2012-02-25 15:51:19

സുവിശേഷപരിചിന്തനം
26 ഫെബ്രുവരി 2012
മലങ്കര റീത്ത്


വിശുദ്ധ ലൂക്കായുടെ സുവിശേഷം 17, 11-19.
ക്രിസ്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്നു.
RealAudioMP3
കഥ പറയട്ടെ.
വാതിക്കല്‍ മുട്ടു കേട്ടു. നോക്കിയപ്പോള്‍ ചെറിയ ഒച്ചാണ്.
കലിവന്നിട്ട് ഞാന്‍ അതിനെ എടുത്തു വലിച്ച്... ദൂരെ എറിഞ്ഞു.

നാളുകള്‍ കഴിഞ്ഞു. ഒരു ദിവസം ആരോ വീടിന്‍റെ വാതിക്കല്‍ വന്നു മുട്ടി. ഞാന്‍ വാതില്‍ തുറന്നു.
ദാ, പഴയ ഒച്ചു തന്നെ. ഒരിക്കല്‍ വലിച്ചെറിഞ്ഞതാണ്.
പതുക്കെ പതുക്കെ ഇഴഞ്ഞ് ഇതാ, വീണ്ടുംവന്നിരിക്കുന്നു.
ഇഴഞ്ഞെത്താന്‍ നാളുകള്‍ വേണ്ടിവന്നെന്നു മാത്രം..
ഞാന്‍ അലറി, “നിനക്കെന്തിന്‍റെ കുഴപ്പമാണ്?”
“കുറെ നാളുകമുമ്പ് നിങ്ങെന്തിനാണ് എന്നെ എടുത്ത് വലിച്ചെറിഞ്ഞത്?”
എന്നായി ഒച്ചിന്‍റെ ചോദ്യം.
“ങാ, കൊള്ളാമല്ലോ, പ്രതികാരം ചോദിക്കാന്‍ നാളുകളുടെ നീണ്ട യാത്ര ചെയ്തെത്തിയതാണ്.!”

വിവാഹത്തിന്‍റെ ആദ്യ നാളില്‍ ബന്ധുക്കാരുടെ മുന്നില്‍ കൊച്ചാക്കിയതിന്‍റെ ഓര്‍മ്മ വിവാഹജൂബില കഴിഞ്ഞിട്ടും പ്രതികാരമായി ആഞ്ഞടിക്കുന്നു.
ഇന്ന്, ക്രിസ്തു നല്കുന്ന സൗഖ്യത്തിന്‍റെ ആന്തരിക ദര്‍ശനം ഉള്‍ക്കൊള്ളാന്‍ നമുക്കു പരിശ്രമിക്കാം.
.............................
പത്തു കുഷ്ഠരോഗികളെ ക്രിസ്തു അത്ഭുതകരമായി സുഖപ്പെടുത്തുന്ന
വലിയ സംഭവമാണ് ഇന്നത്തെ സുവിശേഷഭാഗം വിവരിക്കുന്നത്.
ജരൂസലേമിലേയ്ക്കുള്ള യാത്രയില്‍ ഈശോ സമറിയായ്ക്കും ഗലീലിയായ്ക്കും മദ്ധ്യേകൂടി കടന്നുപോവുകയായിരുന്നു. മാര്‍ഗ്ഗമദ്ധ്യേ 10 കുഷ്ഠരോഗികള്‍ അവിടുത്തെ കണ്ടു.
ദൂരെനിന്നുകൊണ്ട് അവര്‍ വിളിച്ചപേക്ഷിച്ചു.
“കര്‍ത്താവായ യേശുവേ, ഞ്ങ്ങളില്‍ കനിയേണമേ,” ലൂക്കാ 17, 13.

അവരുടെ യാചനകള്‍ക്ക് ക്രിസ്തു ഉടനെ നല്കിയ മറുപടി ശ്രദ്ധേയമാണ്.
“നിങ്ങള്‍ പോയി പുരോഹിതന്മാരെ കാണിക്കുവിന്‍.”

