2012-03-15 17:35:37

ക്യൂബയില്‍
വിമത വിപ്ലവം


15 മാര്‍ച്ച് 2012, ക്യൂബ
ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ വിമതര്‍ ദേവാലയങ്ങള്‍ ഉപരോധിച്ചു.
മാര്‍ച്ച് 26-28 തിയതികളില്‍ അരങ്ങേറുന്ന ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ അപ്പസ്തോലിക പര്യടനത്തിനുള്ള ഒരുക്കങ്ങള്‍ നടക്കവേയാണ്, സന്ദര്‍ശനത്തിന്‍റെ പ്രധാനവേദിയായ ഹവാനായിലെ ദൈവമാതാവിന്‍റെ ബസിലിക്ക വിമതര്‍ ഉപരോധിച്ചത്.
മാര്‍ച്ച് 13-ാം തിയതി സായാഹ്നത്തില്‍ ബസിലിക്കയുടെ അകത്തുകടന്ന സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഒരു സംഘം പ്രകടനക്കാര്‍ ആരാധനയ്ക്കെത്തിയവരെ തടയുകയും, പ്രാര്‍ത്ഥനാ സമയം കഴിഞ്ഞിട്ടും ദേവാലയം വിട്ടുപോകാതെ രാത്രിയിലും അവിടെ കഴിഞ്ഞുകൂടിയെന്നും, ബസിലിക്കയുടെ റെക്ടര്‍, മോണ്‍സീഞ്ഞോര്‍ സ്വാരെസ് പൊള്‍ക്കാരി മാധ്യമങ്ങളെ അറിയിച്ചു.

രാഷ്ട്രീയ ബന്ധികളായി ഇനിയും തടങ്കലില്‍ കഴിയുന്നവരെ
ക്യൂബന്‍ സര്‍ക്കാര്‍ മോചിപ്പിക്കണമെന്നാണ് വിമതര്‍ അവകാശപ്പെടുന്നതെന്ന് ബസിലിക്കയുടെ റെക്ടര്‍, മോണ്‍സീഞ്ഞോര്‍ സ്വാരെസ് അധികാരികളെ അറിയിച്ചു.

ക്യൂബയുടെ ഇതര ഭാഗങ്ങളിലും അരങ്ങേറിയ ദേവാലയ ഉപരോധം
വളരെ സംഘടിതമാണെന്നും, പോലിസ് നടപടികളും അറസ്റ്റും ഒഴിവാക്കി പ്രകടനക്കാരെ സമാധാന പരമായി പറഞ്ഞയക്കുവാനാണ് സഭാധികൃതര്‍ പരിശ്രമിക്കുന്നതെന്നും വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു.








All the contents on this site are copyrighted ©.