2012-03-10 17:42:50

സുവിശേഷപരിചിന്തനം
11 മാര്‍ച്ച് 2012 – ലത്തീന്‍ റീത്ത്
തപസ്സിലെ മൂന്നാം ഞായര്‍


RealAudioMP3
വി. യോഹന്നാന്‍ 2, 13-25
ക്രിസ്തു ജരൂസലേം ദേവാലയത്തില്‍

ചരിത്രത്തിലെ ക്രിസ്തുവിനെ അനേകം കലാകാരന്മാരും സംവിധായരും ചിത്രീകരിച്ചിട്ടുണ്ട്. പാവുളോ പസ്സൊളീനിയുടേയും ഫ്രാങ്കോ സെഫിറേല്ലിയുടേയും മെല്‍ ഗിബ്സന്‍റേയും ചിത്രങ്ങളിലെ ക്രിസ്തു കാണികളുടെ ഹൃദയം കവര്‍ന്നിട്ടുള്ളതാണ്. എന്തിന് കേരളത്തില്‍
പി.ജെ. തോമസിന്‍റെ മിശിഹാചരിത്രവും, ഫാദര്‍ ക്രിസ്റ്റഫര്‍ കൊയിലോയുടെ കരുണാമയനുമെല്ലാം ക്രിസ്തുവിന്‍റെ ശാന്തപ്രശാന്തമായ മുഖപ്രസാദംകൊണ്ട് മനുഷ്യഹൃദയങ്ങളെ ത്രസിപ്പിച്ചിട്ടുള്ളതാണ്. ഇന്ത്യയിലെ 11 ഭാഷകളില്‍ ഡബ്ചെയ്തിട്ടുള്ള കരുണാമയന്‍ എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകന്‍ എന്‍റെ സുഹൃത്ത്, അന്തരിച്ച ഫ്രാന്‍സിസ്ക്കന്‍ വൈദികനും കലാകാരനുമായ, ക്രിസ്റ്റഫറ്‍ കൊയിലോ എന്നോട് ഒരിക്കല്‍ സംഭവം ഓര്‍മ്മ വരികയാണ്.
ശാന്തനും മനുഷ്യസ്നേഹിയുമായിരുന്ന ഡി. ചന്ദ്രന് ക്രിസ്തുവിനെ വളരെ സ്വാഭാവികമായി അവതരിപ്പിക്കാന്‍ സാധിച്ചു. സ്വഭാവത്തോടൊപ്പം ഇണങ്ങുന്ന ആകാരവും ഉയരവും ഗാംഭീര്യമുള്ള ശബ്ദവും കൊയിലോയുടെ ക്രിസ്തുവിന് മാറ്റുകൂട്ടി. പടത്തിന്‍റെ നിര്‍മ്മാണം പുരോഗമിച്ച് കുരിശുമരണം എത്തിയപ്പോള്‍ ചന്ദ്രന്‍ ഫാദര്‍ കൊയിലോയോട് പറഞ്ഞു, പടത്തിന്‍റെ വിജയത്തിന് സഹായകമാകുമെങ്കില്‍ കുരിശിലെ രംഗചിത്രീകരണത്തില്‍ തന്‍റെ കൈകളില്‍ യാഥാര്‍ത്ഥത്തില്‍ ആണികള്‍ അടിച്ചുകയറ്റുന്നതിന് സമ്മതമാണെന്ന്.
ചന്ദ്രന്‍റെ ആത്മാര്‍ത്ഥതയും ആവേശവും കണ്ട് അന്നുതന്നെ അവര്‍ ഓര്‍ത്തോ ഡോക്ടറുമായി ആലോചിച്ചു. കൈയ്പ്പത്തിയിലെ എല്ലുകള്‍ക്ക് പരിക്കേല്‍പ്പിക്കാതെ ആണി അടിച്ചു കയറ്റാം, എന്നായിരുന്നു ഡോക്ടറിന്‍റെ അഭിപ്രായം. പക്ഷെ താക്കീതു നല്കി. നിര്‍മ്മാണ രംഗത്തുവച്ച് ആണിയടിക്കുന്ന ഭടന് പാളിച്ച വന്നാല്‍ ഒരിക്കലും ശരിയാക്കാനാവാത്ത വിധം കൈപ്പത്തി തകര്‍ന്നു പോകാന്‍ സാദ്ധ്യതയുണ്ടെന്ന്. അങ്ങനെ ഫാദര്‍ കൊയിലോയുടെ നിര്‍ബന്ധപ്രകാരം ക്രിസ്തുവായ ചന്ദ്രന്‍ കുരിശാരോഹണത്തിന്‍റെ വികാര നിര്‍ഭരമായ യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന്, സിനിമയുടെ ആവിഷ്കൃത യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് പിന്‍തിരിയേണ്ടി വന്നു.

