2012-03-01 16:30:44

മനുഷ്യാവകാശം
സാമൂഹ്യ സീമകള്‍ക്ക്
അതീതം


1 മാര്‍ച്ച് 2012, ജനോവ
വ്യക്തികളുടെ അടിസ്ഥാന ധാര്‍മ്മിക സ്വാഭാവത്തില്‍ അധിഷ്ഠിതമാണ് മനുഷ്യാവകാശമെന്ന്, ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ്, ആഗ്ലിക്കന്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ തന്‍റെ പ്രബന്ധത്തില്‍ പ്രസ്താവിച്ചു. ഫെബ്രുവിരി 29-ാം തിയതി സ്വിറ്റ്സര്‍ലണ്ടിലെ ജനീവയിലുള്ള ആഗോള ക്രൈസ്തവ സഭകളുടെ world council of churhes-ന്‍റെ ആസ്ഥാനത്ത് അവതരിപ്പിച്ച ‘മനുഷ്യാവകാശവും മതവിശ്വാസവും’ എന്ന പ്രബന്ധത്തിലാണ് കാന്‍റെര്‍ബറി ആര്‍ച്ചുബിഷപ്പ് ഇപ്രകാരം പ്രസ്താവിച്ചത്. മനുഷ്യന്‍റെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിന് പ്രത്യാശയും ദിശാബോധവും നല്കിയ ധാര്‍മ്മികതയുടെ അതിരടയാളമായിരുന്നു 1948-ല്‍ ഐക്യരാഷ്ട്ര സംഘടയുടെ പൊതുസമ്മേളനം നടത്തിയ ചരിത്രപ്രാധാന്യമുള്ള ആഗോള മനുഷ്യാവകാശ പ്രഖ്യാപനമെന്ന് ആര്‍ച്ചുബിഷപ്പ് വില്യംസ് ആമുഖമായി പ്രസ്താവിച്ചു.
ദേശ-വര്‍ഗ്ഗ-വര്‍ണ്ണ-ലിംഗ വ്യത്യാസങ്ങള്‍ക്ക് അതീതമാണ് മനുഷ്യാവകാശമെന്നും, ഒരു രാഷ്ട്രീയ മിമാംസയ്ക്കും അവകാശപ്പെടുവാനോ സ്വാധീനിക്കുവാനോ ആവാത്തവിധം മനുഷ്യാസ്തിത്വത്തിന്‍റെ ശുദ്ധഭാവമാണ് അതെന്നും ആര്‍ച്ചുബിഷപ്പ് വില്യംസ് തന്‍റെ പ്രബന്ധത്തില്‍ പ്രസ്താവിച്ചു.

സാമൂഹ്യ-രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് അതീതനായ മനുഷ്യന്‍ സ്രാഷ്ടാവായ ദൈവത്തോട് സ്വതന്ത്രമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് മനുഷ്യാവകാശവും മതവിശ്വാസവും തമ്മിലുള്ള സ്ഥായിയായ ബന്ധത്തിനാധാരമെന്നും ആര്‍ച്ചുബിഷപ്പ് വില്യംസ് തന്‍റെ പ്രഭാഷണത്തില്‍ വ്യക്തമാക്കി. ദൈവം തന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യന്‍റെ വ്യക്തിപരമായ അവകാശങ്ങളെ നിഷേധിച്ചുകൊണ്ട് സാമൂഹ്യ സമത്വം അവകാശപ്പെടുന്ന ഭരണരീതിയും, അടിച്ചേല്പിക്കപ്പെടുന്ന സോഷ്യലിസ്റ്റു ചിന്താധാരകളും തെറ്റാണെന്നും ആര്‍ച്ചുബിഷപ്പ് തന്‍റെ പ്രഭാഷണത്തില്‍ സമര്‍ത്ഥിച്ചു. സോഷ്യലിസ്റ്റ് സോവിയറ്റ് റഷ്യയ്ക്കും നാസി ജര്‍മ്മനിക്കും സംഭവിച്ച വന്‍പാളിച്ചകള്‍ ചരിത്രത്തില്‍ മനുഷ്യാവകാശ ലംഘനത്തിന്‍റെ വേദനിപ്പിക്കുന്ന ചരിത്രസ്മരണകളായിട്ട് കവിയും പണ്ഡിതനുമായ ആര്‍ച്ചുബിഷപ്പ് വില്യംസ് ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.