2012-03-05 16:34:53

ബിഷപ്പ് സ്റ്റീഫന്‍ തിരുവിന് പതിനായിരങ്ങളുടെ ബാഷ്പാജ്ഞലി


05 മാര്‍ച്ച് 2012, ജാര്‍ഘണ്ട്
കാലം ചെയ്ത ബിഷപ്പ് സ്റ്റീഫന്‍ തിരുവിന്‍റെ അന്തിമോപചാര ചടങ്ങില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. മൂന്നാം തിയതി ശനിയാഴ്ചയാണ് ജാര്‍ഘണ്ഡിലെ കുന്തി രൂപതാധ്യക്ഷന്‍ ബിഷപ്പ് സ്റ്റീഫന്‍ തിരു നിര്യാതനായത്. ബിഷപ്പ് തിരുവിന്‍റെ മൃതസംസ്ക്കാര ചടങ്ങുകള്‍ നാലാം തിയതി ഞായറാഴ്ച വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു. റാഞ്ചി അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ മുഖ്യകാര്‍മ്മീകത്വം വഹിച്ച അന്തിമോപചാര ചടങ്ങുകളില്‍ പതിനൊന്നു മെത്രാന്‍മാരും അഞ്ഞൂറോളം വൈദികരും പങ്കെടുത്തു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അനുശോചന സന്ദേശം ചടങ്ങില്‍ വായിക്കപ്പെട്ടു.
രോഗഗ്രസ്തനായ ബിഷപ്പ് സ്റ്റീഫന്‍ തിരു കഠിനമായ ശാരീരിക വേദന അനുഭവിച്ചിരുന്നെങ്കിലും അതൊന്നും തന്‍റെ അജപാലനശുശ്രൂഷയെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് കര്‍ദ്ദിനാള്‍ ടോപ്പോ ചടങ്ങില്‍ അനുസ്മരിച്ചു.
കുന്തി സ്വദേശിയായ ബിഷപ്പ് സ്റ്റീഫന്‍ തിരു, 1969ലാണ് വൈദിക പട്ടം സ്വീകരിച്ചത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1986ല്‍ അദ്ദേഹത്തെ ദുംക്കാ രൂപതയുടെ മെത്രാനായി നിയമിച്ചു. തുടര്‍ന്ന്, 1995ല്‍ കുന്തി രൂപതയുടെ അദ്ധ്യക്ഷനായി ബിഷപ്പ് തിരു സ്ഥാനമേറ്റു.








All the contents on this site are copyrighted ©.