2012-02-23 09:52:03

കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക്
റോമില്‍ സ്വീകരണം


22 ഫെബ്രുവരി 2012, റോം
അനേകരുടെ ഉദാരമായ സഹായമാണ് അജപാലന മേഖലയില്‍ തനിക്ക് തുണയായതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വെളിപ്പെടുത്തി. ഫെബ്രുവരി 19-ാം തിയതി ഞായറാഴ്ച വൈകുന്നേരം റോമിലെ ദോമൂസ് പാച്ചിസ് സാംസ്ക്കാരിക കേന്ദ്രത്തില്‍വച്ച്, ഇറ്റലിയിലെ കത്തോലിക്കാ സമൂഹം സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിലാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരി തന്‍റെ അഭ്യുദയകാംഷികളെ നന്ദിയോടെ അനുസ്മരിച്ചത്.
ധാരാളം വ്യക്തികള്‍ നല്കിയിട്ടുള്ള ഉദാരമായ ധനസഹായവും സഹകരണവുമാണ് തമിഴ്നാട്ടിലെ തക്കലയില്‍ തുടക്കമിട്ട തന്‍റെ അജപാലന ശുശ്രൂഷയ്ക്ക് ഇന്നും പിന്‍ബലമായി നില്ക്കുന്നതെന്ന്, തന്‍റെ സഹപാഠിയും സിംമ്പാവേയിലെ വത്തിക്കാന്‍ സ്ഥാനപതിയുമായ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് കോച്ചേരി ഒരുക്കിയ വിരുന്നിന് നന്ദിപറഞ്ഞ കര്‍ദ്ദിനാള്‍ ആലഞ്ചേരി, തന്‍റെ മറുപടി പ്രസംഗത്തില്‍ വെളിപ്പെടുത്തി.
അമേരിക്കയിലെ ചിക്കാഗോയില്‍വച്ച് അപരിചിതനായ മലയാളി 5000-ഡോളര്‍ സംഭാവന തന്നത്, ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷനായിരുന്ന കാവുകാട്ടില്‍ തിരുമേനി പണ്ടൊരിക്കല്‍ കൊടുത്ത 5000-രൂപയുടെ വിദ്യാഭ്യാസ സഹായത്തിന് പ്രതിനന്ദിയായിരുന്നുവെന്ന് പിന്നീടു മനസ്സിലാക്കിയ സംഭവം, കര്‍ദ്ദിനാള്‍ തന്‍റെ നന്ദിപ്രകടനത്തില്‍ പരാമര്‍ശിച്ചു.
റോമിലെ കത്തോലിക്കാ സമൂഹം ഒരുക്കിയ സ്വീകരണച്ചടങ്ങില്‍
റാഞ്ചി അതിരൂപതാദ്ധ്യക്ഷന്‍ തെലിസ്ഫോര്‍ തോപ്പോ അദ്ധ്യക്ഷത വഹിച്ചു, ഇറ്റലിയിലെ ഇന്ത്യന്‍ സ്ഥാനപതി ദേവബ്രത്ത സാഹാ, കേന്ദ്രമന്ത്രി
കെ.വി. തോമസ്, വത്തിക്കാന്‍റെ പ്രവാസികര്യങ്ങള്‍ക്കായുള്ള കൗണ്‍സിലിന്‍റെ സെക്രട്ടറി ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍, ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പില്‍, സീറോ മലബാര്‍ സഭയുടെ കൂരിയ ബിഷപ്പ് ബോസ്ക്കോ പുത്തൂര്‍, ജെര്‍മ്മനിയിലെ വത്തിക്കാന്‍ ഡിപ്ലോമാറ്റ് മോണ്‍സീഞ്ഞോര്‍ ജേക്കബ് ഭരണികുളങ്ങര റോമിലെ സീറോ മലബാര്‍ സമൂഹത്തിന്‍റെ പ്രക്യുറേറ്റര്‍ ഫാദര്‍ സ്റ്റീഫന്‍ ചിറപ്പണത്തി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.









All the contents on this site are copyrighted ©.