സൗഖ്യം നല്കുന്നതിനു മുന്‍പുള്ള പറച്ചിലിന് ആഴമായ അര്‍ത്ഥവും വ്യാപ്തിയുമുണ്ട്.
ദേവാലയത്തിലേയ്ക്ക് പോകുംവഴിതന്നെ അവര്‍ സുഖംപ്രാപിച്ചു.
ഭ്രഷ്ടുകല്പിച്ച അതേ സമൂഹത്തിന്‍റെ നേതാക്കളുടെ പക്കലേയ്ക്കാണ് സുഖ്പ്രാപ്തരായവരെ ക്രിസ്തു ആദ്യമായി പറഞ്ഞയക്കുന്നത്. 10 പേരും സൗഖ്യം പ്രാപിച്ചു. എന്നാല്‍ ഒരാള്‍ മാത്രം, വിജാതിയനായ സമറിയാക്കാരന്‍ മാത്രം വന്ന് ക്രിസ്തുവിനു നന്ദിയും പറഞ്ഞു.

ഭൂമിയുടെ പൂര്‍ണ്ണ സൗഖ്യമായിരുന്നിരിക്കണം ക്രിസ്തുവിന്‍റെ സ്വപ്നം. ക്രിസ്തു നല്കുന്ന സൗഖ്യം ശരീരവുമായി മാത്രം ബന്ധപ്പെട്ട ഒന്നായിരുന്നില്ല.
“കണ്ണുണ്ടായിട്ടും കാണാതിരിക്കുക, കാതുണ്ടായിട്ടും കേള്‍ക്കാതിരിക്കുക,” എന്നൊക്കെ പറയുമ്പോള്‍ അതിന് ആത്മീയമായ കാഴ്ചപ്പാടാണ്
ക്രിസ്തു നല്കുന്നതെന്ന് മനസ്സിലാക്കാം. ആന്തരിക ദര്‍ശനത്തെക്കുറിച്ചും, ആന്തരിക സൗഖ്യത്തെക്കുറിച്ചുമാണ് ക്രിസ്തു സംസാരിക്കുന്നത്.
തന്‍റെ സൗഖ്യദാനംകൊണ്ട് മനുഷ്യന്‍റെ എല്ലാ തലത്തിലും തരത്തിലുമുള്ള ശ്രേഷ്ഠതയും അന്തസ്സും വീണ്ടെടുക്കണം, എന്നതായിരുന്നിരിക്കണം ക്രിസ്തുവിന്‍റെ ലക്ഷൃം. അങ്ങനെ ക്രിസ്തു നല്കുന്ന രക്ഷ ബാഹ്യവും ഒപ്പം ആന്തരികവുമാണ്.

രോഗീ പരിചരണത്തിന് ആത്മാവിന്‍റേയും ശരീരത്തിന്‍റേയും ഇരുമാനങ്ങളുണ്ട്. അത് വളരെ തനിമയാര്‍ന്ന ക്രൈസ്തവ ദര്‍ശനംതന്നെയാണ്.
തന്‍റെ പരസ്യജീവിതകാലത്ത് അനേകരെ അത്ഭുതകരമായി സുഖപ്പെടുത്തിയ ക്രിസ്തു സൗഖ്യദാനത്തിന് മുന്നോടിയായി പാപമോചനം നല്കുന്നത് ശ്രദ്ധേയമാണ്. “നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു,” എന്നാണ് സൗഖ്യംപകരുന്ന ക്രിസ്തു എപ്പോഴും പറയുന്നത്.
ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ ശാരീരിക സൗഖ്യത്തിനും ആത്മീയ സൗഖ്യത്തിനും Salus - salutis ‘രക്ഷ’ എന്ന ലത്തീന്‍ വാക്കുതന്നെ ഉപയോഗിക്കുന്നത് ഒരു പരിധിവരെ ഈ കാഴ്ചപ്പാട് വ്യാക്തമാക്കുന്നുണ്ട്. സമൂഹത്തില്‍ രോഗങ്ങളാലും വാര്‍ദ്ധക്യത്താലും ഏകാന്തതയും പരിത്യക്താവസ്ഥയും അനുഭവിക്കുന്നവരെ ക്രൈസ്തവ വീക്ഷണത്തില്‍ സമീപിക്കുകയാണെങ്കില്‍ ശരീരത്തിനും ആത്മാവിനും ഉതകുന്ന സമഗ്രമായ സൗഖ്യദാനം നല്കാനാവും, എന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്.

