2012-01-31 16:24:02

മാര്‍പാപ്പയുടെ മെക്സിക്കോ- ക്യൂബ പര്യടനത്തിന്‍റെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു


31 ജനുവരി 2012, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയിലേക്കും കരിബീയന്‍ രാജ്യമായ ക്യൂബയിലേക്കും നടത്തുന്ന പര്യടനത്തിന്‍റെ വിശദാംശങ്ങള്‍ ജനുവരി 31ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. 2012 മാര്‍ച്ചു മാസം ഇരുപത്തിമൂന്നാം തിയതി ആരംഭിക്കുന്ന പേപ്പല്‍ പര്യടനം ഇരുപത്തിയൊന്‍പതാം തിയതി സമാപിക്കും.
ഇരുപത്തിമൂന്നാം തിയതി വെള്ളിയാഴ്ച മെക്സിക്കോയിലെ ലെയോണ്‍ നഗരത്തിലെത്തുന്ന മാര്‍പാപ്പ ഇരുപത്തിനാലാം തിയതി ശനിയാഴ്ച ഗ്വനജ്യാത്തോ പട്ടണത്തിലുള്ള പാര്‍ലമെന്‍റ് മന്ദിരം സന്ദര്‍ശിച്ച് പ്രസിഡന്‍റുമായി ഔപചാരിക കൂടിക്കാഴ്ച്ച നടത്തും. അന്നു വൈകീട്ട് സമാധാനചത്വരമെന്നറിയപ്പെടുന്ന വന്‍മൈതാനത്തു നടക്കുന്ന പൊതുജനസമ്മേളനത്തിലും മാര്‍പാപ്പ പങ്കെടുക്കും. ഇരുപത്തിയഞ്ചാം തിയതി ഞായറാഴ്ച സീലാവോ പ്രവിശ്യയിലുള്ള ക്രിസ്തുരാജന്‍റെ ഇരുപതടി വലുപ്പമുള്ള വെങ്കലപ്രതിമ സ്ഥിതിചെയ്യുന്ന ക്യൂബിലെത്തെ കുന്നിന്‍താഴ്വാരത്തുള്ള മൈതാനത്ത് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കപ്പെടും. ഞായറാഴ്ച വൈകീട്ട് ലെയോണ്‍ പട്ടണത്തിലേക്കു യാത്രയാകുന്ന മാര്‍പാപ്പ ലെയോണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് ലാറ്റിനമേരിക്കയിലേയും കരീബിയന്‍ ദ്വീപുകളിലേയും മെത്രാന്‍മാരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തും. ഇരുപത്തിയാറാം തിയതി തിങ്കളാഴ്ച മാര്‍പാപ്പ മെക്സിക്കോയില്‍ നിന്നും ക്യൂബയിലേക്കു യാത്രയാകും.
മാര്‍ച്ചു മാസം ഇരുപത്തിയാറാം തിയതി മുതല്‍ ഇരുപത്തിയെട്ടാം തിയതി വരെയാണ് പാപ്പ ക്യൂബയില്‍ പര്യടനം നടത്തുന്നത്. ഇരുപത്തിയാറാം തിയതി തിങ്കളാഴ്ച ക്യൂബയിലെ സാന്തിയാഗോ പട്ടണത്തിലെത്തുന്ന മാര്‍പാപ്പയ്ക്കു പ്രസിഡന്‍റ് റൗള്‍ കാസ്ട്രോ സ്വാഗതമേകും. കോബ്രെയിലെ ഉപവിയുടെ കന്യകാനാഥയുടെ തിരുസ്വരൂപം കണ്ടെത്തിയതിന്‍റെ നാനൂറാം വാര്‍ഷികാഘോഷങ്ങളുടെ സമാപനദിവ്യബലിയില്‍ മാര്‍പാപ്പ മുഖ്യകാര്‍മ്മീകത്വം വഹിക്കും. ഇരുപത്തിയാറാം തിയതി തിങ്കളാഴ്ച അന്തോണിയോ മാസെയോ വിപ്ലവ ചത്വരത്തിലാണ് ദിവ്യബലിയര്‍പ്പണം.
ഇരുപത്തിയേഴാം തിയതി ചൊവ്വാഴ്ച മാര്‍പാപ്പ കോബ്രെയിലെ ഉപവിയുടെ കന്യകാനാഥയുടെ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കും. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് സാന്തിയാഗോ പട്ടണത്തില്‍ നിന്നും തലസ്ഥാനഗരമായ ഹവാനയിലേക്കു യാത്രയാകുന്ന പാപ്പ അവിടെ വച്ച് പ്രസിഡന്‍റ് റൗള്‍ കാസ്ട്രോയുമായി കൂടിക്കാഴ്ച്ച നടത്തും. ഇരുപത്തിയെട്ടാം തിയതി ബുധനാഴ്ച ഹവാനയിലെ ഹോസെ മാര്‍ത്തി വിപ്ലവ ചത്വരത്തില്‍ വച്ച് ആയിരക്കണക്കിനു വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ മാര്‍പാപ്പ സാഘോഷ ദിവ്യബലിയര്‍പ്പിക്കും. ബുധനാഴ്ച വൈകീട്ട് ഔദ്യോഗിക യാത്രയയപ്പു ചടങ്ങുകള്‍ക്കുശേഷം ക്യൂബയില്‍ നിന്നും വിടവാങ്ങുന്ന മാര്‍പാപ്പ ഇരുപത്തിയൊന്‍പതാം തിയതി വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ റോമില്‍ തിരിച്ചെത്തും.








All the contents on this site are copyrighted ©.