2012-01-31 16:25:29

പേപ്പല്‍ സന്ദര്‍ശനം: മെക്സിക്കോയില്‍ വന്‍ ഒരുക്കങ്ങള്‍ - മെക്സിക്കന്‍ സ്ഥാനപതി


31 ജനുവരി 2012, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സ്വീകരിക്കാനായി മെക്സിക്കോയില്‍ വന്‍ ഒരുക്കങ്ങള്‍ നടക്കുകയാണെന്ന് വത്തിക്കാനിലെ മെക്സിക്കന്‍ സ്ഥാനപതി ഹെക്ടര്‍ ലിംങ് ആള്‍ത്തമിറാനോ. പാപ്പ സന്ദര്‍ശിക്കാന്‍ പോകുന്ന ഗ്വനജ്വാത്തോ സംസ്ഥാനത്താണ് പര്യടനത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതെങ്കിലും രാജ്യം മുഴുവന്‍ അതിന്‍റെ ആവേശത്തിലാണെന്ന് ഹെക്ടര്‍ ആള്‍ത്തമിറാനോ വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. മാര്‍പാപ്പയെ കാണാനും പാപ്പായുടെ വാക്കുകള്‍ ശ്രവിക്കാനുമായി രണ്ടായിരത്തിലധികം കിലോമീറ്ററുകള്‍ സഞ്ചരിക്കാന്‍ തയ്യാറെടുക്കുന്ന ജനസമൂഹങ്ങളുണ്ട്.
പത്രോസിന്‍റെ പിന്‍ഗാമിയായ മാര്‍പാപ്പയെ ഏറെ ആദരിക്കുന്ന മെക്സിക്കന്‍ ജനത മരിയഭക്തിയില്‍ അടിയുറച്ച ക്രൈസ്തവവിശ്വാസത്തോടെയാണ് സാമൂഹ്യ സാമ്പത്തീക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നത്. 87ദശലക്ഷത്തോളം വരുന്ന കത്തോലിക്കര്‍ രാജ്യത്തെ ആകെ ജനസംഖ്യയുടെ 83 ശതമാനമാണ്. നഷ്ടങ്ങളെ ഓര്‍ത്തു വിലപിക്കാതെ വെല്ലുവിളികളെ നേരിടാനായി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനവും പ്രഭാഷണങ്ങളും മെക്സിക്കന്‍ ജനതയ്ക്കു ശക്തിപകരുമെന്നും ആള്‍ത്തമിറാനോ അഭിപ്രായപ്പെട്ടു. അമേരിക്കന്‍-മെക്സിക്കോ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം, വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് കടത്തും ഉപയോഗവും, അക്രമങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങിയ നിരവധി വെല്ലുവിളികള്‍ മെക്സിക്കോ നേരിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.








All the contents on this site are copyrighted ©.