2012-02-09 17:47:57

ശക്തിപകര്‍ന്ന
അനുതാപ ശുശ്രൂഷ


9 ഫെബ്രുവരി 2012, റോം
സഭയിലെ ലൈംഗീക പീഡനത്തെ സംബന്ധിച്ച സമ്മേളനത്തിന് അനുതാപശുശ്രൂഷ ആത്മീയ ശക്തിയായി. ഫെബ്രുവരി 6-മുതല്‍ 9-വരെ തിയതികളില്‍ റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന ആഗോള സമ്മേളനമാണ് വിശുദ്ധ ഇഗ്നേഷ്യസിന്‍റെ ദേവാലയമെന്നറിയപ്പെടുന്ന റോമിലെ ജെസ്സുവില്‍വച്ച് കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വെല്ലെത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അനുതാപശുശ്രൂഷ നടത്തിയത്.
ദൈവികസൃഷ്ടിയുടെ മനോഹാരിതയും മനുഷ്യപാപത്തിന്‍റെ ക്രൂരതയും പ്രദര്‍ശിപ്പിച്ച ദൃശ്യ-ശ്രാവ്യ മാധ്യമ പരിപാടിയോടെ ആരംഭിച്ച പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ ലൈംഗിക പീഡനത്തിന് ഇരയായവരുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ, വൈദികരും സന്ന്യസ്തരും, മെത്രാന്മാരും, കര്‍ദ്ദിനാളന്മാരും വത്തിക്കാന്‍റെ പ്രതിനിധികളും പങ്കെടുത്തു.
ലൈംഗീക വേഴിചകളില്‍ വ്യാപൃതരാകുന്ന വൈദികരെ ഔദ്യോഗിക ശുശ്രൂഷയില്‍നിന്നു മാറ്റുകയും, ശിക്ഷണ നടപടികള്‍ ഉടനടി നടപ്പാക്കുകയും ചെയ്യുമെന്നും കര്‍ദ്ദിനാള്‍ ക്വെല്ലെത്ത്
അനുതാപ ശുശ്രൂഷമദ്ധ്യേ നടത്തിയ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു. വൈദികരുമായി ബന്ധപ്പെട്ട ലൈംഗീക പീഡനകേസുകളുടെ ഉത്തരവാദിത്വം വഹിക്കുന്ന മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റാണ് കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വെല്ലെത്ത്.
തിന്മയുടെ ഇരുട്ടില്‍നിന്ന് പ്രകാശത്തിലേയ്ക്കും മുറിവിന്‍റെ വേദനയില്‍നിന്ന് സൗഖ്യദാനത്തിന്‍റെ പ്രത്യാശയിലേയ്ക്കും, ദൈവമേ സഭയെ നയിക്കണമേ, എന്ന പ്രാര്‍ത്ഥനയോടെയാണ് അനുതാപശുശ്രൂഷയ്ക്ക് കര്‍ദ്ദിനാള്‍ ക്വെല്ലെത്ത് സമാപനംകുറിച്ചത്.









All the contents on this site are copyrighted ©.