ക്രിസ്തുവിന്‍റെ അടുക്കല്‍വന്ന രോഗികള്‍, “കര്‍ത്താവേ, അങ്ങ് ഒരു വാക്കു പറഞ്ഞാല്‍ മതി, ഞങ്ങള്‍ ശുദ്ധരാകും,” എന്നൊക്കെ പറഞ്ഞിട്ടും ഈശോ അവരെ തൊട്ടു സുഖപ്പെടുത്തിയെന്ന് നാം വായിക്കുന്നു. ക്രിസ്തുവിന്‍റെ സ്പര്‍ശം സൗഖ്യദാനത്തിലെ വലിയൊരു അടയാളമാണ്. രോഗത്താലും വേദനയാലും നഷ്ടമായ ജീവിതത്തിലെ ഊഷ്മളത ക്രിസ്തു തന്‍റെ ദിവ്യകരസ്പര്‍ശത്താല്‍ കൈമാറുന്നു. ജ്വരക്കിടക്കയുടെ ബോധ-അബോധാവസ്ഥകളില്‍,
പൊള്ളുന്ന നെറ്റിത്തടത്തില്‍ സാന്ത്വനത്തിന്‍റെ കൈപ്പടം അല്ലെങ്കില്‍ കരസ്പര്‍ശം ആരും കിനാവുകാണുന്നതാണ്. സ്പര്‍ശത്തിലൂടെയാണ് ചില ആന്തരീക വ്യഥകളെ ക്രിസ്തു ശമിപ്പിക്കുന്നത്.

കുഷ്ഠരോഗികള്‍ക്ക് സൗഖ്യം നല്കിയ ക്രിസ്തു അവരോട് ദേവാലയത്തില്‍ പോയി പുരോഹിതരെ കണ്ട് അവരുടെ സൗഖ്യപ്രാപ്തി സാക്ഷൃപ്പെടുത്തുവാനാണ് അപ്രാകാരം ചെയ്തത്. സമൂഹ്യ ഭ്രഷ്ടിന്‍റെ പ്രഹരമേറ്റ കുഷ്ഠമെന്ന തീരാവ്യഥയുടെ ശമനം മാത്രംപോരാ, ഏതൊരു വിശ്വാസ സമൂഹമാണോ രോഗത്തിന്‍റെ പേരില്‍ അവരെ പുറംതള്ളിയത്, ആ സമൂഹത്തെ ബോധ്യപ്പെടുത്തി, ഈ പാവം മനുഷ്യരുടെ അന്തസ്സ് വീണ്ടെടുക്കുവാനും
അവരെ സമൂഹത്തില്‍ പുനര്‍പ്രതിഷ്ഠിക്കുവാനും വേണ്ടിയാണ് ക്രിസ്തു അങ്ങനെ ചെയ്തത്.

പുതിയൊരു ആരാധനക്രമം സൃഷ്ടിക്കാനല്ല, മനുഷ്യന്‍റെ പൂര്‍ണ്ണ ശ്രേഷ്ഠത വീണ്ടെടുക്കുവാനായിരുന്നു അവിടുന്നു പരിശ്രമിച്ചത്. ശരീരമാണ് ദേവാലയമെന്ന്, പിന്നൊരിക്കല്‍ അവിടുന്ന് പറഞ്ഞുവച്ചിട്ടുമുണ്ട്. “ഈ ദേവാലയം നിങ്ങള്‍ നശിപ്പിക്കൂ, മൂന്നു ദിവസംകൊണ്ട് ഞാനതിനെ പുനരുദ്ധരിക്കാം.”
ഇവിടെ അവിടുന്ന് തന്‍റെ ശരീരമാകുന്ന ആലയത്തെക്കുറിച്ചാണ് പറയുന്നത്. യോഹന്നാന്‍ 2, 18-20.

