2012-02-01 19:55:00

നവഭാരത നിര്‍മ്മിതിക്ക്
സഭയുടെ പങ്ക്


01 ഫെബ്രുവരി 2012, ബാംഗളൂര്‍
‘നവഭാരത നിര്‍മ്മിതിക്ക് സഭയുടെ പങ്ക്,’ എന്ന പ്രമേയവുമായി ഭാരതത്തിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വാര്‍ഷിക സമ്മേളനത്തിന് ബാംഗളൂരില്‍ തിരിതെളിഞ്ഞു.
ഫെബ്രുരി 1-ാം തിയതി ബുധനാഴ്ച രാവിലെയാണ് ദേശീയ മെത്രാന്‍ സമിതിയുടെ 30-ാം പൊതുസമ്മേളനത്തിന് ഇന്ത്യയുടെ ഉദ്യാനപട്ടണമായ ബാംഗളൂരിലെ സെന്‍റ് ജോണ്‍സ് മെഡിക്കള്‍ കേളെജ് ഓഡിറ്റോറിയത്തില്‍ തുടക്കംകുറിച്ചത്. നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍, ജെര്‍മ്മനിയിലെ മിസെരെയോര്‍ ജീവകാരുണ്യ പ്രവര്‍ത്തന സംഘടനയുടെ പ്രസിഡന്‍റ് ഡോക്ടര്‍ ജോസഫ് സ്വേയര്‍, ഇന്ത്യടെ മുന്‍ഇലക്ക്ഷന്‍ കമ്മിഷണര്‍ നവീന്‍ ചൗള, ജവഹര്‍ലാല്‍ നേറു യൂണിവേഴ്സിറ്റി പ്രഫസര്‍ ടി. കെ ഉമ്മന്‍, ഇന്ത്യന്‍ സോഷ്യന്‍ ഇന്‍സ്റ്റിട്ട്യൂട്ടിന്‍റെ മുന്‍ഡയറക്ടര്‍ ഡോക്‍ടര്‍ റിഡി ഹേര്‍ദിയ എന്നിവര്‍ മുഖ്യപ്രമേയത്തെ അധികരിച്ച് പ്രഭാഷണങ്ങള്‍ നടത്തുമെന്നും ബാംഗളൂരില്‍നിന്നും വത്തിക്കാന്‍ റേഡിയോയ്ക്കു ലഭിച്ച സിബിസിഐയുടെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.

സാമൂഹ്യകൂട്ടായ്മയുടെയും സമത്വത്തിന്‍റെയും പാതയില്‍ ഭാരതത്തിലെ ജനങ്ങളെ നയിച്ചുകൊണ്ട് സാമൂഹ്യപുരോഗതി കൈവരിക്കുന്നതില്‍ വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയും കത്തോലിക്കാസഭ ആര്‍ജ്ജിച്ചിട്ടുള്ള നേട്ടങ്ങള്‍ വലുതാണെന്ന് സമ്മേളനത്തിന്‍റെ അദ്ധ്യക്ഷനും, മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

അഴിമതി രാഷ്ട്രീയം, പാവപ്പെട്ടവരുടെ ചൂഷണം, വിദ്യാഭ്യാസം പൊതുആരോഗ്യം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ കാണിക്കുന്ന അവഗണന എന്നിവ, വികസനത്തിന്‍റെ പാതയിലെ വെല്ലുവിളികളാണെന്നും, ഭാരതത്തിലെ വിവിധ സംസ്കാരങ്ങളോടും മതങ്ങളോടും
കൂട്ടായ്മയില്‍ വര്‍ത്തിച്ചുകൊണ്ട് നവഭാരത നിര്‍മ്മിതിക്കായി തുടര്‍ന്നും സഭ പരിശ്രമിക്കുമെന്ന് മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍കൂടിയായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവിച്ചു.
സമ്മേളനം ഫെബ്രുവരി 8-ാം തിയതിവരെ നീണ്ടുനില്കും.








All the contents on this site are copyrighted ©.