2012-02-17 15:53:31

ആയുധവ്യാപാര ഉടമ്പടി മുന്‍തൂക്കം നല്‍കേണ്ടത് മനുഷ്യാന്തസ്സിന്: ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട്


17 ഫെബ്രുവരി 2012, ന്യൂയോര്‍ക്ക്
അന്താരാഷ്ട്ര ആയുധവ്യാപാര ഉടമ്പടി ആയുധ വ്യാപാരം നിയന്ത്രിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ നിയമവിരുദ്ധ ആയുധ വിപണികള്‍ ഉന്‍മൂലനം ചെയ്യാന്‍ മുന്‍ഗണന നല്‍കണമെന്ന് ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സ്സീസ് അസ്സീസി ചുള്ളിക്കാട്ട് നിര്‍ദ്ദേശിച്ചു. അന്താരാഷ്ട്ര ആയുധ വ്യാപാര ഉടമ്പടിയെ സംബന്ധിച്ച നാലാമതു യു.എന്‍ ആസൂത്രണ സമിതി യോഗത്തില്‍ ഫെബ്രുവരി പതിമൂന്നാം തിയതി നടത്തിയ പ്രഭാഷണത്തിലാണ് ആര്‍ച്ചു ബിഷപ്പ് ചുള്ളിക്കാട്ട് ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. ക്രമരഹിതമായ ആയുധകച്ചവടം നിയന്ത്രിക്കുന്നതിലുള്ള വീഴ്ച്ച അന്താരാഷ്ട്ര തലത്തില്‍ ഗുരുതരമായ മനുഷ്യാവകാശ പ്രശ്നങ്ങള്‍ക്കു വഴിതെളിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയില്‍ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകനായി സേവനമനുഷ്ഠിക്കുന്ന ആര്‍ച്ചു ബിഷപ്പ് ചുള്ളിക്കാട്ട് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഉത്തരവാദിത്വപൂര്‍ണ്ണമായ പ്രവര്‍ത്തനം ഈ രംഗത്ത് അനിവാര്യമാണ്. ദേശീയ അന്തര്‍ദേശീയ വിപണികളിലെ മറ്റുല്‍പ്പന്നങ്ങളോട് ആയുധങ്ങളെ തുലനം ചെയ്യരുത്. മനുഷ്യാന്തസ്സിനും മാനുഷീക മൂല്യങ്ങള്‍ക്കുമാണ് ആയുധവ്യാപാര ഉടമ്പടി മുന്‍തൂക്കം നല്‍കേണ്ടതെന്നും അദ്ദേഹം പ്രസ്താവിച്ചു. രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണത്തോടെ സമാധാനത്തിന്‍റെ സംസ്ക്കാരം സ്ഥാപിക്കുന്നതിന് സുപ്രധാന സംഭാവനകള്‍ നല്‍കാന്‍ അന്താരാഷ്ട്ര ആയുധവ്യാപാര ഉടമ്പടി സഹായകമാകുമെന്നാണ് പരിശുദ്ധ സിംഹാസനം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉടമ്പടിയിലെ വ്യവസ്ഥകള്‍ ശക്തിപ്പെടുത്തുന്നതിന് അഞ്ചിന പ്രായോഗിക നിര്‍ദേശങ്ങളും അദ്ദേഹം യോഗത്തില്‍ അവതരിപ്പിച്ചു.








All the contents on this site are copyrighted ©.