2012-02-24 17:40:16

ശുശ്രൂഷാ സന്നദ്ധമായ ഹൃദയവിശാലത നവസുവിശേഷവല്‍ക്കരണത്തിന് അനിവാര്യം – മാര്‍പാപ്പ


24 ഫെബ്രുവരി 2012, വത്തിക്കാന്‍
പരസ്നേഹപ്രവര്‍ത്തികള്‍ പ്രത്യേകിച്ച് അശരണരോടും ആലംബഹീനരോടുമുള്ള സ്നേഹവും കാരുണ്യവും വ്യക്തികള്‍ക്കു സുവിശേഷത്തോടുള്ള പ്രതിബദ്ധതയുടെ മാനദണ്ഡമാണെന്ന് മാര്‍പാപ്പ. മാര്‍പാപ്പയുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി സഹായധനവുമായെത്തിയ വി.പത്രോസിന്‍റെ സൗഹൃദവലയം (Circolo San Pietro) എന്ന യുവജനസംഘടനയിലെ അംഗങ്ങള്‍ക്ക് അനുവദിച്ച പ്രത്യേക കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. റോം രൂപതയില്‍ പ്രവര്‍ത്തിക്കുന്ന ഈ യുവജന സംഘടനയുടെ നേതൃത്വത്തിലുള്ള ഉപവിപ്രവര്‍ത്തന സംരംഭങ്ങള്‍ തദ്ദവസരത്തില്‍ പാപ്പ അനുസ്മരിച്ചു.
ഉപവി പ്രവര്‍ത്തനങ്ങളിലൂടെ നാം നല്‍കുന്ന സാക്ഷൃം മനുഷ്യഹൃദയങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്നു. അന്യരെ സഹായിക്കാനും ശുശ്രൂഷിക്കാനും സന്നദ്ധമായ ഹൃദയ വിശാലത നവ സുവിശേഷവല്‍ക്കരണത്തിന് അനിവാര്യമാണെന്നും പാപ്പ പറഞ്ഞു. ദൈവവചന പാരായണത്തിലൂടേയും കൂദാശാ സ്വീകരണത്തിലൂടേയും വിശ്വാസത്തിലും സ്നേഹത്തിലും ആഴമായി വളരാന്‍ സഹായകമായ കാലമാണ് നോമ്പുകാലം. പ്രാര്‍ത്ഥനയുടേയും പങ്കുവയ്പ്പിന്‍റേയും നിശബ്ദതയുടേയും ഉപവാസത്തിന്‍റേയും അരൂപിയില്‍ ഉയിര്‍പ്പു തിരുനാളിനായി ഒരുങ്ങാന്‍ പാപ്പ അവരെ ക്ഷണിച്ചു.








All the contents on this site are copyrighted ©.