2012-02-07 16:52:57

രോഗികള്‍ക്കാവശ്യം സ്നേഹ സാന്ത്വനം: മാര്‍പാപ്പ


ഒരിക്കല്‍ യേശു പറഞ്ഞു: “ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ടാവശ്യം” (മാര്‍ക്കോ 2, 17). പാപികളെ വിളിക്കാനും രക്ഷിക്കാനുമാണ് താന്‍ വന്നിരിക്കുന്നത് എന്നാണ് യേശു ഇവിടെ അര്‍ത്ഥമാക്കുന്നത്. തികച്ചും മാനുഷീകമായിട്ടുള്ള അവസ്ഥയാണ് രോഗാവസ്ഥ. ഈ അവസ്ഥയില്‍ നാം സ്വയം പര്യാപ്തരല്ലെന്നും അന്യരുടെ സഹായം നമുക്കാവശ്യമാണെന്നും നാം അനുഭവിച്ചറിയുന്നു. സ്നേഹശുശ്രൂഷ നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന സൗഖ്യദായകമായ ജീവിതാനുഭവമാണ് രോഗാവസ്ഥയെന്നത് വൈരുദ്ധ്യമായി തോന്നിയേക്കാം. എന്നിരുന്നാലും ദീര്‍ഘിക്കാവുന്നതും അസഹനീയമായി മാറിയേക്കാവുന്നതുമായ ഒരു പരീക്ഷണത്തിന്‍റെ കാലഘട്ടം തന്നെയാണത്. സൗഖ്യം ലഭിക്കാത്തപ്പോള്‍ സഹനത്തിന്‍റെ ഏകാന്തതയില്‍ നാം നഷ്ടഹൃദയരായി മാറിയേക്കാം. നിരാശയില്‍ നിപതിച്ചു പോകാനും സാധ്യയുണ്ടപ്പോള്‍. തിന്മയുടെ ഈ ആക്രമണത്തെ നാം എങ്ങനെയാണ് നേരിടേണ്ടത്? തീര്‍ച്ചയായും അനുയോജ്യമായ ചികിത്സാമാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതു തന്നെയാണ്. കഴിഞ്ഞ ഏതാനും ദശകങ്ങളായി ചികിത്സാരംഗത്തു നാം വന്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്... എന്നാല്‍ രോഗാവസ്ഥയില്‍ നമുക്കുണ്ടായിരിക്കേണ്ട ഒരു മനോഭാവത്തെക്കുറിച്ച് ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. വിശ്വാസത്തോടെയും ദൈവാശ്രയബോധത്തോടെയുമാണ് നാം രോഗാവസ്ഥയെ നേരിടേണ്ടത്. താന്‍ സുഖപ്പെടുത്തുന്ന രോഗികളോട് ക്രിസ്തു അക്കാര്യം ആവര്‍ത്തിക്കുന്നതായി സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ടല്ലോ... “നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” (മാര്‍ക്കോ 5, 34. 36). മരണത്തിനു മുന്നില്‍ പോലും മാനുഷീകമായി അസാധ്യമായത് വിശ്വാസം വഴി സാധ്യമാകുന്നു.
എന്നാല്‍, എന്താണ് വിശ്വാസം? തിന്മയ്ക്കുമേല്‍ പരിപൂര്‍ണ്ണ വിജയം നേടുന്ന ദൈവസ്നേഹമാണത്. പിതാവില്‍ നിന്നു സ്വീകരിച്ച സ്നേഹത്തിന്‍റെ ശക്തിയാല്‍ യേശു പിശാചിനെ നേരിട്ടതുപോലെ നാമും ദൈവസ്നേഹത്താല്‍ പൂരിതരായി രോഗമാകുന്ന പരീക്ഷണത്തെ നേരിടണം. കഠിനമായ സഹനങ്ങള്‍ തികഞ്ഞ ശാന്തതയോടെ അനുഭവിച്ച പലരേയും നമുക്കു പരിചയമുണ്ട്. ഈയടുത്ത് വാഴത്തപ്പെട്ട പദത്തിലേക്കുയര്‍ത്തപ്പെട്ട ക്യാര ബദാനോ നല്‍കിയ മാതൃക ഇവിടെ അനുസ്മരണീയമാണ്. ചെറുപ്രായത്തില്‍ തന്നെ രോഗബാധിതയായ അവള്‍ ഏറെ വേദന അനുഭവിച്ചു. എന്നാല്‍ തന്നെ സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് അവള്‍ സമ്മാനിച്ചത് പ്രകാശവും വിശ്വാസവുമാണ്.
രോഗാവസ്ഥയില്‍ എല്ലാവരും സ്നേഹപൂര്‍ണ്ണമായ പരിചരണം ആഗ്രഹിക്കുന്നുണ്ട്. വെറും വാക്കുകളല്ല, നമ്മുടെ സ്നേഹ സാമീപ്യമാണ് രോഗാവസ്ഥയിലായിരിക്കുന്ന വ്യക്തിക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്നത്.

പ്രിയ സഹോദരീ സഹോദരന്‍മാരേ, ഫെബ്രുവരി പതിനൊന്നാം തിയതി - ലൂര്‍ദ്ദുമാതാവിന്‍റെ തിരുന്നാള്‍ ദിനം ലോക രോഗീ ദിനമായി നാം ആചരിക്കുന്നു. സൗഖ്യദായകനായ യേശുവിനു മുന്‍പില്‍ രോഗികളെ വിശ്വാസത്തോടെ നമുക്കു സമര്‍പ്പിക്കാം. സഹനത്തിന്‍റേയും ഏകാന്തതയുടേയും യാമങ്ങളില്‍ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ മാധ്യസ്ഥം നമുക്കു തേടാം.

(ഫെബ്രുവരി അഞ്ചാം തിയതി ഞായറാഴ്ച മാര്‍പാപ്പ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തില്‍ നിന്ന്)








All the contents on this site are copyrighted ©.