2012-01-23 18:12:10

സഹോദരസ്നേഹത്താല്‍ നേടേണ്ട
ദൈവികദാനമാണ് സഭൈക്യം


23 ജനുവരി 2012, വത്തിക്കാന്‍
(ക്രൈസ്തവൈക്യവാരത്തിലെ ഞായറാഴ്ച ജനുവരി 22-ാം തിയതി മാര്‍പാപ്പ വത്തിക്കാനില്‍ നല്കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍)

തന്‍റെ പീഡാനുഭവത്തിന്‍റെ തലേരാത്രിയില്‍ ക്രിസ്തു തന്‍റെ ശിഷ്യന്മാരോടൊത്തു നടത്തിയ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനയിലേയ്ക്ക് (യോഹ.17, 21) ഏവരേയും ക്ഷണിക്കുന്നു.
ക്രിസ്തുവിന്‍റെ പുനരുത്ഥാന വിജയത്താല്‍ സകലരും രൂപാന്തരപ്പെടട്ടെ (1 കൊറി. 15, 51-58)
എന്ന പൗലോസ് അപ്പസ്തോലന്‍റെ ചിന്തകളാണ് ഈ വര്‍ഷം സഭൈക്യവാരത്തിന്‍റെ പ്രമേയമായി സ്വീകരിച്ചത്. തന്നില്‍ വിശ്വസിക്കുന്നവരെ രൂപാന്തരപ്പെടുത്തുവാനും അവര്‍ക്ക് അമര്‍ത്യവും അനശ്വരവുമായ ജീവന്‍പകരുന്ന ക്രിസ്തുവിന്‍റെ പാപത്തിന്‍റെയും മരണത്തിന്‍റെയുംമേലുള്ള വിജയത്തെക്കുറിച്ച് ധ്യാനിക്കുവാനുമുള്ള ക്ഷണമാണ് സഭൈക്യവാരം. ക്രിസ്തുവിലുള്ള സമ്പൂര്‍ണ്ണ ഐക്യം ആഗ്രഹിക്കുന്നവര്‍ വിശ്വാസത്തിന്‍റെ രൂപാന്തരീകരണശക്തി തിരിച്ചറിയുകയും അത് അംഗീകരിക്കുകയും ചെയ്യുന്നു.

2011 നവംമ്പര്‍ മാസത്തില്‍ പോളണ്ടില്‍ ചേര്‍ന്ന സഭൈക്യ സമിതിയാണ് ഈ വര്‍ഷത്തെ ഐക്യവാരാഘോഷത്തിന്‍റെ പരിപാടികള്‍ ആസൂത്രണംചെയ്തത്. സംഘട്ടനങ്ങളുടെ ചരിത്രത്തിലൂടെ കടന്നുവന്നിട്ടുള്ളൊരു രാഷ്ട്രമാണ് പോളണ്ട്. പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് പോളിഷ് ജനതയ്ക്കു ലഭിച്ചത് അവരുടെ അടിയുറച്ച ക്രൈസ്തവ വിശ്വാസത്തില്‍നിന്നാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെ രൂപാന്തരീകരണശക്തി പോളിഷ് ജനതയുടെ ജീവിതത്തില്‍ എന്നും അലയടിക്കുന്നുണ്ട്. മനുഷ്യസ്വാതന്ത്ര്യത്തിന് ആത്മീയ മാനമുണ്ടെന്നും യഥാര്‍ത്ഥമായ വിജയം ആഴമായ ആന്തരിക രൂപാന്തരീകരണത്തിന്‍റെ ഫലമാണെന്നും പോളിഷ് ജനത പ്രകൃത്യാ നൂറ്റാണ്ടുകളായി മനസ്സിലാക്കിയിട്ടുള്ളതാണ്.

ദൈവം അനുവദിച്ചെങ്കില്‍ മാത്രമേ ഐക്യത്തിനായുള്ള മാനുഷിക പരിശ്രമങ്ങള്‍ ഫലമണിയുകയുള്ളൂ. ക്രിസ്തുവില്‍ അനുരൂപരായി എല്ലാ സഭകളും അവിടുത്തെ നവജീവനില്‍ പങ്കുചേരുന്നതാണ് യഥാര്‍ത്ഥ വിജയവും ഐക്യവും. മാനുഷിക ബലഹീനതകള്‍ അംഗീകരിച്ചും അവയെ മറികടന്നും നാം എളിമയോടെ ദൈവത്തില്‍നിന്നും സ്വീകരിക്കേണ്ട ദാനമാണ് ഈ ഐക്യം. വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചിട്ടുള്ളതുപോലെ, “നേടിയെടുക്കേണ്ട ഏതു വിജയവും വലിയ സമര്‍പ്പണം ആവശ്യപ്പെടുന്നു.” അതിനാല്‍ ദൈവ്ത്തില്‍നിന്നു ലഭിക്കേണ്ട ഐക്യമാകുന്ന ദാനം സ്വീകരിക്കണമെങ്കില്‍ സഹോദര്യത്തില്‍ ഒന്നാകുന്ന നിത്യസമര്‍പ്പണം ക്രൈസ്തവസഭകളില്‍ ആവശ്യമാണ്. പതിറ്റാണ്ടുകളായുള്ള കത്തോലിക്കാ സഭയുടെ സ്വപ്നവും പരിശ്രമവുമാണ് സഭകള്‍ തമ്മിലുള്ള ഐക്യം. ക്രിസ്തുവിന്‍റെ അനുയായികളുടെയിടയില്‍ സമ്പൂര്‍ണ്ണ ഐക്യമുണ്ടാകുവാന്‍ നാം ഇനിയും എപ്രകാരം രൂപാന്തരപ്പെടണമെന്ന് മനസ്സിലാക്കുവാന്‍ ക്രിസ്തുവിന്‍റെ ഉത്ഥാനവിജയം നമ്മെ ഏവരെയും സഹായിക്കട്ടെ.

ജനുവരി 25-ാം തിയതി ബുധനാഴ്ച റോമന്‍ ചുവരിനു പുറത്തുള്ള പൗലോസ് ശ്ലീഹായുടെ ബസിലിക്കയില്‍ നടത്തപ്പെടുന്ന മാനസാന്തര തിരുനാള്‍ ദിനത്തിലെ സായാഹ്ന പ്രാര്‍ത്ഥനയില്‍
വിവധ ക്രൈസ്തവ സഭകളുടെയും സമൂഹങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഐക്യത്തിന്‍റെ സ്രോതസ്സായ ദൈവം സഭൈക്യ പരിശ്രമങ്ങളെ ഫലമണിയിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കാം. അതുപോലെ പുത്രസഹജമായ വാത്സല്യത്തോടും പ്രത്യാശയോടുംകൂടെ തിരുസഭയുടെ അമ്മയായ പരിശുദ്ധ കന്യകാ നാഥയുടെ തൃപ്പാദങ്ങളില്‍ എല്ലാ സഭൈക്യ ഉദ്യമങ്ങളെയും നമുക്കു സമര്‍പ്പിക്കാം.








All the contents on this site are copyrighted ©.