2012-02-22 20:41:17

സാഹോദര്യത്തിന്‍റേയും പാരസ്പര്യത്തിന്‍റേയും
സന്ദേശവുമായി വലിയ നോമ്പ് ആരംഭിച്ചു


22 ഫെബ്രുവരി 2012, വത്തിക്കാന്‍
ഫെബ്രുവരി 22-ാം തിയതി ബുധനാഴ്ച ആചരിച്ച വിഭൂതി തിരുനാളോടെയാണ് ആഗോളസഭ വലിയ നോമ്പാചരണത്തിന് തുടക്കമിട്ടത്. ശിരസ്സില്‍ ചാരം പൂശിക്കൊണ്ടും, “മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേയ്ക്കു നീ പിന്തിരിയും,” (ഉല്പത്തി 3, 19) എന്ന തിരുവെഴുത്തുകള്‍ ഓതിക്കൊണ്ടുമാണ് വിരക്തിയുടെയും വിശുദ്ധിയുടെ നാളുകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
അനുദിന ജീവിതത്തിലെ സാഹോദര്യത്തിന്‍റെയും പാരസ്പര്യത്തിന്‍റേയും സന്ദേശമാണ് ക്രിസ്തുവിന്‍റെ പീഡാനുഭവം ധ്യാനിക്കുന്ന വിശുദ്ധവാരംവരെ നീളുന്ന തപസ്സിന്‍റെ 40 ദിനങ്ങളില്‍ ധ്യാനിക്കാന്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നല്കിയത്.
ആയുസ്സിന്‍റെ വിലപ്പെട്ട നാളുകളില്‍ ദൈവസ്നേഹത്താല്‍ പ്രേരിതരായി സ്വയം നവീകരിക്കുവാനും സഹോദരങ്ങളെ നന്മയില്‍ വളര്‍ത്തുവാനുമുള്ള ഉത്തരവാദിത്തം ക്രൈസ്തവര്‍ ഏറ്റെടുക്കുന്നതാണ് സല്‍കൃത്യമെന്ന് നോമ്പുകാല സന്ദേശത്തില്‍ പാപ്പാ അനുസ്മരിപ്പിക്കുന്നു.
സാഹോദര്യത്തിന്‍റെ അഭാവമാണ് ലോകത്തിന്‍റെ ഏറ്റവും വലിയ സഹനമെന്നും, തിന്മയുടെ സാമൂഹ്യമാനം മനസ്സിലാക്കി, പാരസ്പര്യത്തിന്‍റെ മനോഭാവത്തോടെ തിന്മയ്ക്കെതിരെ പോരാടണമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.

വ്യക്തിമാഹാത്മ്യവാദം മനുഷ്യരെ കീഴ്പ്പെടുത്തിയിരിക്കുന്ന ലോകത്ത് പരസ്പരം തെറ്റുതിരുത്തുന്ന സഹോദര്യത്തിന്‍റെ മനോഭാവം പുനഃര്‍സ്ഥാപിക്കേണ്ടിയിരിക്കുന്നുവെന്ന് മാര്‍പാപ്പ വിശ്വാസികളെ സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു. സഹോദരങ്ങള്‍ പരസ്പരം കാവല്‍ക്കാരും ഒരുമിച്ച് വിശുദ്ധിയിലേയ്ക്ക് ചരിക്കേണ്ടവരുമാണ്.ദുര്‍ബലരായ നമ്മെ ബലപ്പെടുത്തുവാന്‍ മറ്റുള്ളവരെ അനുവദിക്കുക, അതിനായി മനസ്സിന്‍റെ തുറവുള്ളവരായിരിക്കുക, എന്നത് സമൂഹത്തില്‍ ചെയ്യുന്ന സേവനവും ത്യാഗപ്രവര്‍ത്തിയുമായിരിക്കും – എന്ന് മാര്‍പാപ്പ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.