2012-02-28 15:45:21

ജൂണ്‍ 1 മുതല്‍ 3 വരെ മാര്‍പാപ്പ മിലാനില്‍


28 ഫെബ്രുവരി 2012, മിലാന്‍
ഏഴാമത് അന്തര്‍ദേശീയ കുടുംബസമ്മേളനത്തോടനുബന്ധിച്ച് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇറ്റാലിയന്‍ പട്ടണമായ മിലാനിലേക്കു നടത്തുന്ന അപ്പസ്തോലിക പര്യടനത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തിറക്കി. 2012 ജൂണ്‍മാസം ഒന്നാം തിയതി ആരംഭിക്കുന്ന ത്രിദിന പേപ്പല്‍ പര്യടനത്തിന്‍റെ വിശദാംശങ്ങള്‍ ഫെബ്രുവരി ഇരുപത്തിയെട്ടാം തിയതി ചൊവ്വാഴ്ച മിലാനില്‍ നടന്ന പത്രസമ്മേളനത്തില്‍ വച്ചാണ് പ്രകാശനം ചെയ്തത്. ജൂണ്‍ ഒന്നാം തിയതി വെള്ളിയാഴ്ച മിലാനിലെത്തുന്ന മാര്‍പാപ്പ അന്നു വൈകീട്ട് പട്ടണ ചത്വരത്തില്‍ നടക്കുന്ന പൊതുജനസമ്മേളനത്തിലും, മാര്‍പാപ്പയുടെ ബഹുമാനാര്‍ത്ഥം ഒരുക്കിയിരിക്കുന്ന സംഗീതവിരുന്നിലും പങ്കെടുക്കും. ജൂണ്‍ രണ്ടാം തിയതി ശനിയാഴ്ച മാര്‍പാപ്പ നയിക്കുന്ന പ്രഭാത പ്രാര്‍ത്ഥനയില്‍ നിരവധി വൈദീകരും സന്ന്യസ്തരും പങ്കെടുക്കും. തുടര്‍ന്ന് സാന്‍ സിറോ ചത്വരത്തില്‍ വച്ചു സ്ഥൈര്യലേപനാര്‍ത്ഥികളുമായി പാപ്പ കൂടിക്കാഴ്ച്ച നടത്തും. ശനിയാഴ്ച വൈകീട്ട് പട്ടണാധികാരികളുമായി ഔപചാരിക കൂടിക്കാഴ്ച്ച നടത്തുന്ന മാര്‍പാപ്പ, രാത്രി 10.30 ന് ബ്രെസ്സോ വിമാനത്താവളത്തില്‍ വച്ച് ആഗോള കുടുംബസമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതേ വിമാനത്താവളത്തില്‍ ജൂണ്‍ മൂന്നാം തിയതി ഞായറാഴ്ച അന്തര്‍ദേശീയ കുടുംബസമ്മേളനത്തിന്‍റെ സമാപന ദിവ്യബലിക്കു പാപ്പ മുഖ്യകാര്‍മ്മീകത്വവും വഹിക്കും. ഞായറാഴ്ച വൈകീട്ട് അഞ്ചര മണിയോടെ മാര്‍പാപ്പ മിലാനില്‍ നിന്നു വിടവാങ്ങും.








All the contents on this site are copyrighted ©.