2012-02-14 16:48:36

ലോക റേഡിയോ ദിനം


14 ഫെബ്രുവരി 2012, വത്തിക്കാന്‍
വാര്‍ത്താവിനിമയ രംഗത്തെ നാഴികകല്ലുകളിലൊന്നാണ് റേഡിയോയുടെ കണ്ടുപിടുത്തമെന്ന് വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറല്‍ ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി. ഫെബ്രുവരി പതിമൂന്നാം തിയതി പ്രഥമ ലോക റേഡിയോ ദിനാചരണത്തോടനുബന്ധിച്ചു വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഫാദര്‍ ലൊംബാര്‍ദി ഇപ്രകാരം പ്രസ്താവിച്ചത്. റേഡിയോയുടെ കണ്ടുപിടുത്തം വാര്‍ത്താവിനിയമ രംഗത്ത് നൂതന സരണികള്‍ക്കു തുടക്കം കുറിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദൃശ്യാവിഷ്ക്കാരങ്ങളുടെ സഹായമില്ലാതെ ആഴമാര്‍ന്ന സംവാദങ്ങള്‍ നടത്തുന്ന റേഡിയോ അനേകരുടെ ജീവിതത്തില്‍ സന്തതസഹചാരിയാണ്.
1931 ഫെബ്രുവരി പന്ത്രണ്ടാം തിയതി പ്രവര്‍ത്തനമാരംഭിച്ച വത്തിക്കാന്‍ റേഡിയോ സേവനത്തിന്‍റെ എണ്‍പതു വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഹ്രസ്വ തരംഗ സംവിധാനത്തോടെ പ്രവര്‍ത്തനമാരംഭിച്ച വത്തിക്കാന്‍ റേഡിയോ ഇന്ന് ദൃശ്യ, ശ്രാവ്യ, സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന ബഹുമുഖമാധ്യമമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ലോക മഹായുദ്ധം, രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് തുടങ്ങി നിരവധി ചരിത്രസംഭവങ്ങള്‍ക്കു സാക്ഷൃം വഹിച്ച വത്തിക്കാന്‍ റേഡിയോ കത്തോലിക്കാ സഭയ്ക്കും ലോക സമൂഹത്തിനും നല്‍കിയിട്ടുള്ള സേവനങ്ങള്‍ അഭിമുഖത്തില്‍ ഫാദര്‍ ലൊംബാര്‍ദി അനുസ്മരിച്ചു.









All the contents on this site are copyrighted ©.