2012-03-05 16:34:34

ഇറാക്കില്‍ സമാധാനയജ്ഞവുമായി യുവജനങ്ങള്‍


05 മാര്‍ച്ച് 2012, കിര്‍ക്കുക്ക് – ഇറാക്ക്
ഇറാക്കില്‍ അഹിംസയും സമാധാനപൂര്‍ണ്ണമായ സഹജീവനവും ശക്തിപ്പെടുത്തുന്നതിനുവേണ്ടി പ്രയത്നിക്കുന്ന മുസ്ലീം – ക്രൈസ്തവ യുവജനങ്ങളുടെ മൂന്നാമതു സമ്മേളനം കിര്‍ക്കുക്കിലെ കല്‍ദായ കത്തോലിക്കാ കത്തീഡ്രലില്‍ നടന്നു. ഏകദൈവ വിശ്വാസം പുലര്‍ത്തുന്ന ഇസ്ലാംമതവും ക്രൈസ്തവ മതവും അഹിംസയിലും സമാധാനപൂര്‍ണ്ണമായ സഹജീവനത്തിലും വിശ്വസിക്കുന്ന മതങ്ങളാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത കിര്‍ക്കുക് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ലൂയിസ് സാക്കോ ചൂണ്ടിക്കാട്ടി. സഹജരോടുള്ള കടമകള്‍ ഏറ്റെടുത്തുകൊണ്ട് സംവാദത്തിന്‍റെ പാത തെളിക്കാന്‍ അദ്ദേഹം യുവജനങ്ങളെ ക്ഷണിച്ചു.
സമ്മേളനത്തില്‍ പ്രഭാഷണം നടത്തിയ ഇമാം ഷെയിക്ക് അഹമദ് അല്‍ അഹമ്മദ് അല്‍ അമിന്‍, അഹിംസയെക്കുറിച്ചു ഇസ്ലാം മതം നല്‍കുന്ന പ്രബോധനങ്ങളിലേക്കു യുവജനങ്ങളുടെ ശ്രദ്ധ തിരിച്ചു.

രാജ്യത്തിന്‍റെ ഭാവി വാഗ്ദാനങ്ങളായ യുവജനങ്ങള്‍ സംവാദത്തിന്‍റെ പാതയില്‍ മുന്നേറുന്നത് പ്രതീക്ഷാജനകമാണെന്ന് ഏഷ്യാ വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് സാക്കോ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.