2012-01-24 16:14:51

ശരീഅത്ത് കോടതിവിധി : കാശ്മീരിലെ ക്രൈസ്തവര്‍ ആശങ്കയില്‍


24 ജനുവരി 2012, കാശ്മീര്‍
ജമ്മു കാശ്മീരിലെ ശരീഅത്ത് കോടതി വിധിയില്‍ ക്രൈസ്തവ നേതാക്കള്‍ക്ക് ഉത്കണ്ഠ. ക്രൈസ്തവ മിഷനറിമാരെ രാജ്യത്തുനിന്ന് നിഷ്കാസനം ചെയ്യാനും ക്രൈസ്തവ വിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇസ്ലാം വിദ്യാഭ്യാസം നല്‍കാനും നിര്‍ദ്ദേശിച്ച ശരീഅത്ത് കോടതി വിധിയാണ് കാശ്മീരിലെ ക്രൈസ്തവസഭാനേതാക്കളെ ആശങ്കപ്പെടുത്തുന്നത്. മുസ്ലീമുകളെ കബളിപ്പിച്ചും നിര്‍ബന്ധിച്ചും ക്രൈസ്തവ മതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നുവെന്നാരോപിച്ച് പാസ്റ്റര്‍ സി.എം. ഖന്ന, അദ്ദേഹത്തിന്‍റെ സഹായി ഗയൂര്‍ മാസി, നെതര്‍ലാന്‍ഡ് സ്വദേശിയായ കത്തോലിക്കാ മിഷനറി വൈദീകന്‍ ഫാ.ജിം ബോഴ്സ്റ്റ് എന്നിവരെയാണ് രാജ്യത്തിനു പുറത്താക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
ശരീഅത്ത് കോടതിക്ക് ക്രൈസ്തവരുടെ മേല്‍ നിയമാധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ജമ്മു-ശ്രീനഗര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് പീറ്റര്‍ സെലസ്റ്റീന്‍ എലാംപശ്ശേരി സംസ്ഥാനത്തെ ശരീഅത്ത് കോടതി തങ്ങളെ വേട്ടയാടുന്നതില്‍ ക്രൈസ്തവസഭാംഗങ്ങള്‍ ആശങ്കാകുലരാണെന്ന് വെളിപ്പെടുത്തി. കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പുമന്ത്രിയെ കണ്ട് സംസ്ഥാനത്ത് ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുമെന്ന് ബിഷപ്പ് എലാംപശ്ശേരി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ശരിയത്ത് കോടതിവിധിയില്‍ അഖില ഭാരത ക്രൈസ്തവ സമിതി (AICC) ഖേദം രേഖപ്പെടുത്തി. നിര്‍ബന്ധിച്ചോ കബളിപ്പിച്ചോ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ കത്തോലിക്കാസഭ അംഗീകരിക്കുന്നില്ലെന്ന് സമിതി വ്യക്തമാക്കി.








All the contents on this site are copyrighted ©.