2012-03-06 17:10:17

ഗ്രാമീണ സ്ത്രീകളുടെ അവകാശങ്ങള്‍


06 മാര്‍ച്ച് 2012, ന്യൂയോര്‍ക്ക്
ഗ്രാമീണ സ്ത്രീകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നത് കുടുംബങ്ങളുടേയും സമൂഹത്തിന്‍റേയും വികസത്തിലേക്കു വഴിതെളിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷക സംഘം. ന്യൂയോര്‍ക്കില്‍ യു.എന്‍ സാമ്പത്തീക -സാമൂഹ്യ സമിതിയുടെ വനിതാ കമ്മീഷന്‍റെ (CSW)സമ്മേളനത്തില്‍ ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ച് ബിഷപ്പ് ചുള്ളിക്കാട്ടിനെ പ്രതിനിധീകരിച്ച ദിയാന വില്‍മാനാണ് ഇപ്രകാരം പ്രസ്താവിച്ചത്. ലോകജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന ഗ്രാമീണ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ദിയാന വില്‍മാന്‍ വിശദീകരിച്ചു. ദാരിദ്ര്യം, ശുദ്ധജല ദൗര്‍ലഭ്യം, ആരോഗ്യ പരിപാലനത്തിന്‍റെ അഭാവം, വൃത്തിഹീനമായ തൊഴില്‍ സാഹചര്യങ്ങള്‍, ദീര്‍ഘമായ തൊഴില്‍ സമയം, തുച്ഛമായ വേതനം, സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങളും വിവേചനവും എന്നിവ അവയില്‍ ചിലതു മാത്രമാണ്.
ഇത്തരം വെല്ലുവിളികള്‍ സ്ത്രീകളെയും അവര്‍ പരിചരിക്കുന്ന കുടുംബങ്ങളെയും ദോഷകരമായി ബാധിക്കുന്നു. സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് ഗ്രാമീണ സ്ത്രീകള്‍ക്ക്, അവര്‍ അര്‍ഹിക്കുന്ന ആദരവും അവരുടെ അവകാശങ്ങള്‍ക്ക് നിയമപരിരക്ഷയും നല്‍കിക്കൊണ്ട് തങ്ങള്‍ക്കു ചുറ്റുമുള്ള ലോകത്തെ മാറ്റാന്‍ അവരെ സഹായിക്കേണ്ടതുണ്ടെന്നും അതിനായി സ്ത്രീകളും പുരുഷന്‍മാരും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും ദിയാന വില്‍മാന്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.