2012-02-22 13:36:12

ജീവിത വിശുദ്ധിയില്‍ അടിയുറച്ച പ്രേഷിത സാക്ഷൃമാണ് സമര്‍പ്പിതര്‍ ലോകത്തിനു നല്‍കേണ്ടതെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി


21 ഫെബ്രുവരി 2012, റോം
ജീവിത വിശുദ്ധിയില്‍ അടിയുറച്ച പ്രേഷിത സാക്ഷൃമാണ് സമര്‍പ്പിതര്‍ ലോകത്തിനു നല്‍കേണ്ടതെന്ന് നവ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. റോമിലെ ഇന്ത്യന്‍ വൈദികരുടേയും സന്ന്യസ്തരുടേയും വൈദികാര്‍ത്ഥികളുടേയും സംയുക്ത സംഘടന (IPSBU) നടത്തിയ അനുമോദന ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍ ആലഞ്ചേരി. അന്താരാഷ്ട്ര തലത്തില്‍ മികച്ച പരിശീലനം ലഭിക്കുന്ന വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും ഇന്ത്യയിലെ പ്രേഷിത രംഗത്തു തനതായ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഭാരത സംസ്ക്കാരത്തോടും പാരമ്പര്യത്തോടും ഉള്‍ച്ചേര്‍ന്നുകൊണ്ട് രാജ്യത്തിന്‍റെ സാമൂഹ്യ സാംസ്ക്കാരിക അഭിവൃദ്ധിക്കുവേണ്ടി കത്തോലിക്കാസഭ നല്‍കുന്ന സേവനങ്ങള്‍ സുത്യര്‍ഹമാണെന്ന് ഇറ്റലിയിലെ ഇന്ത്യന്‍ സ്ഥാനപതി ദേബബ്രാത സഹാ ഉത്ഘാടന പ്രഭാഷണത്തില്‍ പ്രസ്താവിച്ചു. മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കത്തോലിക്കാ സഭയ്ക്കു സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ക്രിസ്തുവുമായുള്ള വ്യക്തിബന്ധമായിരിക്കണം സമര്‍പ്പണജീവിതത്തിന്‍റെ കേന്ദ്രമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ പ്രസ്താവിച്ചു. ഉയര്‍ന്ന പരിശീലനം ലഭിക്കുന്ന സന്ന്യസ്തര്‍ ഏതു സേവനമേഖലയിലും ശുശ്രൂഷചെയ്യാന്‍ സന്നദ്ധരായിരിക്കണം. ഭാരതത്തില്‍ നവ സുവിശേഷവല്‍ക്കരണത്തിന്‍റെ പ്രസക്തിയെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം യഥാര്‍ത്ഥ ജീവിത സാക്ഷൃം കൂടാതെ നവസുവിശേഷവല്‍ക്കരണം സാധ്യമല്ലെന്നും വ്യക്തമാക്കി.
കര്‍ദ്ദിനാള്‍ ഐവാന്‍ ഡയസ്, ആര്‍ച്ചുബിഷപ്പ് പീറ്റര്‍ പ്രഭു, ബിഷപ്പ് ജോസഫ് കളത്തിപ്പറബില്‍, ആര്‍ച്ചുബിഷപ്പ് തോമാസ് മേനാംപറബില്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.








All the contents on this site are copyrighted ©.