2012-02-28 15:46:04

കത്തോലിക്കാ മതബോധനഗ്രന്ഥം ഉറുദു ഭാഷയില്‍


28 ഫെബ്രുവരി 2012, പാക്കിസ്ഥാന്‍
പാക്കിസ്ഥാനിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സമിതി ഉറുദു ഭാഷയിലുള്ള മതബോധനഗ്രന്ഥം പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് വത്തിക്കാന്‍ മുഖപത്രമായ ഒസ്സെര്‍വത്തോരെ റൊമാനോ വെളിപ്പെടുത്തി. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിന്‍റെ ആദ്യ രണ്ടു ഭാഗങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും. കത്തോലിക്കാ വിശ്വാസപ്രഖ്യാപനത്തെക്കുറിച്ചു വിശദീകരിക്കുന്ന ഒന്നാം ഭാഗത്തിന്‍റെയും ക്രിസ്തീയ രഹസ്യത്തിന്‍റെ ആഘോഷത്തെക്കുറിച്ചു പ്രതിപാദിക്കുന്ന രണ്ടാം ഭാഗത്തിന്‍റേയും വിവര്‍ത്തനവും സൂക്ഷ്മപരിശോധയും പൂര്‍ത്തിയായി കഴിഞ്ഞു. ക്രിസ്തുവിലുള്ള ജീവിതത്തെയും ക്രൈസ്തവ പ്രാര്‍ത്ഥനയേയും കുറിച്ചു പ്രതിപാദിക്കുന്ന മൂന്നും നാലും ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു ഏതാനും വര്‍ഷങ്ങള്‍കൂടി വേണ്ടിവരുമെന്നും വാര്‍ത്താറിപ്പോര്‍ട്ട് വ്യക്തമാക്കി. ഏകദേശം എട്ടുവര്‍ഷത്തെ പ്രയത്നത്തിന്‍റെ ഫലമായാണ് മതബോധനഗ്രന്ഥത്തിന്‍റെ ആദ്യ പകുതി ഉറുദു ഭാഷയില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്ന് വിവര്‍ത്തനത്തിനു സഹായിച്ച ഫാ. റോബര്‍ട്ട് മാക് കല്ലോക്കിനെ ഉദ്ധരിച്ചുകൊണ്ട് ഒസ്സെര്‍വത്തോരെ റൊമാനോ അറിയിച്ചു.








All the contents on this site are copyrighted ©.