2012-02-15 18:24:01

വിനിമയ ലോകത്തെ
സത്യസന്ധതയും സുതാര്യതയും


15 ഫെബ്രുവരി 2012, റോം
വാര്‍ത്തകള്‍ നല്കുന്നതില്‍ യുക്തിയും സുതാര്യതയും പാലിക്കണമെന്ന്
ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി പ്രസ്താവിച്ചു.
ഫെബ്രുവരി 14-ാം തിയതി റോമില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഇപ്രകാരം പ്രസ്താവിച്ചത്.
വത്തിക്കാന്‍റെ ചില സേവനവിഭാഗങ്ങളില്‍നിന്നും ചോര്‍ന്നു കിട്ടിയതെന്ന് അവകാശപ്പെടുകയും, ‘സാമ്പത്തിക ക്രമകേടുകളെ’ന്ന പേരില്‍ അന്തര്‍ദേശിയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി സ്ഥിരീകരിച്ചു.
ധാര്‍മ്മിക സ്ഥാപനമായ സഭയുടെയും വത്തിക്കാന്‍റെയും വാര്‍ത്തകള്‍ സംവേദനം ചെയ്യുന്നവര്‍ മാധ്യമ-ധാര്‍മ്മികതയ്ക്കൊപ്പം ഉത്തരവാദിത്വവും സത്യസന്ധതയും പാലിക്കണമെന്നും, ശരിയായ സ്രോതസ്സുകളില്‍നിന്നും വാര്‍ത്തകള്‍ സ്വീകരിക്കണമെന്നും ഫാദര്‍ ലൊമ്പാര്‍ഡി നിഷ്ക്കര്‍ഷിച്ചു.

സഭയുടെ നവീകരണ പദ്ധതികള്‍, വൈദികരുടെ ലൈംഗിക ചൂഷണ തിന്മയ്ക്കെതരെയുള്ള നടപടിക്രമങ്ങള്‍, സാമ്പത്തിക ഇടപാടുകളില്‍ വത്തിക്കാന്‍ നടപ്പാക്കിയ പുതിയ നയങ്ങള്‍ എന്നിങ്ങനെയുള്ള സുപ്രധാന കാര്യങ്ങളില്‍ സഭ ഇന്ന് ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍,
സഭയുടെ ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നല്ലാതെയുള്ള വാര്‍ത്തകള്‍ ദുരുദ്ധേശ്യത്തോടെ പ്രസിദ്ധീകരിച്ച്, സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ വളര്‍ത്തുന്നത് യുക്തിക്കു ചേരാത്തതാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി കുറ്റപ്പെടുത്തി.








All the contents on this site are copyrighted ©.