2012-02-23 09:55:30

നാല്പതു നാളത്തെ
ഉപവാസം


22 ഫെബ്രുവരി 2012, ജരൂസലേം
ഉപവാസം പാപവിമോചനത്തിനുള്ള മാര്‍ഗ്ഗമെന്ന് ആര്‍ച്ചുബിഷപ്പ് ഫവത് ത്വാല്‍, ജരൂസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കിസ് പ്രസ്താവിച്ചു. ആഗോളസഭയില്‍ ആരംഭിച്ചിരിക്കുന്ന വലിയ നോമ്പാചരണത്തിനു നല്കിയ സന്ദേശത്തിലാണ് ആര്‍ച്ചുബിഷപ്പ് ത്വാല്‍ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. തപസ്സാചരണത്തെ ക്രിസ്ത്വാനുകരണമെന്ന് വിശേഷിപ്പിച്ച പാത്രിയര്‍ക്കിസ്, 40-നാള്‍ യൂദയായിലെ മരുപ്രദേശത്ത് തന്‍റെ പരസ്യജീവിതത്തിനു മുന്‍പ് ക്രിസ്തു ഉപവസിച്ചതും, 10 കല്പനകള്‍ സ്വീകരിക്കുന്നതിനു മുന്‍പ് 40-നാള്‍ സീനായ് മലമുകളില്‍ പ്രാര്‍ത്ഥിച്ച് ഉപവസിച്ചതും (പുറപ്പാട് 34, 28-29), ഏലിയാ പ്രവാചകന്‍ 40-നാള്‍ തപസ്സനുഷ്ഠിച്ചപ്പോഴാണ് ഹൊറേബ് മലയില്‍ കര്‍ത്താവിന്‍റെ ദര്‍ശനമുണ്ടായതെന്നും (1 രാജ.19, 8) സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ചാരം പൂശി, ചാക്കുടുത്ത് 40-നാള്‍ ഉപവസിച്ച ജോനായ്ക്കും നിനീവേ നിവാസികള്‍ക്കും കര്‍ത്താവിന്‍റെ മാപ്പും മോചനവും ലഭിച്ച സംഭവവും പാത്രിയര്‍ക്കിസ് ത്വാല്‍ സന്ദേശത്തില്‍ വിവരിച്ചു.
ക്രിസ്തുവിന്‍റെ താബോര്‍ മലയിലെ രൂപാന്തരീകരണത്തിലെ മൂശയുടെയും ഏലിയായുടെയും സാന്നിദ്ധ്യം തപസ്സിന്‍റെ ക്രിസ്തുവിലുള്ള നവീകരണ ശക്തിയും മഹത്വവും വെളിപ്പെടുത്തുന്നുവെന്നും ജരൂസലേമിലെ പാത്രിയര്‍ക്കിസ് ഉദ്ബോധിപ്പിച്ചു.
തെറ്റുകള്‍ തിരുത്തുവാനുള്ള ആന്തരിക അഭിവാഞ്ഛയുടെ പ്രതീകമാണ് വ്യക്തികള്‍ ഏറ്റെടുക്കുന്ന ബാഹ്യമായ ഉപവാസാനുഷ്ഠാനങ്ങളെന്നും, അതു ജീവിതത്തെ നവീകരിക്കുകയും നയിക്കുകയും ചെയ്യുന്ന സുകൃതമാണെന്നും പാത്രിയര്‍ക്കിസ് ത്വാല്‍ സന്ദേശത്തില്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.