2012-02-21 16:31:52

നോമ്പുകാലം – പങ്കുവെയ്പ്പിന്‍റെ കാലം


21 ഫെബ്രുവരി 2012, ഹോങ്കോങ്
സുധീരം വിശ്വാസ സാക്ഷൃം നല്‍കുന്നതിനും ദൈവിക ദാനങ്ങള്‍ പങ്കുവയ്ക്കുന്നതിനുമുള്ള കാലമാണ് നോമ്പുകാലമെന്ന് നവ കര്‍ദിനാള്‍ ജോണ്‍ തോങ്. ഹോങ്കോങ്ങ് അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ തോങ് കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തപ്പെട്ടതിനുശേഷം നല്‍കിയ പ്രഥമ നോമ്പുകാല സന്ദേശത്തിലാണ് ഇപ്രകാരം ഉത്ബോധിപ്പിച്ചത്. പരസ്നേഹ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി, പ്രത്യേകിച്ച് സാധുക്കളുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടേയും ഉന്നമനത്തിനുവേണ്ടി പ്രത്നിക്കാന്‍ കര്‍ദിനാള്‍ വിശ്വാസികളെ ക്ഷണിച്ചു.
പൗരന്‍മാരുടെ ഭൗതികാവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം ദൈവതനയരെന്ന നിലയില്‍ അവര്‍ക്കുള്ള അവകാശങ്ങളും കടമകളും നിറവേറ്റാന്‍ അനുയോജ്യമായ സാമൂഹ്യാന്തരീക്ഷം ഭരണാധികാരികള്‍ ഉറപ്പുവരുത്തണമെന്ന് കര്‍ദിനാള്‍ തോങ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മതപരമായ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ് വിശ്വാസവും ആത്മീയതയും. പൗരസ്വാതന്ത്ര്യം ആദരിക്കുന്ന സുതാര്യമായ ജനാധിപത്യ ഭരണം കാഴ്ച്ച വയ്ക്കാന്‍ സര്‍ക്കാരിനു സാധിക്കട്ടെയെന്ന് ആശംസിച്ച കര്‍ദിനാള്‍ ഭവനനിര്‍മ്മാണം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, വാര്‍ദ്ധക്യ പെന്‍ഷന്‍ തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ കൂടുതല്‍ കര്‍മ്മനിരതമാകണമെന്നും അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.