ക്രിസ്തുവിന്‍റെ മുഖം എപ്പോഴും നമ്മുടെ മനസ്സില്‍ തെളിയുന്നത് ശാന്തിയുടേയും സ്നേഹത്തിന്‍റേയും കാരുണ്യത്തിന്‍റേയും മൂര്‍ത്തീ ഭാവമായിട്ടാണ്. എന്നാല്‍ ഇന്നത്തെ സുവിശേഷഭാഗത്ത് യോഹന്നാന്‍ ജരൂസലേം ദേവാലയത്തില്‍വച്ചുള്ള ക്രിസ്തുവിന്‍റെ രൗദ്രഭാവം പകര്‍ത്തിയിരിക്കുന്നു. ആരെയും ഉപദ്രവിക്കാതെയുള്ള ദേവാലയ ശുദ്ധീകരണ പ്രക്രിയയായിരുന്നു അതെങ്കിലും, തിന്യ്ക്കെതിരായ കാര്‍ക്കശ്യത്തിന്‍റെയും അധികാരത്തിന്‍റെയും ദ്വേഷ്യം ശക്തമായി അവിടെ പ്രതിഫലിക്കുന്നു (യോഹന്നാന്‍ 2, 13 മുതല്‍).
തന്‍റെ പിതാവിന്‍റെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ അവിടുന്ന് എരിഞ്ഞു, എന്നാ സങ്കീര്‍ത്തകന്‍റെ വാക്കുകളാണ് യോഹന്നാന്‍ രംഗചിത്രീകരണത്തില്‍ കോറിയിരിക്കുന്നത്. (സങ്കീര്‍ത്തനം 119, 139).

അവിടുന്ന് നാണയ മാറ്റക്കാരുടെ മേശകള്‍ തട്ടിമറിക്കുകയും, ആടുമാടുകളേയും പ്രാവുകളെയും കാളക്കുട്ടികളേയും വിറ്റിരുന്നവരെ ആട്ടി ഓടിക്കുകയും ചെയ്തു. യഹൂദപ്രമാണികളുടെ വളരെ കരുത്താര്‍ന്ന താവളത്തിലാണ് ക്രിസ്തു ശുദ്ധികലയം നടത്തുന്നത് എന്നോര്‍ക്കണം. യോഹന്നാന്‍റെ രചനയ്ക്ക് പതിവുപോലെ അര്‍ത്ഥവും വ്യാംഗ്യാര്‍ത്ഥവും, അല്ലെങ്കില്‍ ദ്വയാര്‍ത്ഥവുമുണ്ട്. ആദ്യമായി രംഗത്തിന്‍റെ യഥാര്‍ത്ഥമായ രംഗാവിഷ്ക്കാരമാണ് യോഹന്നാന്‍ കുറിക്കുന്നതെങ്കിലും, രണ്ടാമത്തേത് സംഭവത്തിന്‍റെ അദൃശ്യവും ആന്തരികവുമായി വ്യാഖ്യാനമാണ്.
യഹൂദരെ സംബന്ഥിച്ചിടത്തോളം ഏകദൈവത്തിലുള്ള വിശ്വാസത്തിനൊപ്പം എല്ലാത്തലത്തിലും മതാത്മക ജീവിതത്തിന്‍റെ കേന്ദ്രമായിരുന്നു ജരൂസലേം ദേവാലയം. ഇന്നത്തെ ആദ്യ വായന സൂചിപ്പിക്കുന്നതുപോലെ, 10 കല്പനകള്‍ ഉള്‍ക്കൊള്ളുന്ന വാഗ്ദത്ത പേടകം അവിടെയാണ് സൂക്ഷിച്ചിരുന്നത്. ദൈവത്തിന്‍റെ സജീവ സാന്നിദ്ധ്യത്തിന്‍റെ പ്രതീകം അവര്‍ക്ക് ദൈവാലയം ആയിരുന്നു. എന്നാല്‍ ജരൂസലേം ദേവാലയത്തില്‍ ക്രിസ്തു അന്ന് പ്രവേശിച്ചപ്പോള്‍ പേടകത്തില്‍ കുടികൊള്ളുന്ന മനുഷ്യരെ ദൈവത്തിങ്കലേയ്ക്കു നയിക്കേണ്ട പത്തു കല്പനകളുടെ അരൂപിയും ചൈതന്യവും അവിടുന്ന് അവിടെ കണ്ടില്ല. ഈ ഭൂമിയില്‍ തന്‍റെ സഹോദരങ്ങളോടൊപ്പം ജീവിച്ച ക്രിസതുവിന് മറ്റേതു യഹൂദനെപ്പോലെയും ദേവാലയത്തെക്കുറിച്ചുള്ള മതാത്മക വകാരവും സങ്കല്പവും തീര്‍ച്ചയായും ഉണ്ടായിരുന്നിരിക്കണം എന്നു വേണം മനസ്സിലാക്കുവാന്‍. എന്നാല്‍ അവിടെ കണ്ടത് കച്ചവടത്തിന്‍റെയും കമ്പോളവത്ക്കരണത്തിന്‍റെയും ബഹളമായിരുന്നു.

