2012-02-14 16:48:59

യൂറോപ്പിലേയും ആഫ്രിക്കയിലേയും മെത്രാന്‍മാരുടെ സമ്മേളനം റോമില്‍


14 ഫെബ്രുവരി 2012, റോം
യൂറോപ്പിലേയും ആഫ്രിക്കയിലേയും മെത്രാന്‍മാരുടെ സംയുക്തസമ്മേളനം ഫെബ്രുവരി പതിമൂന്നാം തിയതി തിങ്കളാഴ്ച റോമില്‍ ആരംഭിച്ചു. 1969 മുതല്‍ തന്നെ ആഫ്രിക്കയിലെ മെത്രാന്‍സമിതികള്‍ വിവിധ യൂറോപ്യന്‍ മെത്രാന്‍സമിതികളോടു സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നെങ്കിലും തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് അത് ഔപചാരിക സഹകരണവേദിയായി മാറിയതെന്ന് കര്‍ദ്ദിനാള്‍ പോളിക്കാര്‍പ്പ് പെന്‍ഗോ ഉത്ഘാടന ചടങ്ങില്‍ അനുസ്മരിച്ചു. യൂറോപ്പിലേയും ആഫ്രിക്കയിലേയും സഭാധ്യക്ഷന്‍മാരുടെ സഹകരണം ഇരു ഭൂഖണ്ഡങ്ങളിലും സുവിശേഷവല്‍ക്കരണ രംഗത്തും മനുഷ്യാവകാശ സംരക്ഷണ മേഖലയിലും ക്രിയാത്മകമായ സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് ആഫ്രിക്കയിലേയും മഡഗാസ്ക്കറിലേയും മെത്രാന്‍മാരുടെ സംയുക്തസമിതിയുടെ അദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ പോളിക്കാര്‍പ്പ് വ്യക്തമാക്കി. കഴിഞ്ഞ സമ്മേളനങ്ങളില്‍ സ്വീകരിച്ച തീരുമാനങ്ങള്‍ വൈദീകരുടേയും സന്ന്യസ്തരുടേയും അല്‍മായരുടേയും സഹകരണത്തോടെ പ്രാവര്‍ത്തീകമാക്കുന്നതിനുള്ള പ്രായോഗിക നടപടികള്‍ക്കു രൂപം നല്‍കാന്‍ ഈ സമ്മേളനം സഹായകമാകുമെന്ന് കര്‍ദ്ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
പതിനഞ്ചാം തിയതി ബുധനാഴ്ച സമ്മേളനം സമാപിക്കും.









All the contents on this site are copyrighted ©.