്ടവനെ തന്‍റെ മിത്രമായി കരുതുകയും പരിചരിക്കുകയും വേണമെന്ന് അഭ്യര്‍ത്ഥിച്ചിട്ട്, ചിലവിനായി രണ്ടു ദനാറയും ഏല്പിച്ചു. ബാക്കി ആവശ്യമുള്ളത് താന്‍ മടങ്ങി വരുമ്പോള്‍ തന്നുകൊള്ളാം എന്ന് പറഞ്ഞ് ഏര്‍പ്പാടാക്കിയിട്ടാണ് അയാള്‍ യാത്ര തുടരുന്നത്.

കരുണ കാണിച്ച, മനുഷ്യത്വം കാണിച്ച സമറിയക്കാരനാണ്, നല്ല അയല്‍ക്കരന്‍ എന്ന സാരാംശം പറഞ്ഞ് ക്രിസ്തു തന്‍റെ കഥ അവസാനിപ്പിക്കുന്നു.

കുഷ്ഠരോഗിയെ പരിചരിച്ച അസ്സീസിയിലെ ഫ്രാന്‍സിസിനു കിട്ടിയ വെളിപാടും ഇതുതന്നെയാണ്. ഫ്രാന്‍സിസ് കുഷ്ഠരോഗിയെ ചുംബിച്ചപ്പോള്‍ അയാളുടെ മുറിവുകള്‍ ഞൊടിയിടയില്‍ സൗഖ്യപ്പെട്ടു. ഒടുവില്‍ അവശേഷിച്ചത് അഞ്ചു മുറിവുകളാണ് – ഫ്രാന്‍സിസിന്‍റെ പഞ്ചക്ഷതങ്ങള്‍. ഇരുപാദങ്ങളിലും കരങ്ങളിലും പിന്നെ വിലാവിലും. കുഷ്ഠരോഗി ക്രിസ്തുവായി. ഫ്രാന്‍സിസ് അപ്പോള്‍ ഇങ്ങനെ കരഞ്ഞു പറഞ്ഞു,
“ഭൂമിയില്‍ മുറിവേല്‍ക്കപ്പെട്ട മനുഷ്യരുടെ പിന്നിലൊക്കെ ഒളിച്ചു നില്കുന്നത്, കര്‍ത്താവേ, അങ്ങുതന്നെയാണല്ലോ.” ദൈവത്തിനു ചിലപ്പോള്‍ പനിക്കുന്നു, തപിക്കുന്നു,
ചിലപ്പോള്‍ ഏകാകിയാകുന്നു. ചിലപ്പോള്‍ വിശക്കുന്നു. മനുഷ്യരോടുള്ള ഇഷ്ടമാണ് ദൈവത്തോടുള്ള ആരാധന. ധ്യാനത്തില്‍നിന്നും ഉത്ഭവിക്കുന്ന സ്നേഹമാണ് ക്രിസ്തു പഠിപ്പിക്കുന്നത്.

ഈ ലോക് പലതും സംഭവിക്കുന്നുണ്ട്. എന്നാല്‍ അവിടെല്ലാം ധ്യാനമുണ്ടെങ്കിലേ, സ്നേഹം പൂവണിയൂ എന്നാണ് നല്ല സമറിയക്കാരന്‍റെ ഉപമ ഓര്‍പ്പിക്കുന്നത്.

സ്നേഹം ധ്യാനത്തില്‍നിന്നു പുറപ്പെട്ടില്ലെങ്കില്‍ അത് സ്നേഹമല്ല, അവിടെ ത്യാഗമില്ല. സ്നേഹമെന്ന് വിളിക്കപ്പെടാന്‍ അത് അര്‍ഹമല്ല. ക്രിസ്തു പകര്‍ന്നു നല്കുന്ന സ്നേഹത്തിന്‍റെ പുതുവീഞ്ഞ് സ്വീകരിക്കുവാന്‍ ഭൂമിയുടെ ഒരു തോല്‍ക്കുടവും ഇനിയും രൂപപ്പെടാത്തതു പോലെയാണ് നമുക്കു ചുറ്റും അനുഭവപ്പെടുന്നത്. വന്ദനത്തിന് പ്രതിവന്ദനം നല്കുന്ന ഉപചാരംപോലെ ഹൃദയമിടിപ്പില്ലാത്ത തണുത്ത സ്നേഹപ്രകടനമാണ് നാം ചുറ്റും കാണുന്നത്.

ക്രിസ്തു പഠിപ്പിക്കുന്ന സ്നേഹം ദുഷ്ടന്‍റെമേലും ശിഷ്ടന്‍റമേലും ഒരുപോലെ വര്‍ഷിക്കപ്പെടുന്ന ദൈവിക സ്നേഹമാണ്. . അത് മക്കള്‍ക്കും ദാസര്‍ക്കും ഒരുപോലെ ലഭിക്കുന്നു. സാധാരണ മനുഷ്യജീവിതത്തിന്‍റെ വ്യാകരണങ്ങളെയും അതിര്‍വരമ്പുകളെയും തെറ്റിക്കുന്നതാണ് ഒരു വിധത്തില്‍ ക്രിസ്തു പകര്‍ന്നു നല്കുന്ന സ്നേഹം.



