2012-03-12 17:38:08

സന്ന്യസ്ത നവീകരണം സഭൈക്യ സംരംഭങ്ങള്‍ക്കു മാതൃക : ആര്‍ച്ചുബിഷപ്പ് റോവന്‍ വില്ലൃംസ്


12 മാര്‍ച്ച് 2012, റോം
കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നടന്ന ആശ്രമ ജീവിത നവീകരണങ്ങള്‍ സഭൈക്യസംരഭങ്ങ‌ള്‍ക്കു മാതൃകയാക്കാവുന്നതാണെന്ന് കാന്‍റര്‍ബറി ആര്‍ച്ചുബിഷപ്പ് റോവന്‍ വില്ലൃംസ്. മാര്‍ച്ചു പതിനൊന്നാം തിയതി ഞായറാഴ്ച റോമിലെ സാന്‍ ഗ്രിഗോറിയോ അല്‍ ചേലി ആശ്രമദേവാലയത്തില്‍ നടന്ന ഒരു സമ്മേളനത്തില്‍ ‘സന്ന്യസ്താശ്രമജീവിതവും സഭൈക്യവും’ എന്ന പ്രമേയത്തെ ആധാരമാക്കി സംസാരിക്കുകയായിരുന്നു ആംഗ്ലിക്കന്‍ സഭാകൂട്ടായ്മയുടെ പരമാധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് റോവന്‍ വില്ലൃംസ്. സന്ന്യസ്താശ്രമ ജീവിതം നല്‍കുന്ന സാക്ഷൃം ക്രൈസ്തവര്‍ക്കിടയിലുള്ള വിഭജനങ്ങള്‍ മറികടക്കാന്‍ സഹായകരമായ ഒരു മാതൃകയാണെന്ന് ആര്‍ച്ചുബിഷപ്പ് റോവന്‍ വില്ലൃംസ് അഭിപ്രായപ്പെട്ടു. ആശ്രമജീവിതത്തിന്‍റെ ഇരു തലങ്ങള്‍ വൈരുധ്യാത്മകമാണന്നു പ്രത്യക്ഷത്തില്‍ തോന്നിയേക്കാം. കാരണം, സന്ന്യാസജീവിതം ഏകാന്തതയിലേക്കുള്ള ക്ഷണമാണ്, എന്നാല്‍ അതോടൊപ്പം പരസേവനത്തിനായി കൂട്ടായ്മയിലുള്ള ജീവിതത്തിലേക്കുളള ക്ഷണവുമാണത്. വിഘടിച്ചു നിന്നിരുന്ന സന്ന്യസ്ത സമൂഹങ്ങള്‍ സഹോദര സമൂഹങ്ങളോടു അനുരജ്ഞനപ്പെട്ടുകൊണ്ട് നവീകരണത്തിന്‍റെ പാതയില്‍ മുന്നേറുന്നത് സഭൈക്യസംരംഭങ്ങളിലും മാതൃകയാക്കാവുന്നതാണെന്ന് ആര്‍ച്ചുബിഷപ്പ് റോവന്‍ വില്ലൃംസ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.