അന്താരാഷ്ട്ര പഠനശിബിരത്തിന് മാര്‍പാപ്പയുടെ ആശംസകള്‍
07 ഫെബ്രുവരി 2012, വത്തിക്കാന്‍ “സൗഖ്യത്തിലേക്കും നവീകരണത്തിലേക്കും” എന്ന പ്രമേയവുമായി
റോമിലെ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര പഠനശിബിരത്തിന് മാര്‍പാപ്പയുടെ
ആശംസകള്‍. വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ തടയാനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനും
വേണ്ടിയുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്കു രൂപം നല്‍കാനായി നൂറ്റിപ്പത്തോളം മെത്രാന്‍സമിതികളുടെ
പ്രതിനിധികളും സന്ന്യസ്ത മേലധികാരികളുമാണ് സമ്മേളിച്ചിരിക്കുന്നത്. ബാലപീഡനം എന്ന ദുരന്തത്തോട്
ക്രിസ്തുവിനു ചേര്‍ന്ന രീതിയില്‍ പ്രതികരിക്കാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍
അവര്‍ക്കു സാധിക്കട്ടെയെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ ആശംസിച്ചു. പീഡനങ്ങള്‍ക്ക് ഇരയായവരുടെ
സൗഖ്യത്തിന് ക്രൈസ്തവ സമൂഹം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. കുട്ടികളെയും പീഡനങ്ങള്‍ക്കു
വിധേയരാകാന്‍ സാധ്യതയുള്ള മുതിര്‍ന്നവരെയും സുരക്ഷിതമായി മാനുഷീക – ആത്മീയ തലത്തില്‍
വളരാന്‍ സഹായകമായ അന്തരീക്ഷം സഭയില്‍ ഉറപ്പുവരുത്താനായി സുവിശേഷാനുസൃതമായ പരസ്നേഹത്തോടെ
പ്രയത്നിക്കുന്നവര്‍ക്കു മാര്‍പാപ്പ പിന്തുണയും പ്രോത്സാഹനവുമേകി. വത്തിക്കാന്‍ സ്റ്റേറ്റ്
സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് മാര്‍പാപ്പയുടെ പേരില്‍ പഠനശിബിരത്തിന്
സന്ദേശമയച്ചത്.