2012-03-13 16:32:28

വര്‍ഗീയതയ്ക്കെതിരേ മതനേതാക്കള്‍ ഒരുമിച്ചു പൊരുതണമെന്ന് നൈജീരിയായിലെ മെത്രാപ്പോലിത്താ


13 മാര്‍ച്ച് 2012, ജോസ്
നൈജീരിയായില്‍ അരങ്ങേറുന്ന വര്‍ഗീയാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ മതനേതാക്കള്‍ ഒരുമിച്ചു പരിശ്രമിക്കണമെന്ന് അന്നാട്ടിലെ ജോസ് അതിരൂപതാധ്യക്ഷന്‍ ഇഗ്നാത്തിയോസ് കയിഗ്മ. പന്ത്രണ്ടാം തിയതി തിങ്കളാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ഇപ്രകാരം പ്രസ്താവിച്ചത്.
നൈജീരിയായിലെ ജോസ് നഗരത്തില്‍ മാര്‍ച്ചു പതിനൊന്നാം തിയതി ഞായറാഴ്ച കത്തോലിക്കാ ദേവാലയത്തിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനു പുറമേ, ജോസ് നഗരത്തിനു സമീപത്തുള്ള ഒരു ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ മൂന്നു ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.
അക്രമം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കുമ‍െന്ന് താന്‍ പ്രതീക്ഷിക്കുന്നതായി ആര്‍ച്ചുബിഷപ്പ് കയിഗ്മ പറഞ്ഞു. പൗരസുരക്ഷയ്ക്കായി ഭരണാധികാരികളും സുരക്ഷാ വിഭാഗവും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തില്‍ രോഷാകുലരായ ക്രൈസ്തവ യുവജനങ്ങളെ ശാന്തരാക്കുവാന്‍ താന്‍ പ്രയത്നിക്കുയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.








All the contents on this site are copyrighted ©.