2012-01-26 17:10:59

കൃപാവരത്തിന്‍റെ കരുത്താണ്
ക്രിസ്തുവിലുള്ള രൂപാന്തരീകരണം


26 ജനുവരി 2012, വത്തിക്കാന്‍
ക്രിസ്തുവിലുള്ള രൂപാന്തരീകരണം കൃപാവരത്തിന്‍റെ കരുത്താണെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സഭൈക്യവാര സമാപനദിനത്തില്‍ ഉദ്ബോധിപ്പിച്ചു. ജനുവരി 25-ാം തിയതി ബുധനാഴ്ച, റോമന്‍ ചുവരിനുള്ള പുറത്തുള്ള വിശുദ്ധ പൗലോസ് ശ്ലീഹായുടെ ബസിലിക്കയില്‍ സായാഹ്ന പ്രാര്‍ത്ഥനമദ്ധ്യേ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര തിരുനാളുമായി ഒത്തുചേരുന്ന സഭൈക്യവാര സമാപനദിനത്തിലാണ്, ക്രിസ്തുവിലുള്ള നിഗൂഢമായ രൂപാന്തരീകരണത്തെക്കുറിച്ച് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചത്.
ദൈവിക ഐക്യത്തിലേയ്ക്കുള്ള വ്യക്തികളുടെ രൂപാന്തരീകരണം, ആന്തരിക വിചിന്തനത്തിന്‍റെയോ പരിശ്രമത്തിന്‍റെയോ ഫലമല്ല, മറിച്ച് മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ ദൈവകൃപയുടെ കരുത്താലുള്ള യഥാര്‍ത്ഥമായ ആന്തരിക മാറ്റമാണെന്ന്, ക്രിസ്തുവിന്‍റെ അത്യുജ്ജ്വല സുവിശേഷ പ്രഘോഷകനായിരുന്ന പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തരം ചൂണ്ടിക്കാണിച്ചുകൊണ്ട്
പാപ്പ വിശദീകരിച്ചു.
പൗലോശ്ലീഹായുടെ മാനസാന്തരത്തെ മൗലികവും സത്താപരവുമെന്ന് വിശേഷിപ്പിച്ച പാപ്പ, ക്രിസ്തുവിന്‍റെ പുനരുത്ഥാന വിജയത്താല്‍ അവിടുത്തോട് വ്യക്തിയെ അനുരൂപപ്പെടുന്ന പ്രക്രിയയുടെ ഉദാത്തമായ മാതൃകയാണതെന്നും പ്രസ്താവിച്ചു.
എല്ലാവരും ഒന്നാകുന്നതിന്, യോഹന്നാന്‍ 17, 21 എന്ന അന്ത്യത്താഴ വിരുന്നിലെ ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനയിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്ന ഐക്യത്തിലൂടെ ഏകസഭയെന്ന വലിയ ദൈവികപദ്ധതിയുടെ പൂര്‍ണ്ണിമയിലെത്തിച്ചേരാന്‍ ഇടയാകട്ടെയെന്ന്, പാപ്പ പ്രത്യാശിച്ചു.

ആഗോളതലത്തില്‍ വിവധ ക്രൈസ്തവ സഭകളുടെ പ്രതിനിധികള്‍ പങ്കെടുത്ത സായാഹ്ന പ്രാര്‍ത്ഥനയുടെ സമാപനത്തില്‍, ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ കേട്ട് കോഹ് മാര്‍പാപ്പയ്ക്കും, സന്നിഹിതരായിരുന്ന
സഭാ പ്രതിനിധികള്‍ക്കും നന്ദിപറഞ്ഞു.









All the contents on this site are copyrighted ©.