2012-01-21 15:46:25

സുവിശേഷപരിചിന്തനം
22 ജനുവരി 2012
സീറോ മലബാര്‍ റീത്ത്


വിശുദ്ധ യോഹന്നാന്‍ 1, 29-34
ദനഹ മൂന്നാം ഞായര്‍
RealAudioMP3
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായുടെ തിരുമുറ്റത്ത് ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയാണ് ബര്‍ണ്ണീനിയുടെ നിലയ്ക്കാത്ത ജലധാരകള്‍. അംഗണത്തില്‍ തീര്‍ത്ഥാടകരുടെ തിരക്കൊഴിഞ്ഞപ്പോള്‍ ധാരാളം വെള്ളരി പ്രാവുകളും മണിപ്രാവുകളും പറന്നിറങ്ങി.
മനോഹരമായ ജലധാരകളില്‍നിന്നും ചിതറിവീഴുന്ന ജലത്തുള്ളികള്‍ കുടിച്ചും, അതില്‍ കളിച്ചും കുളിച്ചും പ്രാവുകള്‍ അംഗണം കീഴടക്കി. ചത്വരത്തില്‍ ചിതറിക്കിടക്കുന്ന ഭക്ഷണപ്പൊടികള്‍ കൊത്തിപ്പെറുക്കി കുറുങ്ങിയും കറങ്ങിയും പ്രാവുകള്‍ നടക്കുന്ന കാഴ്ച കണ്ണിന് ആനന്ദകരമായിരുന്നു.

അവയില്‍ ഒറ്റപ്പെട്ട ഒരു പ്രാവിനെ പിടിക്കാന്‍ ഒരു ചെറുബാലന്‍ പരിശ്രമിച്ചത് കൗതുകമുണര്‍ത്തിയ ദൃശ്യമായിരുന്നു. ബാലന്‍ അടുക്കുന്തോറും പ്രാവ് മെല്ലെ നടന്നകലും. കുട്ടി വേഗത കൂട്ടി. പിറകുതിരിഞ്ഞ് അവനെത്തന്നെ നോക്കി നടന്ന വെള്ളരിപ്രാവും തന്‍റെ വേഗത ആനുപാതികമായി വര്‍ദ്ധിപ്പിച്ചു. കൈയ്യെത്താ ദൂരമേ ഉണ്ടായിരുന്നുള്ളൂ. നീട്ടിയ കരവുമായി ബാലന്‍ പ്രാവിന്‍റെ പക്കലേയ്ക്ക് ഓടിയടുത്തു. പ്രാവ് തത്തിത്തത്തി, പിടികൊടുക്കാതെ, അകലം കാത്തുപാലിച്ചു. ഒരു കുതികൊണ്ട് പ്രാവിനെ പിടിക്കാമെന്നു കരുതി ബാലന്‍ വീണ്ടും ഓടി. അപ്പോഴേയ്ക്കും, അതാ, പ്രാവ് ചിറകുവിരിച്ച് പറന്നുയര്‍ന്നു. ഈ പ്രക്രിയ മൂന്നു തവണ ആവര്‍ത്തിക്കപ്പെട്ടു. കൗതുകത്തോടെ പലരും ഈ കളി കണ്ടുനിന്നു. അപ്പോഴേയ്ക്കും ക്ഷീണിതനായ ബാലന്‍ അവന്‍റെ അമ്മയുടെ അടുത്തുപോയി ഭക്ഷണപ്പൊതി വാങ്ങി, മാറിയിരുന്നു കഴിക്കാന്‍ തുടങ്ങി. ആശ്ചര്യമെന്നു പറയട്ടെ, അവന്‍ ഓടിച്ചിട്ട ആ വെള്ളരിപ്രാവു പറന്നുവന്ന് ഒരു നിമിഷം അവന്‍റെ തോളിലിരുന്നു...

ദൈവം നമ്മെ അനുദിനം വിളിക്കുന്നു. അവിടുത്തെ തേടുന്നവരുടെ പക്കലേയ്ക്ക് അവിടുന്ന് അടുത്തു വരുന്നുമുണ്ട്. മാനുഷിക ഇച്ഛയുടെമേല്‍ കൃപാസ്ര്‍ശം സമൃദ്ധമായി ആവസിക്കപ്പെടുന്നു. പ്രാക്കളെ ഓടിച്ചിടുന്ന എല്ലാ കുട്ടികളുടെയും തോളില്‍ പ്രാവ് വന്നിരിക്കാറില്ല. ദൈവവും ചിലരെ വിളിക്കുന്നു, പ്രത്യേകമായി മറ്റുചിലരെ തിരഞ്ഞെടുക്കുന്നു.