വിണ്ടു കീറിയ നമ്മുടെ ഹൃദയവയലുകളുടെ ചാരെ സമൃദ്ധമായ പുഴ ഒഴുകുന്നുണ്ട്. വരമ്പുകെട്ടി നാം നീരൊഴുക്കു തടസ്സപ്പെടുത്തുകയാണ്. വിവേചനത്തിന്‍റെ എത്രയെത്ര വരമ്പുകളാണ് അനുദിന ജീവിതത്തില്‍ നാം കീറിയിടുന്നത്, കെട്ടിവയ്ക്കുന്നത്. ജാതിയുടേയും മതത്തിന്‍റേയും സമ്പത്തിന്‍റേയും സംസ്കാരത്തിന്‍റേയും പേരിലൊക്കെയല്ലേ.. ആ വരമ്പുകള്‍, മതിലുകള്‍......

വേദനിക്കുന്നവരുടെയും തോല്‍ക്കുന്നവരുടേയും ചാരത്തെത്തുന്ന ദൈവമാണ് ക്രിസ്തു. തന്‍റെ സഹന പാഠങ്ങളിലൂടെയാണ് സ്നേഹത്തിന്‍റെ അപ്പക്കൂട്ട് അവിടുന്ന് നമുക്ക് കാണിച്ചു തരുന്നത്. കനലിനു മീതെ മാവു വയ്ക്കുമ്പോഴാണ് അപ്പം ഉണ്ടാകുന്നത്. സ്നേഹത്തിന് സഹനത്തിന്‍റെ പൊള്ളല്‍ വേണം. അതാണ് നല്ല സമറിയാക്കാരന്‍ തരുന്ന പാഠം. അപരന്‍റെ വേദന കണ്ട് ഉള്ളു തപിക്കുന്നതാണ് യഥാര്‍ത്ഥ സ്നേഹം. അത് ധ്യാനത്തിന്‍റെ അടയാളമാണ്. അവിടെ ത്യാഗമുണ്ട്.
അതു കുരിശിന്‍റെ വഴിയിലൂടെ സഞ്ചരിക്കുന്ന സ്നേഹമാണ്.

ക്രിസ്തു ഭൂമിയുടെ ഓഹരിയാണ്. അവിടുന്നാണ് ഈ ലോകത്ത് സ്നേഹത്തിന്‍റെ കാറ്റുവിതച്ചവന്‍. അതു ഭൂതലം മുഴുവന്‍ വീശുന്നുണ്ട്. കാറ്റിനെ നമ്മുടെ നിശ്വാസമാക്കി മാറ്റാം. അതു നമ്മുടെ സുവിശേഷമാക്കാന്‍ പരിശ്രമിക്കാം. ഒരു സ്നേഹ സാന്നിദ്ധ്യമായി മാറാനാണ് നമ്മുടെ വിളി.
ക്യാറ്റലിസ്റ്റ് അല്ലെങ്കില്‍ രാസത്വരകം പരീക്ഷണശാലയിലെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതുപോലെ ക്രിസ്തുവിന്‍റെ സ്നേഹസുവിശേഷം ജീവിക്കാന്‍
ഈ തപസ്സാചരണം സഹായിക്കട്ടെ. എനിക്കു ചുറ്റുമുള്ള കാലത്തിന്‍റെ ക്രിസ്തു ബോധത്തെയും സ്നേഹത്തെയും എന്‍റെ സാന്നിദ്ധ്യംകൊണട് ത്വരിതപ്പെടുത്താനാകുമോ എന്ന് ആത്മശോധന ചെയ്യാം.
ദൈവത്തെ ഐശ്വര്യങ്ങളുടെ തമ്പുരാനാക്കുകയാണ് നമ്മള്‍. വളര്‍ച്ചയും വിജയവും സമൃദ്ധിയുമാണ് ദൈവാനുഗ്രഹത്തിന്‍റെ സങ്കല്പങ്ങള്‍ ധരിച്ചുവയ്ക്കുന്നത്. എന്നാല്‍ ഇതാ ക്രിസ്തു – ദുഃഖിതന്‍റേയും പീഡിതന്‍റേയും മിത്രം. വേദനിക്കുന്നവന്‍റെ ചാരത്ത് ഓടിയെത്തുന്നവന്‍, അവര്‍ക്ക് സങ്കേതവും കോട്ടയുമായവന്‍. നല്ല സമറിയാക്കാരന്‍ ക്രിസ്തുതന്നെയാണ്. ആ ക്രിസ്തുവിന്‍റെ വഴിയേ നമുക്കു ചരിക്കാം.









All the contents on this site are copyrighted ©.