2012-01-23 17:37:01

നൈജീരിയായില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു


23 ജനുവരി 2012, അബൂജ
നൈജീരിയായില്‍ ബൊക്കൊ ഹറാം തീവ്രവാദസംഘത്തിന്‍റെ ആക്രമണങ്ങള്‍ തുടരുന്നു. ഉത്തര നൈജീരിയായിലെ കനോ പട്ടണത്തില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഇരുനൂറോളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ പോലിസ് സ്റ്റേഷനുകള്‍ക്കും സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കുമെതിരേ ആക്രമണങ്ങള്‍ നടന്നു. പ്രസിഡന്‍റ് ജോനാഥന്‍ ഗുഡ് ലക്ക് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണത്തെ ഐക്യരാഷ്ട്രസംഘടനയുടെ പൊതുകാര്യദര്‍ശി ബാന്‍ കി മൂണ്‍ അപലപിച്ചു. മനുഷ്യജീവനോടുള്ള അനാദരവാണ് ആക്രമണങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുതാര്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് മൂണ്‍ അന്നാട്ടിലെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ക്രൈസ്തവഭൂരിപക്ഷമുള്ള ജോസ് പ്രവിശ്യയിലേക്കു കനോപ്പട്ടണത്തിലെ ക്രൈസ്തവര്‍ പലായനം ചെയ്യുന്നുണ്ടെന്ന് ജോസ് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഇഗ്നാത്തിയോസ് കയിഗ്മ ഫീദെസ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ബൊക്ക ഹറാം ഭീകരവാദികള്‍ പൗരന്‍മാര്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കുമെതിരേ ആശ്ചര്യകരമായ വിധത്തിലാണ് ആസൂത്രിതവും സംഘടിതവുമായ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് അഭിപ്രായപ്പെട്ട ആര്‍ച്ചുബിഷപ്പ് കയിഗ്മ ആക്രമണങ്ങളെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തേണ്ടത് ആവശ്യമാണെന്ന് പ്രസ്താവിച്ചു. ആക്രമണത്തിലേര്‍പ്പെട്ട വ്യക്തികളെക്കുറിച്ചും അവര്‍ക്കു ലഭിച്ച പരിശീലനത്തെയും ആയുധങ്ങളെ പറ്റിയും അന്വേഷണങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.