ക്രിസ്തുവിന്‍റെ ഭാഷയില്‍ ശരീരത്തിന് ഉടലെന്നും, മാനവരാശി, മനുഷ്യസമൂഹം എന്നൊക്കെയും ആര്‍ത്ഥമുണ്ട് അതുകൊണ്ടാണ്
അവിടുന്നു പറഞ്ഞത് -“രണ്ടോ മൂന്നോപേര്‍ എന്‍റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്തെല്ലാം, അവരുടെ മദ്ധ്യേ ഞാനും ഉണ്ടാകും,” എന്ന്. ഈ പ്രസ്താവം മാനവ ശരീരമാകുന്ന ദേവാലയത്തിന്‍റെ ബലപ്പെടുത്തല്‍ തന്നെയാണ്. കല്ലുകള്‍ ചേര്‍ത്തുവച്ചല്ല, കരങ്ങള്‍ കോര്‍ത്തു പിടിച്ചാണ് ദേവാലയം രൂപപ്പെടുത്തേണ്ടത് എന്ന് ക്രിസ്തു പഠിപ്പിക്കുന്നു.

മനുഷ്യരെ കേന്ദ്രീകരിച്ചുള്ള ദൈവവിചാരമാണ് ആരോഗ്യകരമായ ആത്മീയത. നിത്യതയുടെ മാനദണ്ഡം ആരാധനക്രമമല്ല, ഏതുഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നെന്നോ, മുന്നോട്ടു തിരിഞ്ഞെന്നോ പിറകോട്ടു തിരിഞ്ഞെന്നോ, കര്‍ട്ടണ്‍ ഇട്ടുകൊണ്ടോ, കര്‍ട്ടണ്‍ ഇല്ലാതെയോ എന്നല്ല - മറിച്ച് സ്നേഹത്തിന്‍റെ മുഴക്കോലുപയോഗിച്ച് സ്നേഹമുള്ളവരും സ്നേഹമില്ലാത്തവരും എന്ന തോതിലായിരിക്കും കര്‍ത്താവ് അന്ത്യനാളില്‍ നമ്മെ വിധിക്കുക.

വിശുദ്ധ ജോണ്‍ ഓഫ് ദ ക്രോസ് പറയുന്നത്, “ഒടുവില്‍ സ്നേഹമായിരിക്കും ഒരാളുടെ വിധിയാളന്‍,” എന്ന്. നീ മനുഷ്യനു നേദിച്ചതൊക്കെ ദൈവത്തിനാണു നേദിച്ചത്. നീ സഹോദരങ്ങള്‍ക്കു നല്‍കാത്തതൊക്കെ ദൈവത്തിനും നിഷേധിക്കപ്പെടുന്നു.