വിളിയുടെ ആഖ്യാനങ്ങള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ നിരവധിയുണ്ട്. അവയില്‍ ഏറെ ശ്രദ്ധേയമാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം വായിക്കുന്ന ക്രിസ്തു തന്‍റെ ആദ്യ ശിഷ്യന്മാരെ വിളിക്കുന്ന ഭാഗം.
..................................................................................................................................................................
പഴയനിയമത്തിലും വിളിയുടെ മനോഹരമായ മാതൃകളുണ്ട്. അവയില്‍ സാമുവലിന്‍റെ വിളി ശ്രദ്ധേയമാണ്. ഇസ്രായേലിന്‍റെ വാഗ്ദത്ത പേടകം ജരൂസലേമിലേയ്ക്ക്
മാറ്റി സ്ഥാപിക്കുന്നതിനു മുന്‍പ് സൂക്ഷിച്ചിരുന്ന സീലോഹായിലുള്ള ദേവാലയത്തിന്‍റെ ശുശ്രൂഷകനായിരുന്ന പുരോഹിതനായ ഏലി. സാമുവല്‍ പ്രവാചകന്‍റെ ദൈവവിളി തിരിച്ചറിഞ്ഞതും യുവാവായ സാമുവലിനെ ദൈവികദൗത്യത്തിലേയ്ക്ക് നയിക്കുന്നതും ഏലിതന്നെയാണ്. ബാലനായിരുന്ന കാലംമുതല്‍ കര്‍ത്താവിന്‍റെ ശുശ്രൂഷയില്‍ സ്വയം സമര്‍പ്പിച്ച സാമുവല്‍, സീലോഹായിലെ ദേവാലയത്തില്‍ ശുശ്രൂഷചെയ്യവേയാണ് കര്‍ത്താവു വിളിച്ചത്.

1 സാമുവല്‍ 3, 9.
ഒരു രാത്രിയില്‍ ആരോ തന്നെ വിളിക്കുന്നതായി മൂന്നു പ്രാവശ്യം സാമൂവല്‍ കേട്ടു. ദേവാലയത്തില്‍ പാര്‍ത്തിരുന്ന പുരോഹിതന്‍ ഏലി തന്നെ വിളിക്കുകയാണെന്നു വിചാരിച്ച് മൂന്നു പ്രാവശ്യവും സാമുവല്‍ ഉണര്‍ന്ന് അദ്ദേഹത്തിന്‍റെ പക്കല്‍ചെന്നു. “എന്നെ അങ്ങു വിളിച്ചുവോ,” എന്ന് അന്വേഷിച്ചു. “വിളിച്ചില്ല മകനേ,” എന്നു മൂന്നു പ്രാവശ്യവും പറഞ്ഞ പുരോഹിതന്‍ ഏലിയാണ്, ദൈവമാണ് അവനെ വിളിക്കുന്നത് എന്ന സൂചന നല്കിയത്.

ഏലി സാമുവലിനോടു പറഞ്ഞു. “ഇപ്പോള്‍ നീ പോയി കിടന്നുകൊള്ളുക.
എന്നാല്‍ ഇനിയും നീ ആ വിളികേട്ടാല്‍, ഉണര്‍ന്നിരുന്ന് ഇങ്ങനെ പറയണം, കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു,” ഇങ്ങനെ നിര്‍ദ്ദേശിച്ചിട്ട് ഏലി സാമുവലിനെ പറഞ്ഞയച്ചു.

