2012-02-07 16:33:59

ക്രൈസ്തവ ജീവിതത്തിന്‍റെ കേന്ദ്രം പരസ്നേഹം : മാര്‍പാപ്പയുടെ നോമ്പുകാല സന്ദേശം


07 ഫെബ്രുവരി 2012, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ 2012ാം ആണ്ടിലെ നോമ്പുകാല സന്ദേശം ഫെബ്രുവരി ഏഴാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ പുറത്തിറക്കി. സ്നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കുവിന്‍ (ഹെബ്രാ 10: 24) എന്ന പ്രമേയത്തെ ആധാരമാക്കി മാര്‍പാപ്പ നല്‍കിയ സന്ദേശം ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സറാ വത്തിക്കാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രകാശനം ചെയ്തു.
ക്രൈസ്തവ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകങ്ങളായ പരസ്നേഹം, പരസ്പരാശ്രയത്വം, ജീവിത വിശുദ്ധി എന്നിവയെക്കുറിച്ചാണ് മാര്‍പാപ്പ സന്ദേശത്തില്‍ മുഖ്യമായും പരാമര്‍ശിച്ചിരിക്കുന്നത്. അപരന്‍റെ നന്മയെക്കുറിച്ച് കരുതലുള്ളവരായിരിക്കണം നാം. ക്രിസ്തുവിനെ ദര്‍ശിച്ചുകൊണ്ട് തങ്ങളുടെ സഹോദരീ സഹോദരന്‍മാരുടെ ആവശ്യങ്ങളില്‍ സഹായഹസ്തമായി നിലകൊള്ളേണ്ടവരാണ് ക്രൈസ്തവര്‍. അന്യരെ അവഗണിച്ചുകൊണ്ട് ഒറ്റപ്പെട്ട ജീവിതം നയിക്കാന്‍ അവര്‍ക്കു സാധിക്കില്ല. എന്നാല്‍ അന്യന്‍റെ സ്വകാര്യതയോടുള്ള ആദരവ് എന്ന പേരില്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താതെ അവരെ അവഗണിച്ചുകളയാനുള്ള പ്രവണത ഇന്നത്തെ സമൂഹത്തിലുണ്ട് എന്നും മാര്‍പാപ്പ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍ എന്ന ശ്രേഷ്ഠ കല്‍പന മറ്റുള്ളവരുടെ ശാരീരികവും ആത്മീയവുമായ നന്മ ലക്ഷൃം വച്ചു പ്രവര്‍ത്തിക്കുവാന്‍ നമ്മെ ക്ഷണിക്കുന്നു. സ്നേഹപൂര്‍വ്വമായ തിരുത്തലുകളും പരസ്നേഹത്തിന്‍റെ ഭാഗമാണ്. ക്രൈസ്തവ ശിക്ഷണം കുറ്റാരോപണമോ പ്രത്യാരോപണമോ അല്ല. അപരന്‍റെ നന്മയ്ക്കായുളള ശിക്ഷണം സ്നേഹവും കരുണയും നിറഞ്ഞതാണെന്ന് മാര്‍പാപ്പ വിശദീകരിച്ചു. അന്യരിലുള്ള നന്മയെ പ്രതി ദൈവത്തിനു നന്ദിപറയുന്നതും പരസ്നേഹത്തിന്‍റെ പ്രകടനമാണ്. ദൈവം അന്യരില്‍ ചെയ്യുന്ന അത്ഭുതകരമായ പ്രവര്‍ത്തികളും ദൈവിക കൃപയുടെ സഹായത്താല്‍ അവര്‍ ചെയ്യുന്ന സത്പ്രവര്‍ത്തികളും തിരിച്ചറിഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തുന്നതും പരസ്നേഹത്തിന്‍റെ ഭാഗമാണ്. നമ്മുടേയും മറ്റുള്ളവരുടേയും നന്മയ്ക്കുവേണ്ടി ദൈവം നല്‍കിയിരിക്കുന്ന ദാനങ്ങള്‍ യഥാവിധം പ്രയോജനപ്പെടുത്താതെ ആത്മീയമായ മന്ദോഷ്ണതയിലേക്കു നിപതിക്കാനുള്ള പ്രലോഭനത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയ പാപ്പ വിശ്വാസജീവിതത്തില്‍ നിരന്തരം അഭിവൃദ്ധി പ്രാപിക്കേണ്ടതാണെന്ന് ആത്മീയ ഗുരുക്കള്‍ നമ്മെ അനുസ്മരിപ്പിക്കുന്നുവെന്നും വിശദീകരിച്ചു.
ക്രിസ്തുവിനോടുള്ള വിശ്വസ്തതയില്‍ ക്രൈസ്തവര്‍ നല്‍കുന്ന ജീവിത സാക്ഷൃം ഇന്നത്തെ ലോകത്തിനാവശ്യമാണ്. പരസ്നേഹത്തിലും സേവനത്തിലും സത്പ്രവര്‍ത്തികളിലും അഭിവൃദ്ധി പ്രാപിച്ചുകൊണ്ട് ലോകത്തിനു സാക്ഷൃം നല്‍കാന്‍ അവര്‍ക്കു സാധിക്കണം. ഉത്ഥാനത്തിരുന്നാളിനായി ഒരുങ്ങുന്ന നോമ്പുകാലത്ത് ഈ ക്ഷണത്തിന്‍റെ പ്രസക്തി വര്‍ദ്ധിക്കുന്നുവെന്ന് പാപ്പ വിശ്വാസികളെ അനുസ്മരിപ്പിച്ചു.

അന്യരുടെ നന്മ മുന്‍നിറുത്തി, പരസ്നേഹത്തിലും ഐക്യത്തിന്‍റെ കൂട്ടായ്മയിലും അഭിവൃദ്ധി പ്രാപിച്ചുകൊണ്ട് വിശ്വാസ ജീവിതത്തില്‍ തുടരാന്‍ പാപ്പായുടെ സന്ദേശം വിശ്വാസികള്‍ക്കു പ്രചോദനമേകുമെന്ന് നോമ്പുകാല സന്ദേശത്തിന്‍റെ പ്രകാശന ചടങ്ങില്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സറാ അഭിപ്രായപ്പെട്ടു. സഹോദര സ്നേഹത്തോടെയുള്ള തിരുത്തലുകള്‍ക്ക് നല്‍കിയിരിക്കുന്ന പ്രാധാന്യം സന്ദേശത്തിന്‍റെ ഒരു പ്രധാന സവിശേഷതയാണ്. സത്യത്തിലും സ്നേഹത്തിലുമുള്ള തിരുത്തലുകളിലൂടെ ലഭിക്കുന്ന പ്രകാശം സമകാലിക സഭാ പ്രവര്‍ത്തനങ്ങള്‍ക്കു നവോന്‍മേഷം പകരട്ടെയെന്ന് കര്‍ദ്ദിനാള്‍ ആശംസിച്ചു.








All the contents on this site are copyrighted ©.