2012-03-12 17:38:44

അനുദിന കുടുംബപ്രാര്‍ത്ഥനയ്ക്കായി നിയുക്ത ആര്‍ച്ചുബിഷപ്പ് ഭരണികുളങ്ങരയുടെ ആഹ്വാനം


12 മാര്‍ച്ച് 2012, കൊച്ചി
അനുദിന കുടുംബപ്രാര്‍ത്ഥന സ്നേഹത്തിന്‍റേയും വിശ്വാസത്തിന്‍റേയും ഈറ്റില്ലങ്ങളായി കുടുംബങ്ങളെ മാറ്റുമെന്ന് നിയുക്ത ആര്‍ച്ചുബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. ഫരീദാബാദ് രൂപതയുടെ പ്രഥമ മെത്രാനായ നിയുക്ത ആര്‍ച്ചുബിഷപ്പ് ഭരണികുളങ്ങര ഡല്‍ഹിയില്‍ നടന്ന ഒരു സ്വീകരണയോഗത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. യുവതലമുറയ്ക്ക് മികച്ച പരിശീലനം നല്‍കികൊണ്ട് നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ താന്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നിയുക്ത ആര്‍ച്ചുബിഷപ്പിന്‍റെ മെത്രാഭിഷേകചടങ്ങ് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മെയ് 26 ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കുമെന്ന് ഡല്‍ഹിയിലെ സീറോ മലബാര്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ.ജോസ് ഇടശ്ശേരി അറിയിച്ചു. മെയ് ഇരുപത്തിയേഴാം തിയതി ഞായറാഴ്ച പുതിയ ആര്‍ച്ചുബിഷപ്പ് ഫരീദാബാദ് രൂപതാ ആസ്ഥാനമായ ക്രിസ്തുരാജ കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പിക്കും.
പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധികള്‍, ദേശീയ കത്തോലിക്കാമെത്രാന്‍സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ പരിശുദ്ധ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് സാല്‍വത്തോരെ പെനാക്യോ, കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ, ഡല്‍ഹി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് കോണ്‍സസാവോ എന്നിവരും സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര റീത്തുകളിലെ മെത്രാപ്പോലിത്താമാരും മെത്രാന്‍മാരും വൈദീകരും സന്ന്യസ്തരും അല്‍മായരും ചടങ്ങില്‍ പങ്കെടുക്കുമെന്നും അദേഹം വ്യക്തമാക്കി.








All the contents on this site are copyrighted ©.