2012-02-29 16:39:26

ജീവന്‍ പുലരേണ്ട ഏകവേദി
കുടുംബമാണെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


29 ഫെബ്രുവരി 2012, വത്തിക്കാന്‍
ജീവന്‍റെ പരിരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ 18-മത് സമ്മേളനത്തെ വത്തിക്കാനില്‍ അഭിസംബോധനചെയ്തുകൊണ്ട് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പാ നല്കിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു: വന്ധ്യത അനുഭവിക്കുന്ന ദമ്പതിമാരെ സഭ വളരെ കരുതലോടെയാണ് വീക്ഷിക്കുന്നത്. അവര്‍ക്കുവേണ്ടിയുള്ള ഗവേഷണങ്ങളെ സഭ പ്രോത്സഹിപ്പിക്കുന്നതിന്‍റെ ഭാഗമാണ് ജീവന്‍റെ പരിരക്ഷയ്ക്കായുള്ള പൊന്തിഫിക്കല്‍ അക്കാഡമി. വന്ധ്യതയെക്കുറിച്ച് പഠിക്കുന്നതിന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും വൈദ്യശാസ്ത്രത്തിന്‍റെയും ശാസ്ത്രീയ ഗവേഷണങ്ങളുടെയും ദൈവശാസ്ത്രത്തിന്‍റെയും തത്വശാസ്ത്രത്തിന്‍റെയും മേഖലയകളില്‍നിന്നും വിദഗ്ദ്ധരായിട്ടുള്ളവരെ സംഘടിപ്പിച്ച്, വന്ധ്യത എങ്ങിനെ പരിശോധിക്കണമെന്നും ചികിത്സിക്കണമെന്നും, ദമ്പതികളുടെ ജീവിതത്തില്‍ അതുണര്‍ത്തുന്ന പ്രത്യാഘാതങ്ങള്‍ എന്തെല്ലാമെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞ ഏതാനുംവര്‍ഷങ്ങളായി പൊന്തിഫിക്കല്‍ അക്കാഡമി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

പ്രജനനപ്രക്രിയയുടെ ഫലത്തില്‍ എന്നതിനെക്കാള്‍ ദമ്പതികളുടെ ആത്മീയമായ സ്നേഹത്തിന്‍റേയും പരസ്പര ഐക്യത്തിന്‍റേയും പ്രതീകമായ പ്രജനനപ്രകൃയയില്‍ത്തന്നെയാണ് മാനുഷികവും ക്രിസ്തീയവുമായ അന്തസ്സ് അടിങ്ങിയിരിക്കുന്നത് എന്ന് സഭ വിശ്വസിക്കുന്നു. ഉത്തരവാദിത്വപരമായ പ്രത്യുല്പാദന മാര്‍ഗ്ഗങ്ങളിലൂടെ വന്ധ്യത അകറ്റി ഉല്പാദനശേഷി പുനരാര്‍ജ്ജിക്കുന്നര്‍ പ്രപഞ്ചസ്രാഷ്ടാവായ ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കുചേരുകയാണ്. വന്ധ്യതയുടെ പരിശോധനക്രമങ്ങളും ചികിത്സാവിധികളും ശാസ്ത്രീയമായി ശരിയായിരക്കുമ്പോള്‍തന്നെ അതില്‍ അടങ്ങിയിരിക്കുന്ന സമഗ്രമായ മാനവികതയും ധാര്‍മ്മികതയും മാനിക്കേണ്ടതാണ്.

