2012-01-24 16:14:27

നിശബ്ദതയും വചനവും: സുവിശേഷവല്‍ക്കരണത്തിന്‍റെ പാത 46ാമത് ആഗോള സമ്പര്‍ക്കമാധ്യമദിന സന്ദേശം


24 ജനുവരി 2012, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നാല്‍പ്പത്തിയാറാമത് ആഗോളസമ്പര്‍ക്കമാധ്യമ ദിനത്തോടനുബന്ധിച്ചു നല്‍കുന്ന സന്ദേശം വി. ഫ്രാന്‍സീസ് സാലസിന്‍റെ തിരുന്നാള്‍ ദിനമായ ജനുവരി ഇരുപത്തിനാലാം തിയതി വത്തിക്കാന്‍ പുറത്തിറക്കി. സാമൂഹ്യ സമ്പര്‍ക്കമാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് അന്തോണിയോ മരിയ ചേല്ലിയാണ് ചൊവ്വാഴ്ച്ച വത്തിക്കാനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വച്ച് സന്ദേശം പ്രകാശനം ചെയ്തത്. നിശബ്ദതയും വചനവും: സുവിശേഷവല്‍ക്കരണത്തിന്‍റെ പാത എന്ന പ്രമേയത്തോടെ 2012 മെയ്മാസം 20ാം തിയതിയാണ് നാല്‍പ്പത്തിയാറാമത് ആഗോളസമ്പര്‍ക്കമാധ്യമദിനം സാര്‍വ്വത്രീക സഭ ആചരിക്കുന്നത്.
വചനവും നിശബ്ദതതയും അനുപൂരകമാകുമ്പോഴാണ് ആശയവിനിമയം അര്‍ത്ഥസംമ്പുഷ്ടമാകുന്നതെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ പ്രസ്താവിച്ചു. നിശബ്ദതതയിലാണ് അന്യരെ ശ്രവിക്കാനും നമ്മെത്തന്നെ മനസിലാക്കാനും നമുക്കു സാധിക്കുന്നത്. നിശബ്ദതയില്‍ തന്നെയാണ് ആശയങ്ങള്‍ ജനിക്കുന്നതും അര്‍ത്ഥവ്യാപ്തി പ്രാപിക്കുന്നതും. ദൈവത്തിന്‍റെ മഹനീയ സ്നേഹം കുരിശിലെ മൗനത്തില്‍ വാചാലമാകുന്നു. നിശബ്ദതയില്‍ ദൈവം നമ്മോടു സംസാരിക്കുന്നതുപോലെ അവിടുത്തെക്കുറിച്ചും അവിടുത്തോടും സംസാരിക്കാനുള്ള സാധ്യതകള്‍ നാം കണ്ടെത്തുന്നതും നിശബ്ദതയിലാണ്.
മനുഷ്യാസ്തിത്വത്തെ സംബന്ധിച്ച അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് ക്രിസ്തുരഹസ്യത്തില്‍ നാം കണ്ടെത്തുന്ന ഉത്തരം മാനവഹൃദയത്തെ ശാന്തിയിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു. സഭയുടെ പ്രേഷിത ദൗത്യത്തിന്‍റെ ഉറവിടമായ ക്രിസ്തുരഹസ്യം പ്രത്യാശയുടേയും രക്ഷയുടേയും പ്രഘോഷകരാകാനും നീതിയും സമാധാനവും വളര്‍ത്തുന്ന സ്നേഹത്തിന്‍റെ സാക്ഷികളാകാനും ക്രൈസ്തവരെ ആഹ്വാനം ചെയ്യുന്നു.
ആശയവിനിമയം നടത്താന്‍ പഠിക്കുകയെന്നാല്‍ ശ്രവിക്കാനും ധ്യാനിക്കാനും സംസാരിക്കാനും പഠിക്കുകയെന്നാണര്‍ത്ഥം. ഇന്നത്തെ ലോകത്ത് നവമായ രീതിയില്‍ ക്രിസ്തുവിനെ പ്രഘോഷിക്കുകയെന്ന സുവിശേഷവല്‍ക്കരണ ദൗത്യം ഏറ്റെടുത്തിരിക്കുന്നവരെ സംബന്ധിച്ച് അതിപ്രാധാന്യമര്‍ഹിക്കുന്നതാണ് വചനവും നിശബ്ദതയുമെന്ന് പാപ്പ സന്ദേശത്തില്‍ പ്രസ്താവിച്ചു. സാമൂഹ്യസമ്പര്‍ക്കമാധ്യമങ്ങളിലൂടെ കത്തോലിക്കാസഭ നടത്തുന്ന എല്ലാ സുവിശേഷവല്‍ക്കരണ പ്രവര്‍ത്തനങ്ങളേയും, നിശബ്ദതയില്‍ വചനം ശ്രവിച്ച് അതു പൂവണിയിപ്പിച്ച പരിശുദ്ധ കന്യകാ മറിയത്തിന്‍റെ മാധ്യസ്ഥതയില്‍ മാര്‍പാപ്പ സമര്‍പ്പിച്ചു.

ആഗോളസഭയില്‍ പൊതുവേ പെന്തക്കോസ്താ മഹോത്സവത്തിനു മുന്‍പു വരുന്ന ഞായറാഴ്ചയാണ് മാധ്യമ ദിനമായി ആഘോഷിക്കുന്നത്. അജപാലന സൗകര്യങ്ങള്‍ മാനിച്ച്, ഭാരതത്തില്‍ നവംമ്പര്‍ മാസത്തില്‍ ക്രിസ്തുരാജന്‍റെ തിരുനാളിനു മുന്‍പുള്ള ഞായറാഴ്ചയാണ് മാധ്യമദിനമായി ആചരിക്കുന്നത്.








All the contents on this site are copyrighted ©.