2012-02-17 15:53:43

സാമ്പത്തീക മാന്ദ്യം വത്തിക്കാനിലും


17 ഫെബ്രുവരി 2012, വത്തിക്കാന്‍
പരിശുദ്ധ സിംഹാസനത്തിന്‍റെ സാമ്പത്തീക കാര്യങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടിയുള്ള കര്‍ദിനാള്‍ സമിതിയുടെ സമ്മേളം ഫെബ്രുവരി 14,15 തിയതികളില്‍ വത്തിക്കാനില്‍ നടന്നു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ സാമ്പത്തീക കാര്യാലയത്തിലേയും പൈതൃക ധനകാര്യ വിഭാഗത്തിലേയും പ്രതിനിധികള്‍ പങ്കെടുത്തു.
ആഗോള സാമ്പത്തീക മേഖലയില്‍ പ്രകടമായിരിക്കുന്ന സാമ്പത്തീക മാന്ദ്യം വത്തിക്കാന്‍റെ സാമ്പത്തീക രംഗത്തും പ്രകടമാണെന്ന് ഫെബ്രുവരി പതിനാറാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. വത്തിക്കാന്‍ സാമ്പത്തീക കാര്യാലയത്തിന്‍റെ വരവിനത്തില്‍ മുഖ്യപങ്കും വിശ്വാസികളുടെ സംഭാവനയാണ്. കത്തോലിക്കാസഭയുടേയും മാര്‍പാപ്പയുടേയും അജപാല ശുശ്രൂഷ അഭംഗുരം തുടരാന്‍ നിസ്വാര്‍ത്ഥമായി സംഭാവനകള്‍ നല്‍കുന്ന വിശ്വാസികളുടെ സന്മനസ്സിന് കര്‍ദ്ദിനാള്‍ സമിതി കൃതജ്ഞത രേഖപ്പെടുത്തി. വത്തിക്കാന്‍ സാമ്പത്തീക കാര്യാലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുമെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.








All the contents on this site are copyrighted ©.