2012-02-10 12:24:30

മനുഷ്യയാതനകളോടു സ്പന്ദിക്കുന്ന
കുരിശിലെ പ്രാര്‍ത്ഥന


10 ഫെബ്രുവരി 2012, വത്തിക്കാന്‍
“ജീവിതത്തിലെ ഏറ്റവും ക്ലേശകരവും വേദനാജനകവുമായ അവസരങ്ങളില്‍‍ ദൈവം നമ്മെ കൈവെടിഞ്ഞു എന്നു തോന്നിയാല്‍പ്പോലും, ദൈവ-മനുഷ്യ ബന്ധത്തില്‍ നമ്മുടെ ഹൃദയവ്യഥകള്‍ അവിടുത്തേയ്ക്ക് സമര്‍പ്പിക്കുന്നതില്‍ നാം ഒട്ടും ശങ്കിക്കരുത്, ദൈവത്തെ വിളിച്ചപേക്ഷിക്കാന്‍ മറക്കരുത്,” എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ തന്‍റെ ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം ആരംഭിച്ചത്. ദുഃഖവെള്ളിയുടെ മൂന്നാം യാമത്തില്‍ ഭൂമുഖത്താകെ അന്ധകാരം വ്യാപിച്ചപ്പോള്‍ ക്രിസ്തു പിതാവിനോട് പ്രാര്‍ത്ഥിച്ചു, “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, അങ്ങ് എന്തുകൊണ്ട് എന്നെ കൈവെടിഞ്ഞു.” (സങ്കീര്‍ത്തനം 22,1).

വിശുദ്ധ ഗ്രന്ഥത്തിന്‍റെ പശ്ചാത്തലത്തില്‍ അന്ധകാരം എപ്പോഴും നിഗൂഢത ഉണര്‍ത്തുന്നതാണ്. അത് ദൈവിക സാന്നിദ്ധ്യത്തിന്‍റേയോ അസാന്നിദ്ധ്യത്തിന്‍റേയോ ഉഭയഭാവാത്മകമായ നിഗൂഢതയാകാം. സീനായ് മാമല മേഘാവൃതമായപ്പോള്‍ കര്‍ത്താവ് മോശയ്ക്കു ദര്‍ശനം നല്കി. കാല്‍വരിയില്‍ അന്ധകാരം പടര്‍ന്നപ്പോള്‍ ക്രിസ്തു പിതാവിനോടു സംസാരിച്ചു. പിതാവ് പുത്രനെ കടാക്ഷിക്കുകയും വളരെ നിഗൂഢമാം വിധത്തില്‍ പുത്രന്‍റെ കുരിശിലെ സ്നേഹസമര്‍പ്പണം കൈക്കൊള്ളുകയും ചെയ്തു. മനുഷ്യരാല്‍ പൂര്‍ണ്ണമായും പരിത്യക്തനായ ക്രിസ്തുവാണ് കുരിശില്‍ കിടന്നുകൊണ്ട് പിതാവിനെ വിളിച്ചപേക്ഷിക്കുന്നത്. മരണത്തിന്‍റെ മാനുഷിക വ്യഥയില്‍ പിതൃസാന്നിദ്ധ്യത്തെക്കുറിച്ച് അവബോധമുണര്‍ന്ന ക്രിസ്തു വിലപിച്ചുകൊണ്ടാണ് പ്രാര്‍ത്ഥിച്ചത്. പുത്രന്‍റെ ഈ വിലാപത്തിനു മുന്നില്‍‍ ശക്തനായ പിതാവ് എങ്ങനെ ഈ അഗ്നിപരീക്ഷയില്‍നിന്നും പുത്രനെ രക്ഷിക്കാതിരിക്കും എന്നു നാം ചിന്തിച്ചുപോകും. മരണത്തെ നേരിടുമ്പോള്‍ നിസ്സാഹായനായി ക്രിസ്തു വിലപിക്കുന്നത് നിരാശനായതുകൊണടോ പരിത്യക്തനായതുകൊണ്ടോ അല്ല, അവിടുന്ന് വിശുദ്ധ ഗ്രന്ഥത്തിലെ 22-ാം സങ്കീര്‍ത്തന വാക്യം ഉരുവിട്ടുകൊണ്ട് ഇസ്രായേലിലെ ജനങ്ങളുടെ പ്രാര്‍ത്ഥന സ്വായത്തമാക്കുകയും തന്‍റെ ജനത്തിന്‍റെ ശിക്ഷകള്‍ ഏറ്റെടുക്കുകയുമായിരുന്നു. ഇസ്രായേലിന്‍റെ മാത്രമല്ല, തിന്മയ്ക്കു കീഴ്പ്പെട്ട സകലരുടേയും ശിക്ഷ അവിടുന്ന് ഏറ്റെടുക്കുകയും തന്‍റെ പുനരുത്ഥാനത്താല്‍ ഏവരെയും പിതൃസ്നേഹത്തില്‍ ഒന്നിപ്പിക്കുകയും ചെയ്യുന്നു. പരിത്യക്താവസ്ഥയുടെ സ്മശാനമൂകതയില്‍ മാനുഷിക ബുദ്ധിക്ക് അഗ്രാഹ്യമാംവിധം അളക്കാനാവാത്ത ആത്മവിശ്വാസമാണ് ക്രിസ്തു പിതാവില്‍ സമര്‍പ്പിക്കുന്നത്. മനുഷ്യനോടും മനുഷ്യകുലത്തോടുള്ള സ്നേഹത്തിലും രമ്യതയിലുമാണ് ക്രിസ്തു ഇത്രയേറെ യാതനകള്‍ സഹിക്കുന്നത്, സ്നേഹത്തിന്‍റെ വിജയമാണ് അവിടുന്ന് ഏറ്റെടുത്ത യാതനകള്‍. രക്ഷയുടെ സ്വാതന്ത്ര്യം സ്നേഹത്തിന്‍റെ വിജയമായി ആ സഹനത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

