2012-02-29 16:52:49

അഭയാര്‍ത്ഥികള്‍ക്ക്
അനുകൂലമായി
മനുഷ്യാവകാശ കോടതി


29 ഫെബ്രുവരി 2012, ബ്രസ്സെല്‍സ്
അഭയാര്‍ത്ഥികളായെത്തുന്നവരെ സ്വീകരിക്കുകയും അവരുടെ മനുഷ്യാന്തസ്സ് മാനിക്കുകയും വേണമെന്ന് യൂറോപ്പിന്‍റെ മനുഷ്യാവകാശ കോടതി പ്രസ്താവിച്ചു.
ജീവരക്ഷാര്‍ത്ഥം സൊമാലിയായില്‍നിന്നും ഇറ്റലിയുടെ തീരങ്ങളില്‍ കടല്‍മാര്‍ഗ്ഗമെത്തിയ 200-ലേറെ അഭയാര്‍ത്ഥികളെ തീരദേശസേന തിരിച്ചയച്ചതു സംബന്ധിച്ച കേസിന്‍റെ വിധിതീര്‍പ്പിലാണ് മനുഷ്യാവകാശത്തിനായുള്ള യൂറോപ്യന്‍ കോടതി ഫെബ്രുവരി 27-ാം തിയതി ഇറ്റലിക്കെതിരെ വിധി പ്രസ്താവിച്ചത്. കുടിയേറ്റക്കാരായെത്തുന്നവരുടെ സംഖ്യയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടെന്ന കാരണത്താല്‍പ്പോലും, യുദ്ധത്തിന്‍റേയും അഭ്യന്തര കലാപത്തിന്‍റേയും ദാരിദ്ര്യത്തിന്‍റേയും കെടുതികളില്‍നിന്നും സുരക്ഷയ്ക്കായി വികസിത രാജ്യങ്ങളിലെത്തുന്നവരെ രാഷ്ട്രങ്ങള്‍ തള്ളിക്കളയരുതെന്ന് കോടതി വിധികല്പിച്ചു. അഭയാര്‍ത്ഥികളോടു രാഷ്ട്രങ്ങള്‍ കാണിക്കേണ്ട അടിസ്ഥാന നയത്തിന്‍റെ നവമായൊരു വഴിത്തിരിവാണ് അന്തര്‍ദേശിയ മനുഷ്യാവകാശ കോടതിയുടെ ഈ വിധിതീര്‍പ്പെന്ന്, അഭയാര്‍ത്ഥികള്‍ക്കായി കേസില്‍ കക്ഷിചേര്‍ന്ന ആഗോള ക്രൈസ്തവ സഭകളുടെ കൗണ്‍സിലിന്‍റെ (World Council for Churches) WCC-യുടെ ജനറല്‍ സെക്രട്ടറി ഒലാവ് ഫിക്സേ ത്വയിത് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.