2012-02-28 15:45:31

ആദിമ ക്രൈസ്തവരുടെ വിശ്വാസതീക്ഷണതയുള്ള സുവിശേഷപ്രഘോഷകരെ ആധുനികലോകത്തിനാവശ്യം – കര്‍ദിനാള്‍ വ്വെല്വ


28 ഫെബ്രുവരി 2012, വത്തിക്കാന്‍
ആദിമ ക്രൈസ്തവരുടെ വിശ്വാസതീക്ഷണതയുള്ള സുവിശേഷപ്രഘോഷകരെയാണ് ആധുനികലോകം തേടുന്നതെന്ന് കര്‍ദിനാള്‍ മാര്‍ക്ക് വ്വെല്വ. സ്പാനിഷ് രൂപതകള്‍ മാര്‍ച്ചുമാസം നാലാം തിയതി ഞായറാഴ്ച സ്പാനിഷ് ഭാഷ സംസാരിക്കുന്ന അമേരിക്കന്‍ രാജ്യങ്ങള്‍ക്കുവേണ്ടിയുള്ള (ഹിസ്പാനോഅമേരിക്ക) ദിനമായി ആചരിക്കുന്നതോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് മെത്രാന്‍മാര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റേയും ലാറ്റിനമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍റേയും അദ്ധ്യക്ഷനായ കര്‍ദിനാള്‍ വ്വെല്വ ഇപ്രകാരം പ്രസ്താവിച്ചത്. ക്രിസ്തുവിനെ ആനന്ദത്തോടെ സ്വീകരിച്ച്, ദൈവരാജ്യ പ്രഘോഷണത്തിനും കര്‍ത്താവിന്‍റെ സഭ ലോകത്തില്‍ സ്ഥാപിക്കുന്നതിനും വേണ്ടി സ്വജീവിതം സമര്‍പ്പിച്ച ആദിമ ക്രൈസ്തവരുടെ ജീവിതശൈലി അനുകരിക്കാന്‍ കര്‍ദിനാള്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.
സ്പെയിനും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ക്രൈസ്തവപാരമ്പര്യത്താല്‍ സമ്പന്നമായ രാജ്യങ്ങളാണ്. എങ്കിലും ഉപഭോഗസംസ്ക്കാരവും ആപേക്ഷികതാവാദവുമെല്ലാം കത്തോലിക്കാപാരമ്പര്യങ്ങള്‍ക്കു മങ്ങലേല്‍പ്പിക്കുന്ന അവസ്ഥ ഇവിടങ്ങളില്‍ സംജാതമായിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വിശ്വാസപ്രചരണം അടിയന്തരമായ ഒരു ദൗത്യമായി മാറിയിരിക്കുകയാണെന്ന് കര്‍ദിനാള്‍ വ്വെല്വ ചൂണ്ടിക്കാട്ടി. ഈ ദൗത്യനിര്‍വ്വഹണത്തിനായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സ്പെയിനിനും ഹിസ്പാനിക്ക് രാജ്യങ്ങള്‍ക്കും സാധിക്കട്ടെയെന്നും കര്‍ദിനാള്‍ ആശംസിച്ചു.








All the contents on this site are copyrighted ©.