സാമുവല്‍ പോയിക്കിടന്നു. അപ്പോള്‍ കര്‍ത്താവ് മുന്‍പിലത്തേതുപ്പോലെതന്നെ, “സാമുവല്‍, സാമുവല്‍,” എന്നു വിളിച്ചു.
സാമുവല്‍ പ്രതിവചിച്ചു. “കര്‍ത്താവേ, അരുള്‍ചെയ്താലും, അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു.”
അങ്ങനെയാണ് സാമുവല്‍ കര്‍ത്താവിന്‍റെ സ്വരം തിരിച്ചറിഞ്ഞത്.
പുരോഹിതനായ ഏലിയുടെ പ്രേരണയിലാണ് കര്‍ത്താവില്‍നിന്നും സാമുവല്‍ പ്രവാചകദൗത്യം ഏറ്റെടുക്കുന്നതിന് സാമുവലിനെ സഹായിച്ചത്.
.........................................................................................................................................................................
ദൈവവിളിയുടെ ആഖ്യാനങ്ങള്‍ക്ക് പൊതുവായ ഘടനയുണ്ട്. വിളിക്കുന്ന ദൈവത്തിങ്കലേയ്ക്ക് വ്യക്തികളെ നയിക്കുന്നവര്‍ ദൈവവിളിയുടെ കാര്യത്തില്‍ ഏറെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നവരാണ്.
ക്രിസ്തു തന്‍റെ ആദ്യ ശിഷ്യന്മാരെ വിളിക്കുന്നതും, സാമുവല്‍ പ്രവാചകനെ ദൈവം വിളിക്കുന്നതുമായ ആഖ്യാനങ്ങള്‍ പരിശോധിച്ചാല്‍ ദൈവവിളിയുടെ പ്രായോക്താക്കളായ വ്യക്തികളെ വ്യക്തമായി കാണാം.
വിളിക്കുന്ന ദൈവത്തിന്‍റെ ശബ്ദം തിരിച്ചറിയുന്നതിനും
വിളിയോടു പ്രത്യുത്തരിക്കുന്നതിനും വിളിക്കപ്പെടുന്നവരെ സഹായിക്കുന്നതില്‍ മദ്ധ്യസ്ഥരായി നല്ക്കുന്ന വ്യക്തികളാണ് ദൈവവിളിയുടെ പ്രായോക്താക്കള്‍.

ക്രിസ്തുവിന്‍റെ ശിഷ്യന്മാരുടെ വിളിയെക്കുറിച്ചു പഠിക്കുമ്പോള്‍,
അതില്‍ പ്രായോക്താവായി വരുന്നത് സ്നാപകയോഹന്നാനാണ്.
വളരെ വിപുലമായൊരു സുഹൃദ് വലയം അല്ലെങ്കില്‍ ശിഷ്യവലയം യോഹന്നാനുണ്ടായിരുന്നു. അവരില്‍ ഗലീലിയായില്‍നിന്നുമുള്ള മുക്കുവന്മാരായ സഹോദരങ്ങളാണ് ക്രിസ്തുവിന്‍റെ ആദ്യ ശിഷ്യന്മാരായിത്തീരുന്നത് - സിമയോണ്‍ പത്രോസും അയാളുടെ സഹോദരന്‍ അന്ത്രയോസും, പിന്നെ സെബദീപുത്രന്മാരായ യോഹന്നാനും യാക്കോബും.
യോര്‍ദ്ദാന്‍ നദീക്കരയില്‍‍ ജ്ഞാനസ്നാനം സ്വീകരിച്ചശേഷം
അവിടെനിന്നും ക്രിസ്തു നടന്നു നീങ്ങവെയാണ്, സ്നാപകയോഹന്നാന്‍ തന്‍റെതന്നെ ശിഷ്യന്മാര്‍ക്ക് ക്രിസ്തുവിനെ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നത്.
ആദ്യം രണ്ടു സഹോദരന്മാര്‍ക്കാണ്- അന്ത്രയോസിനും യോഹന്നാനുമാണ് സ്നാപകന്‍ അവിടുത്തെ കാണിച്ചുകൊടുത്തത്.
“ഇതാ ദൈവത്തിന്‍റെ കുഞ്ഞാട്, ഇതാ ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്നവന്‍. നിങ്ങള്‍ ഇവനെ അനുഗമിക്കുവിന്‍.”
“ഇതാ, ക്രിസ്തു, ഇതാ രക്ഷകന്‍,” എന്നു പറയുന്നതിനു തുല്യമായിരുന്നു യോഹന്നാന്‍റെ ഈ പ്രസ്താവം. അങ്ങനെ സ്നാപകയോഹന്നാന്‍ നല്കിയ മാര്‍ഗ്ഗദര്‍ശനത്താല്‍ ക്രിസ്തുവിനെ അനുഗമിച്ചവരില്‍ എല്ലാവരുംതന്നെ അവിടുന്ന് രക്ഷകനാണെന്ന ഉറച്ചബോദ്ധ്യത്തില്‍ അവസാനംവരെ വിശ്വസ്തരായി അവിടത്തോടൊപ്പം ജീവിച്ചുവെന്ന് നമുക്കു കാണാം. രക്ഷകനെ കാണുകയും അവിടുത്തെ സ്വീകരിക്കുകയും ചെയ്തവര്‍ ആ സദ്വാര്‍ത്ത ഉടന്‍തന്നെ മറ്റുള്ളവരുമായും പങ്കുവയ്ക്കുന്നു. “ഞങ്ങള്‍ രക്ഷകനെ കണ്ടു”വെന്ന് അവര്‍ മറ്റുള്ളവരോട് പ്രഘോഷിക്കുകയും, അവരെയും ക്രിസ്തുവിന്‍റെ പക്കലേയ്ക്ക് ആനയിക്കുകയും ചെയ്യുന്നു. ഇപ്രകാരമാണ് ക്രിസ്തുവിനുചുറ്റം ഒരു വലിയ ശിഷ്യവൃന്ദം അതിവേഗം രൂപീകൃതമായത്.

