2012-02-02 16:13:07

പ്രാര്‍ത്ഥന മാനുഷികതയെ
ബലപ്പെടുത്തുമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


2 ഫെബ്രുവരി 2012, വത്തിക്കാന്‍
ഫെബ്രുവരി 1-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടത്തിയ പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിലാണ് പാപ്പാ ക്രിസ്തുവിന്‍റെ ഗദ്സേമിനിയിലെ പ്രാര്‍ത്ഥനയെ അധാരമാക്കി ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. അന്ത്യത്താഴ വിരുന്നിനുശേഷമാണ് ക്രിസ്തു രാത്രിയുടെ യാമത്തില്‍ ഗദ്സേമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിച്ചത്. നിത്യനായ ദൈവപുത്രന്‍ തന്‍റെ പീഡാസഹനത്തിനും മരണത്തിനും ഒരുക്കമായി ഏകനായി പിതാവിനോടു പ്രാര്‍ത്ഥിച്ചു. ഗദസേമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിച്ച ക്രിസ്തുവിനോടൊപ്പം ശിഷ്യന്മാരായ പത്രോസും യാക്കോബും യോഹന്നാനും ഉണ്ടായിരുന്നു. അവിടുന്നു നടന്ന കുരിശിന്‍റെ പാതയില്‍ എന്നും ചരിക്കുവാന്‍ ഓരോ ക്രിസ്തു ശിഷ്യനുമുള്ള ദൈവിക ക്ഷണമാണ് ഗദ്സേമിനിയിലെ മൂന്നു ശിഷ്യന്മാരുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നത്.
മരണത്തോട് അടുത്തപ്പോഴാണ് ദൈവപുത്രനായ ക്രിസ്തുവിന്‍റെ മാനുഷികത കൂടുതല്‍ വെളിപ്പെട്ടത്.
ഈ മാനുഷികത സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന് വിളിച്ചപേക്ഷിക്കുന്ന പ്രാര്‍ത്ഥനയിലും തെളിഞ്ഞുനില്ക്കുന്നു. ഗദ്സേമിനിയിലെ പ്രാര്‍ത്ഥന മരണവ്യഥയുടെ മുന്നിലെ ക്രിസ്തുവിന്‍റെ മാനുഷികമായ ഭീതി പ്രകടമാക്കുന്നതോടൊപ്പം പിതാവിന്‍റെ തിരുഹിതത്തോടുള്ള അനുസരണയും വെളിപ്പെടുത്തുന്നു. എന്‍റെ ഇഷ്ടമല്ല, അവിടുത്തെ തിരുവിഷ്ടം നിറവേറട്ടെ, എന്ന ക്രിസ്തുവിന്‍റെ വാക്കുകള്‍ പൂര്‍ണ്ണമായ മാനുഷികതയില്‍ ദൈവകരങ്ങളിലേയ്ക്കുള്ള അവിടുത്തെ സമ്പൂര്‍ണ്ണ സമര്‍പ്പണം വെളിപ്പെടുത്തുന്നതായിരുന്നു. നമ്മുടെ മാനുഷികതയും പൂര്‍ണ്ണത പ്രാപിക്കണമെങ്കില്‍ ദൈവത്തിലുള്ള പരിപൂര്‍ണ്ണ വിധേയത്വം ആവശ്യമാണെന്ന് ക്രിസ്തുവിന്‍റെ ഗദ്സേമിനിയിലെ പ്രാര്‍ത്ഥന പഠിപ്പിക്കുന്നു.

പിതാവിനോടുള്ള പുത്രന്‍റെ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെയാണ് ഉത്ഭവപാപത്തിന്‍റെ ബന്ധനത്തില്‍നിന്നും മനുഷ്യര്‍ മോചനംനേടി ദൈവമക്കള്‍ക്കുള്ള സ്വാതന്ത്ര്യം ആര്‍ജ്ജിച്ചത്.
ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനയെ കേന്ദ്രീകരിച്ചുള്ള ഈ ചിന്തകള്‍ നമ്മുടെ അനുദിന ജീവിതത്തില്‍ ദൈവഹിതം തിരിച്ചറിയുന്നതിനു സഹായകമാവട്ടെ. ദൈവമേ, അങ്ങേ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലും നിറവേറട്ടെ, എന്ന മനുഷ്യഹൃദയങ്ങളുടെ അനുദിന യാചന യാഥാര്‍ത്ഥ്യമാക്കുവാന്‍ ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനയുടെ ധ്യാനം ഏവരെയും സഹായിക്കട്ടെ.
-ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ









All the contents on this site are copyrighted ©.