2012-01-26 17:31:40

ദാരിദ്രൃവും
നിരക്ഷരതയും
ബാക്കിനില്ക്കേ!
Republic Day


26 ജനുവരി 2012, ഡല്‍ഹി
മൂല്യങ്ങളില്‍ അടിയുറച്ച വികസിത ഭാരതം വിഭാവനം ചെയ്യണമെന്ന് ഇന്ത്യയുടെ രാഷ്ട്രപതി, പ്രതിഭാ പട്ടീല്‍ ഡല്‍ഹിയില്‍ പ്രസ്താവിച്ചു. ഭാരതത്തിന്‍റെ 63-ാമത് റിപ്പബ്ളിക്ക് ദിനത്തിനൊരുക്കമായി ജനുവരി 25-ാം തിയതി വൈകുന്നേരം മാധ്യമങ്ങളിലൂടെ രാഷ്ട്രത്തെ അഭിസംബോധനചെയ്തുകൊണ്ടു നല്കിയ സന്ദേശത്തിലാണ് പ്രസിഡന്‍റ്, പ്രതിഭാ പട്ടീല്‍ ഇപ്രകാരം ആഹ്വാനംചെയ്തത്. വെല്ലുവിളികള്‍ ഏറിയതും സങ്കീര്‍ണ്ണവുമായ ഇന്നത്തെ ലോകത്ത് വികസനത്തെ സാമ്പത്തിക വികസനം മാത്രമായി കാണുന്നത് അപകടകരമാണെന്നും, ബാഹ്യമായ പുരോഗതിക്കൊപ്പം മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങളില്‍ അടിയുറച്ച പുരോഗതിക്കായി ഒത്തൊരുമിച്ച് പരിശ്രമിക്കണമെന്നും ഓരോ ഭാരതീയനോടും റിപ്പബ്ളിക്ദിന സന്ദേശത്തില്‍ പ്രസിഡന്‍റ് ആഹ്വാനംചെയ്തു. ദാരിദ്ര്യം, വിശപ്പ്, പോഷകാഹാരക്കുറവ്, നിരക്ഷരത എന്നിവയാണ് രാഷ്ട്രം അടിയന്തിരമായി നേരിടുന്ന പ്രശ്നങ്ങളെന്നും, അവയ്ക്കാണ് ഇന്ന് പരിഗണനയും മുന്‍ഗണനയും നല്കിയിരിക്കുന്നതെന്നും പ്രസിഡന്‍റ് പ്രസ്താവിച്ചു. രാഷ്ട്രത്തിന്‍റെ എല്ലാ സാമൂഹ്യക്ഷേമ പദ്ധതികളെല്ലാം കാര്യക്ഷമമാക്കിക്കൊണ്ട് ഈ മേഖലകളില്‍ കഠിനാദ്ധ്വാനത്തിലൂടെ സമഗ്രവും സ്ഥായിയുമായ പുരോഗതി ആര്‍ജ്ജിക്കുവാന്‍ അതിവേഗം ഒത്തൊരുമിച്ചു പരിശ്രമിക്കണമെന്നും പ്രതിഭാ പട്ടീല്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
സമൂഹ്യ സാമ്പത്തിക പുരോഗതിക്കൊപ്പം ലോക പുരോഗതിയുടെ തട്ടകത്തില്‍ ഭാരതം ധാര്‍മ്മിക ശക്തിയാണെന്നും, സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും നീതിയുടെയും മാനുഷിക മൂല്യങ്ങള്‍ക്കൊപ്പം, ജനാധിപത്യപരമായ മൂല്യങ്ങളും അനുദിന ജീവിതത്തില്‍ ധ്വംസിക്കപ്പെടാതെ രാഷ്ട്രത്തെ ബലപ്പെടുത്താന്‍ ഓരോ ഭാരതീയനും അഭിമാനപുരസരം പരിശ്രമിക്കണമെന്നും പ്രസിഡന്‍റ് അഭ്യര്‍ത്ഥിച്ചു.
സ്വന്തം വളര്‍ച്ചയ്ക്കുമപ്പുറം സഹോദര്യത്തിന്‍റെയും സമത്വത്തിന്‍റെയും നീതിയുടെയും ക്ഷേമരാഷ്ട്രം പടുത്തുയര്‍ത്തുവാന്‍ സഹകരിക്കണമെന്നും യുവജനങ്ങളോടും പ്രസിഡന്‍റ് പ്രത്യേകമായി റിപ്പബ്ളിക്ക് ദിനസന്ദേശത്തില്‍ ആഹ്വാനംചെയ്തു.








All the contents on this site are copyrighted ©.