പിതാവിന്‍റെ ആലയം ഇതാ, അവര്‍ കച്ചവടകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു (യോഹന്നാന്‍. 2, 17.), എന്നാണ് ക്രിസ്തു വിളിച്ചു പറഞ്ഞത്. ബലിയാടുകള്‍ക്ക് കറയുണ്ടാകാന്‍ പാടില്ല എന്ന പേരില്‍ ദേവാലയാധികൃതര്‍ പാവം മനുഷ്യര്‍ തങ്ങളുടെ വീടുകളില്‍നിന്നു കൊണ്ടുവരുന്നിരുന്ന വളര്‍ത്താടുകളെയും കാളക്കുട്ടികളെയും പ്രാവുകളെയും തിരസ്ക്കരിക്കുകയും ദൈവാലയത്തില്‍ വില്ക്കുന്ന മൃഗങ്ങളെയും പക്ഷികളെയും വാങ്ങുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. മാത്രമല്ല അവയെ വാങ്ങാന്‍ നിലവിലുള്ള റോമന്‍ നാണയങ്ങള്‍ ഉപയോഗിക്കാനും പാടില്ലായിരുന്നു. പകരം ദേവാലയ നാണയങ്ങള്‍ മാറി അവയെ വാങ്ങണമായിരുന്നു. ഈ നാണയ മാറ്റത്തില്‍ മാറ്റക്കൂലിയായി പാവങ്ങള്‍ക്ക് കുറെ പണനഷ്ടവും സഹിക്കേണ്ടിയിരുന്നു.




ചുരുക്കത്തില്‍ ദൈവിക സാന്നിദ്ധ്യത്തിന്‍റെ ആലയത്തില്‍ ദൈവകല്പനകള്‍ ലംഘിക്കപ്പെടുകയും നിഷിദ്ധമായ ക്രയവിക്രയങ്ങള്‍ക്കുള്ള വേദിയായി അതു മാറുകയും ചെയ്തത്, ക്രിസ്തുവിനെ ദുഃഖിതനാക്കിയത്.. അധര്‍മ്മം ഹൃദയത്തില്‍ ഉയര്‍ത്തിയ അതീവ ദുഃഖമാണ് അവിടുത്തെ കുപിതനാക്കിയത് എന്നുവേണം അനുമാനിക്കുവാന്‍. യഹൂദപ്രമാണികളുടെ വെല്ലുവിളികള്‍ ഉടനെതന്നെ ക്രിസ്തുവിന് നേരിടേണ്ടി വരുന്നുണ്ട്. എന്തധികാരത്തോടയാണ് നിങ്ങള്‍ ഇതെല്ലാം ചെയ്തത്, എന്നായിരുന്നു ചോദ്യം. ഈ രംഗ ചിത്രീകരണത്തിലാണ് യോഹന്നാന്‍ ക്രിസ്തുശാസ്ത്രത്തിന്‍റെ അഗാധ തലങ്ങളിലേയ്ക്ക കടക്കുന്നത്. ക്രിസ്തുതന്നെ ദേവാലയമാണ്, ദൈവത്തിന്‍റെ ആലയമാണ് അവിടുന്ന്. ദേവാലയം വെറും കല്‍ക്കൂമ്പാരമല്ല, മറിച്ച് ജീവിക്കുന്ന ദൈവത്തിന്‍റെ ആലയമാണ്. അത് മനുഷ്യനാണ്, വ്യക്തിയാണ്. ക്രിസ്തു ദൈവിക സാന്നിദ്ധ്യം മാത്രമല്ല, ദൈവം തന്നെയാണ്. ദൈവപുത്രനാണ്. ക്രിസ്തുവില്‍ ദൈവാരൂപിയുടെ പൂര്‍ണ്ണതയുണ്ട്. മനുഷ്യകരങ്ങളാല്‍ നിര്‍മ്മിതമായ കല്‍ക്കുമ്പാരങ്ങളുടെ ആലയങ്ങള്‍ ദൈവസാന്നിദ്ധ്യത്തിന്‍റെ സമ്പൂര്‍ണ്ണ രൂപം ആകണമെന്നില്ല, എന്നവിടുന്നു പഠിപ്പിക്കുന്നു.

