2012-02-09 17:59:20

ലോകയുവജന സമ്മേളനം 2013
ലോഗോ പ്രകാശനംചെയ്തു


9 ഫെബ്രുവരി 2012, റിയോ
“ലോകമെങ്ങും പോയി ജനതകളോട് സുവിശേഷമറിയിക്കുവിന്‍,” (മത്തായി 28,19)
എന്ന ക്രിസ്തുസൂക്തത്തിന്‍റെ ദൃശ്യാവിഷ്ക്കരണവുമായി 2013 ലോക യുജനസമ്മേളനത്തിന്‍റെ ലോഗോ പ്രകാശനംചെയ്തു.

27-ാമത് ലോകയുവജന സമ്മേളനത്തിന് വേദിയാകുന്ന ബ്രസീലിലെ റിയോ പട്ടണത്തിലെ കൊണ്‍കവാദോ മലമുകളില്‍ കരങ്ങള്‍ വിരിച്ചുനില്ക്കുന്ന ക്രിസ്തുവാണ് യുവജനങ്ങള്‍ക്ക്
ആവേശമാകാന്‍ പോകുന്ന ലോഗോയിലെ ദൃശ്യബിംബം. റിയോ യുവജനസമ്മേളനത്തിന്‍റെ ആപ്തവാക്യമായി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച, “നിങ്ങള്‍ ലോകമെമ്പാടും പോയി സുവിശേഷം പ്രഘോഷിക്കുവിന്‍,” എന്ന വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലുള്ള ക്രിസ്തുവിന്‍റെ അന്തിമാഹ്വാനമാണ്, തനിക്കു പ്രചോദനമായതെന്ന് ലോഗോ ഡിസൈന്‍ചെയ്ത റിയോ പട്ടണവാസിയായ യുവകലാകാരന്‍ ഗുസ്താവോ യൂജീന്‍ പ്രാകാശനവേളയില്‍ പ്രസ്താവിച്ചു.

വരയും വര്‍ണ്ണവും ഇടകലരുന്ന ചിത്രസംയോജനത്തില്‍, കൊണ്‍കവാദോ മലമുകളിലെ കരങ്ങള്‍ വിരിച്ച ക്രിസ്തു, യുവജനങ്ങളോടും ലോകജനതയോടും സുവിശേഷ പ്രഘോഷണത്തിനായുള്ള ആഹ്വാനംനല്കുന്നു. ശില്പത്തെ പൊതിഞ്ഞിരിക്കുന്ന ഹൃദയത്തിന്‍റെ ചിഹ്നം ക്രിസ്തു-ശിഷ്യത്വത്തിന്‍റെ പ്രതീകമാണ്. രണ്ടു കുനിപ്പുള്ള ഹൃദത്തിന്‍റെ പച്ചനിറമുള്ള മുകള്‍ഭാഗം ബ്രസീലിലെ സുഗര്‍ലോഫ് മലകളെയും, നീലവര്‍ണ്ണത്തിലുള്ള കീഴ്ഭാഗം
റിയോ ഉല്‍ക്കടലിനെയും പ്രതിനിധാനം ചെയ്യുന്നു.
ലോഗോയില്‍ ചാലിച്ചിരിക്കുന്ന പച്ചയും നീലയും മഞ്ഞയും നിറങ്ങള്‍ ദേശീയ വര്‍ണ്ണങ്ങളും ബ്രസീലിയന്‍ ജനതയുടെയുടെ ദേശീയതയുടെയും പ്രതീകമാണ്. ഉയര്‍ന്നു നില്ക്കുന്ന കുരിശ് ക്രിസ്താനുകരണത്തില്‍ ഓരോ വ്യക്തിയും സ്വീകരിക്കേണ്ട ജീവിതപാതയാണെന്നും, 25 വയസ്സുകാരനായ കലാകാരന്‍ ലോഗോയുടെ പ്രാകാശനവേദിയില്‍ പങ്കുവച്ചു.

ആഗോളയുവ ജനസമ്മേളനത്തിന് അനുയോജ്യമായ ലോഗോ മത്സരത്തില്‍ അവതരിപ്പിക്കുവാനും അതു തിരഞ്ഞെടുക്കപ്പെടുവാനും സഹായകമായത് തന്‍റെ ക്രൈസ്തവ വിശ്വാസവും പ്രാര്‍ത്ഥനയുമാണും, ഫെബ്രുവരി 8-ാം തിയതി റിയോയിലെ യുവജന കേന്ദ്രത്തില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ കലാകാരനായ ഗുസ്താവോ യൂജിന്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.