2012-02-03 18:05:48

ആത്മീയ മൂല്യങ്ങള്‍ മാനവ വികസനത്തിന്‍റെ അടിസ്ഥാനം: കര്‍ദിനാള്‍ ടര്‍ക്സണ്‍


03 ജനുവരി 2012, ബാഗ്ലൂര്‍
മാനവിക വികസനത്തിന്‍റെ അടിസ്ഥാനം ആത്മീയ മൂല്യങ്ങളായിരിക്കണമെന്ന് നീതി സമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍. കെ. ടര്‍ക്സണ്‍. കത്തോലിക്കാമെത്രാന്‍മാരുടെ ദേശീയ സമിതിയുടെ (സി.ബി.സി.ഐ.) മുപ്പതാമത് പൊതുസമ്മേളനത്തില്‍ ഫെബ്രുവരി രണ്ടാം തിയതി വ്യാഴാഴ്ച നടത്തിയ പ്രഭാഷണത്തിലാണ് വത്തിക്കാനില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കര്‍ദ്ദിനാള്‍ ഇപ്രകാരം പ്രസ്താവിച്ചത്. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തീക അസമത്വം, പാര്‍ശ്വവല്‍ക്കരണം എന്നിവ സഭ ഗൗരവപൂര്‍വ്വം പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ നാലാമത്തെ സാമ്പത്തീക ശക്തിയായി വളര്‍ന്നിരിക്കുന്ന ഇന്ത്യയില്‍ 75 ശതമാനം പേരും 100 രൂപയില്‍ താഴെ വരുമാനമുള്ളവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ നിര്‍മാണത്തിന് കത്തോലിക്കാ സഭയ്ക്കു സഹകരിക്കാവുന്ന നിരവധി മേഖലകളുണ്ട്.
ക്രൈസ്തവദര്‍ശനം മനുഷ്യന്‍റേയും സമൂഹത്തിന്‍റേയും സമഗ്രവികസനമാണ് ലക്ഷൃമാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനും, മനുഷ്യാന്തസ്സിന്‍റെ സംരക്ഷണത്തിനും, സാര്‍വ്വത്രീക സഭയോടൊത്തു പരിശ്രമിക്കാന്‍ കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ മെത്രാന്‍മാരെ ആഹ്വാനം ചെയ്തു. സഭാനേതൃത്വത്തിന്‍റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം മാനവവികസനത്തിന് മികച്ച സംഭാവനകള്‍ നല്‍കാന്‍ കത്തോലിക്കാസഭയ്ക്കു ശക്തി പകരും. സഭാ നേതാക്കള്‍ ഐക്യത്തിന്‍റെ മാതൃകയായിരിക്കണമെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ ഉത്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.