ക്രിസ്തു സമറിയാക്കാരി സ്ത്രീയോടു പറഞ്ഞത്, “ഈ മലയിലോ, ആ മലയിലോ ജരൂസലേമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം ഇതാ വരുന്നു.... യാഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, വന്നു കഴിഞ്ഞു,” എന്നാണ് (യോഹന്നാന്‍ 4, 20-23). ക്രിസ്തു തന്‍റെ ജീവിതത്തില്‍ വെളിപ്പെടുത്തി തരുന്നത് സ്നേഹ സമ്പന്നനായ പിതാവും മാതാവുമായ ദൈവത്തിന്‍റെ രൂപമാണ്. മൃഗബലിയിലോ സാബത്തനുഷ്ഠാനത്തിലോ പൂജ-കര്‍മ്മാദികളിലോ അവിടുന്നു തല്പരനായിരുന്നില്ല. ദൈവിക ജീവന്‍റെ ലാളിത്യവും ലാഖവത്വവുമാണ്
നാം ക്രിസ്തുവില്‍ കാണുന്നത്.

സ്വന്തം സഹോദരങ്ങളെ സ്നേഹിച്ചുകൊണ്ട് അനുദിനം ജീവിക്കുന്നിടത്തോളം ലളിതമായി ക്രിസ്തു കാണിച്ചു തരുന്ന ദൈവസ്നേഹത്തിന്‍റെ പാത. ഉത്ഥിതനായ ക്രിസ്തുവിന്‍റെ ആത്മചൈതന്യത്താല്‍ നിറഞ്ഞ്, മനുഷ്യരെ ദൈവിക ഐക്യത്തിലേയ്ക്ക് ക്ഷണിക്കുന്ന ആലയങ്ങളാണോ നമ്മുടെ ദേവാലയങ്ങള്‍ എന്ന് പരിശേധിക്കേണ്ടതാണ്.
പച്ചയായ ആത്മീയതയാണ് ക്രിസ്തു ലോകത്തിനു കൈമാറിയത്. ദേവാലയത്തിലെ വാണിജ്യ മേശകള്‍പോലെ അവിടുന്നു തകിടം മറിച്ചത്, അന്നോളമുണ്ടായിരുന്ന, ചിലപ്പോള്‍ നമ്മിലും ഇന്നു നടമാടുന്ന പൊള്ളയായ ആത്മീയ സങ്കല്പനങ്ങളെയാണ്. ദൈവത്തോട് അടുക്കുവാന്‍ ജീവിതത്തിന്‍റെ സാധാരണ തത്വങ്ങളെ വീണ്ടെടുക്കുക, എന്ന പാഠം ക്രിസ്തു പകര്‍ന്നു തരുന്നു.

