2012-02-23 09:48:51

രോഗീപരിചരണം
രക്ഷാദാനം


22 ഫെബ്രുവരി 2012, ബ്രസീല്‍
രോഗീ പരിചരണത്തിന് ആത്മാവിന്‍റേയും ശരീരത്തിന്‍റേയും ഇരുമാനങ്ങളുണ്ടെന്ന് കര്‍ദ്ദിനാള്‍ റെയ്മണ്ട് അസ്സീസ്, ബ്രസീലിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് പ്രസ്താവിച്ചു.
“ഭൂമുഖത്തിന് കര്‍ത്താവ് ആരോഗ്യം പകരുന്നു,” (പ്രഭാഷകന്‍ 38, 8) എന്ന തിരുവചനത്തിലെ പ്രഭാഷകന്‍റെ വാക്കുകള്‍ ശീര്‍ഷകമാക്കിയിട്ടുള്ള തപസ്സുകാല സന്ദേശത്തിലാണ് ബ്രസീലിലെ അപരസേദാ അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ അസ്സീസ്, രോഗീപരിചരണത്തിന്‍റെയും ആതുരശുശ്രൂഷയുടെയും ക്രൈസ്തവ ദര്‍ശനം വിവരിച്ചിരിക്കുന്നത്.
തന്‍റെ പരസ്യജീവിതകാലത്ത് അനേകരെ അത്ഭുതകരമായി സുഖപ്പെടുത്തിയ ക്രിസ്തു സൗഖ്യദാനത്തിന് മുന്നോടിയായി പാപമോചനം നല്കുന്നത് ശ്രദ്ധേയമാണെന്ന്, കര്‍ദ്ദിനാള്‍ അസ്സീസ് ചൂണ്ടിക്കാട്ടി.
ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ ശാരീരിക സൗഖ്യത്തിനും ആത്മീയ സൗഖ്യത്തിനും Salus - salutis ‘രക്ഷ’ എന്ന ലത്തീന്‍ വാക്കുതന്നെ ഉപയോഗിക്കുന്നതും ഈ കാഴ്ചപ്പാട് വ്യാക്തമാക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ അസ്സീസ് പ്രസ്താവിച്ചു.
സമൂഹത്തില്‍ രോഗങ്ങളാലും വാര്‍ദ്ധക്യത്താലും ഏകാന്തതയും പരിത്യക്താവസ്ഥയും അനുഭവിക്കുന്നവരെ ക്രൈസ്തവ വീക്ഷണത്തില്‍ സമീപിക്കുകയാണെങ്കില്‍ ശരീരത്തിനും ആത്മാവിനും ഉതകുന്ന സമഗ്രമായ സൗഖ്യദാനം ലഭ്യമാക്കാനാവുമെന്ന് കര്‍ദ്ദിനാള്‍ അസ്സീസ് സന്ദേശത്തില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.