ദൈവം ഈ ലോകത്ത് മനുഷ്യരോടൊപ്പം സന്നിഹിതനാണ്. നമ്മുടെ യാചനകള്‍ അവിടുന്ന് ശ്രവിക്കും എന്ന പ്രത്യാശയിലും ഉറപ്പിലും അനുദിന കുരിശുകള്‍ പ്രാര്‍ത്ഥനയില്‍ ദൈവത്തിനു സമര്‍പ്പിക്കാം. സ്വാര്‍ത്ഥതയുടെ അതിര്‍വരമ്പുകള്‍ കടന്ന്, നമ്മുടെ ക്ലേശങ്ങളിലും പ്രാ‍ര്‍ത്ഥനയില്‍ അപരന്‍റെ ആവശ്യങ്ങളിലും വേദനയകളിലും നാം പങ്കുചേരണം എന്ന സത്യമാണ് ക്രിസ്തുവിന്‍റെ കുരിശിലെ വിലാപം നമ്മെ പഠിപ്പിക്കുന്നത്. അനുദിന ജീവിതഭാരം പേറിക്കൊണ്ട് വൈഷമ്യങ്ങളില്‍ കഴിയുകയും വേദനിക്കുകയും ചെയ്യുന്ന, എന്നാല്‍ ഇനിയും സമാശ്വാസം ലഭിക്കാത്ത സഹോദരങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും, അതുവഴി നമ്മെ ഒരിക്കലും കൈവെടിയാത്ത ദൈവത്തിന്‍റെ അപരിമേയമായ സ്നേഹം അവര്‍ക്ക് അനുഭവവേദ്യമാക്കുവാനും ക്രിസ്തുവിന്‍റെ കാല്‍വരിയിലെ പ്രാര്‍ത്ഥന നമ്മെ സഹായിക്കട്ടെ.
(An extract from the General Audience discourse of the Holy Father on Prayer on the Cross)








All the contents on this site are copyrighted ©.