മണവാളന്‍ കൂടെയുള്ളപ്പോള്‍ എന്തിന് ഉപവസിക്കണം. ഉപവസിച്ചാല്‍പ്പോലും അവ പുറത്തു കാണാത്തവിധം, പൊള്ളയാവാത്തവിധം പ്രസാദാത്മക ഭാവങ്ങള്‍കൊണ്ട് ഒളിപ്പിക്കണം എന്നുപോലും അവിടുന്ന് കരുതുന്നുണ്ട്. അസാധാരണമായ ആര്‍ഭാടങ്ങളിലും ആചാരങ്ങളിലും ആലയങ്ങളിലും മാത്രം ജീവിക്കുന്നതാണ് ആത്മീയതയെന്ന് കരുതിപ്പോയിട്ടുണ്ടെങ്കില്‍ അതു ശരിയല്ല, എന്ന് ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ അവിടുന്നു നമ്മെ ഓര്‍പ്പിക്കുന്നു.
പൊടിപ്പും തൊങ്ങലുകളുമില്ലാത്ത ഒരാത്മീയതയിലേയ്ക്ക് ക്രിസ്തു
ഈ തപസ്സില്‍ നമ്മെ ക്ഷണിക്കുന്നു. ഗുരുവിന്‍റെ പാഠങ്ങള്‍ സരളമാണ്, അത് സുവിശേഷമാണ്. വ്യാഖ്യാനിച്ച് വേണമെങ്കില്‍ നമുക്ക് അവയെ സങ്കീര്‍ണ്ണമാക്കാമെന്നു മാത്രം. കാലത്തിനു മായിച്ചുകളയാനാവാത്തവിധം ആര്‍ദ്രമായ ഓര്‍മ്മയായി ക്രിസ്തുവും അവിടുത്തെ സുവിശേഷവും ഇന്നും ജീവിക്കുന്നു.

ജരൂസലേം ദേവാലയത്തോടും ദേവാലയാധികാരികളോടും ക്രിസ്തു
മമത പുലര്‍ത്തിയില്ല. എന്നാല്‍ ലളിതമായ സിനഗോഗു ശുശ്രൂഷകളില്‍ അവിടുന്നു കൃത്യമായി പങ്കെടുക്കുകയും ചെയ്തു. പൊള്ളയായ ആചാരങ്ങളും കച്ചവട മനസ്ഥിതിയുമുള്ള ദേവാലയങ്ങള്‍ ക്രിസ്തു വികേന്ദ്രീകരിക്കുന്നു, എന്നാണ് ഈ സുവിശേഷ സംഭവം നമ്മെ പഠിപ്പിക്കുന്നത്. ക്രിസ്തു പൂര്‍ത്തീകരിക്കാന്‍ പോകുന്ന സ്വര്‍ഗ്ഗീയ ജരൂസലേം അവിടുന്നു ഇവിടെ പ്രഖ്യാപിക്കുകയാണ്. “നഗരത്തില്‍ ഞാന്‍ ദേവാലയം കണ്ടില്ല, എന്തെന്നാല്‍ സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവും കുഞ്ഞാടും ആയിരുന്നു അതിലെ ദേവാലയം” (വെളിപാട് 21, 22).

ജരൂസലേം ദേവാലയത്തെ ശുദ്ധീകരിക്കാന്‍ ചാട്ടവാറെടുത്ത ക്രിസ്തു, ഇസ്രായേലിന്‍റെ മൊത്തം നവീകരണമാണ് ആഗ്രഹിച്ചത്. ഭൂമിയില്‍ ക്രിസ്തുവിന്‍റെ തുടര്‍-സാന്നിദ്ധ്യമാണ് സഭ. മനുഷ്യാവതാരത്തോടെ ഭൂമിയില്‍ സമാരംഭിച്ച അവിടുത്തെ സ്നേഹസാന്നിദ്ധ്യം സമകാലീന മനുഷ്യന് അനുഭവവേദ്യമാംവിധം ഇന്ന് സഭ തുടരുകയാണ്. കാലം കാതോര്‍ത്ത ക്രി‍സ്തുവിന്‍റെ കാലൊച്ച, കാലാതീതമായി നിലകൊള്ളും. സഭ ഇന്നും പഠിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന എല്ലാ സത്യങ്ങളും ദൈവപുത്രനായ ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ളവയാണ്. ദൈവത്തെ മാറ്റി നിറുത്താന്‍ ശ്രമിക്കുന്ന ഇന്നത്തെ ആപേക്ഷികാ സിദ്ധാന്തത്തിന്‍റെയും ഭൗതികവാദത്തിന്‍റേയും സംസ്കാരത്തിലും, സഭയുടെ പ്രേഷിതസരണി ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് എന്നും മാനവരാശിയുടെ നന്മ കേന്ദ്രീകരിച്ച് മുന്നോട്ടു നീങ്ങുകതന്നെ ചെയ്യും. നവ ഇസ്രായേലാണ് സഭ. എന്നും ശുദ്ധീകരിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യേണ്ട ക്രിസ്തുവന്‍റെ നവജരൂസലേമാണ് സഭ.








All the contents on this site are copyrighted ©.