2012-02-08 19:39:38

കുറ്റവാളികളെ
സംരക്ഷിക്കരുത്


8 ഫെബ്രുവരി 2012, റോം
ലൈംഗിക പീഡനത്തിന് ഉത്തരവാദികളായ വൈദികരെ
സംരക്ഷിക്കുന്ന രീതി പാടേ ഉപേക്ഷിക്കണമെന്ന്, റോമിലെ സമ്മേളനം.
സഭയിലെ ലൈംഗീക പീഡന സംഭവങ്ങളെക്കുറിച്ചു പഠിക്കുവാന്‍
ഫെബ്രുവരി 6-മുതല്‍ 9-വരെ തിയതികളില്‍ റോമിലെ ഗ്രിഗോരിയന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ചിരിക്കുന്ന അന്തര്‍ദേശീയ സമ്മേളനത്തിലാണ്
ഈ അഭിപ്രായം പൊന്തിവന്നത്. ലൈഗിംഗ പീഡനത്തിന് ഉത്തരവാദികളായ വൈദികരെ രൂപതകളും സ്ഥാപനങ്ങളും സംരക്ഷിക്കുന്ന സംസ്കാരം ഉപേക്ഷിക്കണമെന്നും, ശിക്ഷണനടപടികള്‍ നിര്‍ദാക്ഷിണ്യം സ്വീകരിച്ചെങ്കില്‍ മാത്രമേ, സഭയില്‍ രൂഢമൂലമായ തിന്മയെ പിഴുതെറിയാനാവൂ എന്ന് സമ്മേളനത്തിനുവേണ്ടി അമേരിക്കന്‍ മനഃശ്ശാസ്ത്ര വിദഗ്ദ്ധനും പണ്ഡിതനുമായ ഫാദര്‍ സ്റ്റീഫന്‍ റൊസ്സേത്തി വ്യക്തമാക്കി.

ലൈംഗീക വേഴ്ചയ്ക്ക് അടിമകളായ വൈദികരെ സംരക്ഷിക്കുകയാണെങ്കില്‍ അവര്‍ വീണ്ടും അതു തുടരുവാനാണ് സാദ്ധ്യതയെന്നും, പീഡനങ്ങള്‍ക്ക് ഇരകളാകുന്നവര്‍ അനുഭവിക്കുന്ന മാനസീക സംഘര്‍ഷത്തിനും മനോവ്യഥയ്ക്കും ആജീവനാന്ത പ്രത്യാഘാതങ്ങളാണുള്ളതെന്നും
സമ്മേളനം അഭിപ്രായപ്പെട്ടു.
ലൈംഗിക പീഡനം പാശ്ചാത്യലോകത്തിന്‍റെ പ്രശ്നമായി കാണാതെ, ആഗോളസഭ സ്വീകരിക്കേണ്ട നവീകരണത്തിന്‍റെയും സൗഖ്യദാനത്തിന്‍റെയും അടിയന്തിര നടപടിയായി സമ്മേളനത്തിന്‍റെ അഭിപ്രായം സ്വീകരിക്കണമെന്ന്, ആഗോളതലത്തില്‍ സമ്മേളിച്ച ലൈംഗിക പീഡനത്തിന് വിധേയരായവരും, രൂപതകളുടെയും സന്യാസസ്ഥാപനങ്ങളുടെയും മനശ്ശാസ്ത്രവിദഗ്ദ്ധരുടെയും വത്തിക്കാന്‍റെയും പ്രതിനിധികളും ഉള്‍പ്പെട്ട സമ്മേളനം അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.