2012-02-08 20:08:37

ഫാദര്‍ സ്രാമ്പിക്കല്‍
NISCORT ഡയറക്ടര്‍


8 ഫെബ്രുവരി 2012, ബാംഗളൂര്‍
ഫാദര്‍ ജെയിക്കബ് സ്രാമ്പിക്കലിനെ ദേശീയ മെത്രാന്‍ സമിതിയുടെ ആശയവിനിമയശാസ്ത്ര വിദ്യാപീഠത്തിന്‍റെ National Institute of Social Communications Research and Training –കേന്ദ്രത്തിന്‍റെ ഡയറക്ടറായി സിബിസിഐ നിയമിച്ചു. ഫെബ്രുവരി 7-ാം തിയതി ചൊവ്വാഴ്ച ബാംഗളൂരില്‍ ചേര്‍ന്ന ദേശീയ മെത്രാന്‍ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനമാണ് ഇപ്പോള്‍ റോമിലെ ഗ്രീഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍ ആശയവിനിമയ ശാസ്ത്ര വിഭാഗം പ്രഫസറായി ജോലിചെയ്യുന്ന, ഈശോ സഭാ വൈദികന്‍ ജയിക്കബ് സ്രാമ്പിക്കലിനെ ഡല്‍ഹിയില്‍ സിബസിഐയുടെ മേല്‍നോട്ടത്തിലുള്ള NISCORT ആശയവിനിമയ വിദ്യാപീഠത്തിന്‍റെ ഡയറക്ടറായി നിയമിച്ചതെന്ന്, മെത്രാന്‍ സംഘത്തിന്‍റെ മാധ്യമവിഭാഗം ചെയര്‍മാനും ഇന്‍റോര്‍ രൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് ചാക്കോ തോട്ടുമാരിക്കല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ഭാരതത്തിലെ കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരെ ദേശീയ തലത്തില്‍ ആദ്യമായി സംഘടപ്പിച്ച ഫാദര്‍ സ്രാമ്പിക്കല്‍ 6-വര്‍ഷക്കാലം Signis International എന്ന കത്തോലിക്കാ മാധ്യമ പ്രവര്‍ത്തന സംഘടയുടെ ദേശീയ ഡയറക്ടറായി 6 വര്‍ഷക്കാലവും (1992-98), ഏഷ്യന്‍ പ്രസിഡന്‍റായി
7 വര്‍ഷക്കാലവും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാധ്യമ വിദ്യാഭ്യാസത്തില്‍ ഡല്‍ഹി സര്‍വ്വകലാശാലയുടെ അംഗീകാരത്തോടെ ബിരുദംവും ബിരുദാനന്തര-ബിരുദ പഠന സംവിധാനങ്ങളുള്ള NISCORT-ന്‍റെ സ്ഥാപക ഡയറക്ടറാണ് ഫാദര്‍ സ്രാമ്പിക്കല്‍.

ഈശോ സഭയുടെ പട്ന പ്രവിശ്യാംഗമായ ഫാദര്‍ സ്രാമ്പിക്കല്‍ പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍നിന്നും ചലച്ചിത്ര പഠനത്തില്‍ ബിരുദാനന്തര ബിരുദവും, ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയില്‍നിന്നും പുരോഗമന വിനിമയ ശാസ്ത്രത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. 7 -വര്‍ഷക്കാലം റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയുടെ മാധ്യമവിഭാഗം മേധാവിയായിരുന്ന ഫാദര്‍ സ്രാമ്പിക്കല്‍ വത്തിക്കാന്‍റെ സമൂഹ്യസമ്പര്‍ക്ക മാധ്യമ കമ്മിഷനിലും ദീര്‍ഘനാള്‍ സേവനംചെയ്തിട്ടുണ്ട്.
Voice of the Voiceless, Development Communications, Media Ethics, Communication Media, Media Education, Power of Alternative Media, Communications can renew the Church, Prophetic Media, Media and Family Relationships തുടങ്ങി 15-ലേറെ പുസ്തകങ്ങളുടെ കര്‍ത്താവുമാണ് ഫാദര്‍ ജെയ്ക്കബ് സ്രാമ്പിക്കല്‍.
വിദ്യാര്‍ത്ഥികളുടെ കഴിവും താല്പര്യവും അനുസരിച്ച് തൊഴില്‍ സാദ്ധ്യതകളുള്ള കോഴ്സുകളോടെ സ്ഥാപനത്തെ സജീവമാക്കുകയാണ് തന്‍റെ മുന്‍ഗണനയെന്ന്, ജൂണ്‍ മാസത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ പോകുന്ന ഫാദര്‍ സ്രാമ്പിക്കല്‍ വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ആശയവിനിമയത്തെക്കുറിച്ച് തനിമയാര്‍ന്ന ക്രൈസ്തവ ദര്‍ശനമുള്ള ഫാദര്‍ സ്രാമ്പിക്കല്‍ രണ്ടു പതിറ്റാണ്ടുകളായി ഭാരതത്തിലെയും വിദേശങ്ങളിലെയും മെയ്ജര്‍ സെമിനാരികളില്‍ വൈദിക വിദ്യാര്‍ത്ഥികളുടെ മാധ്യമസംബന്ധമായ വിഷയങ്ങളിലുടെയുള്ള രൂപീകരണത്തിലും വ്യാപൃതനാണ്.








All the contents on this site are copyrighted ©.