ക്രിസ്തുവിന്‍റെ മനസ്സിന് അനുസൃതമായി നമ്മുടെ ദേവാലയങ്ങള്‍ പുനര്‍നിര്‍വ്വചിക്കപ്പെടണം. മനുഷ്യര്‍ക്ക് സ്നേഹത്തിന്‍റെയും സാന്ത്വനത്തിന്‍റെയും സ്രോതസ്സാവണം നമ്മുടെ ദേവാലയങ്ങള്‍.
സൗഖ്യദാനവും സാന്ത്വനവുമാണ് പ്രേഷിത ധര്‍മ്മമെന്ന് സുവിശേഷ ജീവിതത്തിന്‍റെ നടവഴികളിലേയ്ക്ക് നടന്നടുക്കുന്ന തന്‍റെ ആദ്യ ശിഷ്യരോട് ക്രിസതു ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളത്. അങ്ങനെ സഭയുടെ മുഴുവന്‍ അജപാലന ശുശ്രൂഷ്യ്ക്കുംകൂടി വേണമെങ്കില്‍
നമുക്ക് “സൗഖ്യം” എന്ന പദം ഉപയോഗിക്കാവുന്നതാണ്.
ക്രിസതു അവസാനംവരെ ഈ സൗഖ്യദാന ശുശ്രൂഷയില്‍ മുഴുകിയിരുന്നു. തന്‍റെ പീഡാനുഭവ യാത്രയുടെ തൊട്ടുമുന്‍പ് ഗദ്സെമിന്‍ തോട്ടത്തില്‍വച്ച് പത്രോസ് മുറിപ്പെടുത്തിയ റോമന്‍ പടയാളിയെ അവിടുന്ന് അത്ഭുതകരമായി സുഖപ്പെടുത്തി. മനസ്തപിച്ച കള്ളന് അവിടുന്ന കുരിശില്‍വച്ച് രക്ഷ വാഗ്ദാനംചെയ്തു. മരണത്തിനുശേഷവും അവന്‍റെ നെഞ്ചില്‍നിന്നു
വാര്‍ന്നുവീണ രക്തവും ജലവും അന്ധനായ പടയാളിയെ സൂര്യവെളിച്ചത്തിലേയ്ക്ക് വീണ്ടെടുക്കുന്നു.

ഉടലിന്‍റെയും മനസ്സിന്‍റെയും ആത്മാവിന്‍റെയും ഭിഷഗ്വരനാണു ക്രിസ്തു. അനുദിന വ്യവഹാരങ്ങളില്‍ ക്രിസ്തു ഉപയോഗിച്ച സൗഖ്യദാനത്തിന്‍റെയും സാന്ത്വനത്തിന്‍റെയും മനഃശ്ശാസ്ത്രസരണികളെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍ നമുക്ക് അനുദിന ജീവിതത്തില്‍ പ്രചോദനമാവട്ടെ.. ഈ തപസ്സുകാലത്ത് സമൂഹത്തിലും കുടുബങ്ങളിലുമുള്ള രോഗികളോടും സഹോദരങ്ങളോടുമുള്ള സമീപനത്തില്‍ നാം പാലിക്കേണ്ട ദിശാബോധം ക്രിസ്തു ഇന്നു നമുക്കു നല്കുന്നതാണ്. ഒരാന്തരിക സൗഖ്യം അനുഭവിക്കുകയായിരിക്കണം തപസ്സിന്‍റെ ലക്ഷൃം. തന്‍റെ ജീവിതകാലത്ത് ക്രിസ്തുവിനോളം ക്ഷതമേറ്റ മറ്റൊരാളുണ്ടാകുമെന്നു തോന്നുന്നില്ല. ക്ഷതങ്ങള്‍ അവിടുത്തെ ആന്തരികതയെ ഒരിക്കലും ശിഥിലപ്പെടുത്തിയില്ല. ഉള്ളിന്‍റെ ഉള്ളില്‍ എപ്പോഴും സുഖപ്പെട്ടവായിരുന്നു ക്രിസ്തു. അത് അവിടുന്നു പകര്‍ന്നു നല്കുകയും ചെയ്തു.

10 കുഷ്ഠരോഗകളും അത്ഭുതകരമായി സുഖംപ്രാപിച്ചു. ശരീരത്തോടൊപ്പം ആന്തരിക സൗഖ്യം പ്രാപിച്ചനാണ് നന്ദിയോടെ ദൈവത്തെ സ്തുതിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ പക്കല്‍ തിരിച്ചെത്തിയത്. അനുദിന ജീവിതത്തില്‍ നമ്മോടു ദൈവം കാണിക്കുന്ന ദയയും അവിടുത്തെ കൃപയും അപാരവും അനന്തവുമാണ്. ആ ദൈവത്തോട് പ്രതിനന്ദിയുള്ളവരായി, എന്നും അവിടുത്തെ സ്തുതിക്കാം.








All the contents on this site are copyrighted ©.