2012-01-23 17:36:48

ക്യൂബ ജോണ്‍പോള്‍രണ്ടാമന്‍ മാര്‍പാപ്പയുടെ പര്യടനം അനുസ്മരിക്കുന്നു


23 ജനുവരി 2012, റോം
ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ക്യൂബന്‍ പര്യടനം അന്നാടിന്‍റെ ചരിത്രത്തിലെ അവിസ്മരണീയ സംഭവമായിരുന്നുവെന്ന് വത്തിക്കാനിലെ ക്യൂബന്‍ സ്ഥാനപതി എഡ്വാര്‍ദോ ഡെല്‍ഗാഡോ. 1998 ജനുവരി 21 മുതല്‍ 25 വരെ ജോണ്‍പോള്‍ മാര്‍പാപ്പ അന്നാട്ടില്‍ നടത്തിയ അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ ക്രിയാത്മക ഫലങ്ങള്‍ ഇന്നും പ്രകടമാണെന്നും വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ ഡെല്‍ഗാഡോ അഭിപ്രായപ്പെട്ടു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം മാത്രമല്ല അദ്ദേഹത്തിന്‍റെ പ്രബോധനങ്ങളും ദീര്‍ഘകാലത്തെ പേപ്പല്‍ അധികാരവും ക്യൂബന്‍ ജനത ആദരപൂര്‍വ്വം അനുസ്മരിക്കുന്നുണ്ട്.
പൗരസ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തുന്ന ക്യൂബന്‍ നയങ്ങളോട് പരിശുദ്ധ സിംഹാസനത്തിന് എതിര്‍പ്പുണ്ട്. എന്നാല്‍ പ്രകൃതി ദുരന്തങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ ആത്മീയവും ഭൗതീകവുമായ സഹായസഹകരണങ്ങളുമായി പരിശുദ്ധ സിംഹാസനം ക്യൂബന്‍ ജനതയ്ക്കു സാന്ത്വനം നല്‍കിയിട്ടുണ്ടെന്നും ഡെല്‍ഗാഡോ ചൂണ്ടിക്കാട്ടി.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അന്നാട്ടിലേക്കു 2012 മാര്‍ച്ചു മാസം 29 മുതല്‍ 29 വരെ നടത്താന്‍ പോകുന്ന സന്ദര്‍ശത്തിനായി ജനങ്ങള്‍ ആവേശപൂര്‍വ്വം ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. കോബ്രയിലെ ഉപവിയുട നാഥയുടെ സ്വരൂപവും വഹിച്ചുകൊണ്ടുള്ള ദേശീയ തീര്‍ത്ഥയാത്ര പേപ്പല്‍ സന്ദര്‍ശത്തിനായുള്ള നല്ലൊരു മുന്നൊരുക്കമാണ്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ അന്നാട്ടിലെ ജനങ്ങളെയും സമൂഹത്തേയും ക്രിയാത്മകമായി സ്വാധീനിക്കുമെന്നും എഡ്വാര്‍ദോ ഡെല്‍ഗാഡോ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.