സ്ത്രീയും പുരുഷനും ഒത്തുചേരുന്ന ജീവന്‍റേയും സ്നേഹത്തിന്‍റേയും കൂദാശയും കൂട്ടായ്മയുമായ വിവാഹമാണ് അല്ലെങ്കില്‍ കുടുംബമാണ് ദൈവികദാനമായ മനുഷ്യജീവന് അസ്തിത്വം നല്കാവുന്ന ഏകവേദി എന്നത് സഭയുടെ അടിസ്ഥാനപരവും സ്ഥായിയുമായ കാഴ്ചപ്പാടാണ്. എന്നാല്‍
വൈദ്യശാസ്ത്രം പലപ്പോഴും പരാജയപ്പെടുന്ന വന്ധ്യതയുടെ മേഖലയില്‍ മോഹന വാഗ്ദാനങ്ങളുമായി കടന്നുവരുന്ന ആധുനിക സാങ്കേതികത നല്കുന്ന കൃത്രിമബീജസങ്കലനത്തിന്‍റെ ശാസ്ത്രീയ രീതിയുടെയും അതിന്‍റെ സാമ്പത്തിക നേട്ടത്തിന്‍റെ യുക്തിയുമാണ് ഇന്ന് മുന്‍പന്തിയില്‍ നില്ക്കുന്നത്. ഇത് ഒരു പരിധിവരെ വന്ധ്യതയെക്കുറിച്ചുള്ള ഇതര ശാസ്ത്രീയ ഗവേഷണങ്ങളെ തളര്‍ത്തുന്നുമുണ്ട്. ദാമ്പത്ത്യബന്ധത്തിന്‍റെ ശ്രേഷ്ഠമായ നന്മലക്ഷൃംവച്ചുകൊണ്ടുള്ള ജീവനെ സംബന്ധിക്കുന്ന ഗവേഷണങ്ങള്‍ പ്രായോഗിക ഫലപ്രാപ്തിയെക്കാള്‍ ബൗദ്ധികമായ സത്യാന്വേഷണത്തിന്‍റെ പാതയില്‍ പുരോഗമിക്കേണ്ടതാണ്.

വന്ധ്യതയനുഭവിക്കുന്ന ദമ്പതികള്‍ അവരുടെ ദാമ്പത്യം തരംതാഴ്ന്നതാണെന്ന് ചിന്തിക്കരുത്. മാമോദീസയിലൂടെയും വിവാഹത്തിലൂടെയും അവര്‍ ദൈവത്തിന്‍റെ നവമായ സൃഷ്ടിയുടെ ഭാഗമാകാന്‍ വിളിക്കപ്പെട്ടവരാണ്. ശാരീരികമായ ജൈവവൈകല്യങ്ങള്‍ക്കോ പരിമിതികള്‍ക്കോ തടസ്സപ്പെടുത്താനാവാത്തവിധം പരസ്പരം സമര്‍പ്പിക്കുന്ന സ്നേഹത്തിന്‍റെ ദൈവവിളിയായി വിവാഹത്തെയും കുടുബജീവിതത്തെയും കാണേണ്ടതാണ്. ശാസ്ത്രത്തിന് ഇനിയും ഉത്തരം നല്കാനാവാത്ത മേഖലയില്‍ ക്രിസ്തുവിന്‍റെ ദിവ്യപ്രകാശം ഏവര്‍ക്കും മാര്‍ഗ്ഗദീപാമാവട്ടെ!.
ബൗദ്ധികമായ സത്യാന്വേഷണ പാതയില്‍ വിശ്വാസം വെളിച്ചംവീശട്ടെ! സത്യത്തിന്‍റെ പ്രഭ മങ്ങിപ്പോകാതരിക്കാന്‍ വൈദ്യശാസ്ത്രത്തിന്‍റേയും ശാസ്ത്രലോകത്തിന്‍റേയും പരിധികളില്‍ സത്യസന്ധതയോടെ മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിക്കുക എന്നത് ക്രൈസ്തവ ധര്‍മ്മമാണ്.
മാനുഷിക പരിശ്രമങ്ങളെ കൂടുതല്‍ ഫലവത്താക്കുവാനും, ലക്ഷൃത്തിലേയ്ക്ക് സുവ്യക്തമായി അടുക്കുവാനും വിശ്വാസം കരുത്തേകട്ടെ (Deus Caritas est n.28).

An extract from the Papal discourse given to the Assembly of the Pontifical Academy of Life on 25th February 2012 sedoc 0852








All the contents on this site are copyrighted ©.