വിശ്വാസ വളര്‍ച്ചയില്‍, വിശിഷ്യാ ദൈവത്തിനും സഹോദരങ്ങള്‍ക്കുമായുള്ള സമര്‍പ്പണ രംഗത്ത്, ആത്മീയ പ്രായോക്താവിന്‍റെ അല്ലെങ്കില്‍ ഉപദേഷ്ഠാവിന്‍റെ നിര്‍ണ്ണായകമായ പങ്കും പ്രാധാന്യവും ക്രിസ്തു-ശിഷ്യന്മാരുടെയും സാമുവല്‍ പ്രവാചകന്‍റെയും വിളിയുടെ പശ്ചാത്തലങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

ക്രൈസ്തവ ജീവിതത്തിലേയ്ക്കുള്ള വിളിതന്നെ സുവിശേഷസാക്ഷൃവും പ്രഘോഷണവും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ക്രിസ്തുവിനെ അടുത്ത് അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നാടും വീടും, സ്വന്തമായുള്ളതെല്ലാം പരിത്യജിച്ച്, സഭയാകുന്ന വലിയ കുടുംബത്തില്‍ തങ്ങളെത്തന്നെ സമര്‍പ്പിച്ചുകൊണ്ടാണ് സുവിശേഷ ദൗത്യം ഏറ്റെടുക്കുന്നത്. ക്രിസ്തുവിനായുള്ള സമര്‍പ്പണ ജീവിതത്തില്‍ വൈദികരും സന്ന്യസ്തരും സമൂഹത്തില്‍ നേതൃത്വസ്ഥാനമെടുത്തുകൊണ്ട് വ്യക്തികള്‍ക്ക് മാതൃകയും പ്രചോദനവുമാകേണ്ടതാണ്. അതുപോലെ തങ്ങളുടെ ആഴമായ വിശ്വാസവും സ്നേഹമുള്ള ജീവിതവും വിശ്വസ്തതയുംകൊണ്ട് മാതാപിതാക്കളും മക്കള്‍ക്ക് ദൈവസ്നേഹത്തിന്‍റെ മനോഹരമായ മാതൃകയും സാക്ഷൃവുമായിത്തീരേണ്ടതാണ്.

മീന്‍പിടുത്തക്കാരായ യോഹന്നാനും അന്ത്രയോസ്സും ആയിരുന്നു ആദ്യം ക്രിസ്തുവിങ്കലെത്തിയത്. പാവപ്പെട്ടവരോടു ദൈവം കാണിക്കുന്ന പക്ഷാപാതമാണെന്നു പറഞ്ഞ് അവരുടെ സാധനകളെ ഇന്നത്തെ ചിന്താഗതി വിലയിടിച്ചു കാണിച്ചേക്കാം. പാവപ്പെട്ടവരുടെ ആത്മീയാഭിമുഖ്യങ്ങളെ മറ്റുള്ളവര്‍ അത്ര ഗൗരവമായി എടുക്കാറില്ല എന്നതു വാസ്തവമാണ്. പക്ഷെ ഒന്നു നാം മനസ്സിലാക്കണം. തീരത്തു പണിയെടുക്കുന്നവരെ ക്രിസ്തു പെട്ടന്നു കൂട്ടിക്കൊണ്ടു പോവുകയായിരുന്നില്ല. അവരില്‍ എല്ലാവരുംതന്നെ സ്നാപകയോഹന്നാനെന്ന വളരെ കാര്‍ക്കശ്യക്കാരനായ ഗുരുവിന്‍റെ ശിഷ്യന്മാരായിരുന്നു. നിരന്തരമായ സാധനകളിലൂടെയും തപശ്ചര്യകളിലൂടെയും സ്നാപകന്‍ അവരുടെ നെഞ്ചില്‍ ക്രിസ്തുവിനു സഞ്ചരിക്കുവാനുള്ള വഴികള്‍ കോറിയെടുത്തിരുന്നു – കുന്നുകള്‍ നിരപ്പാക്കിയും താഴ്വാരം ഉയര്‍ത്തിയും വളഞ്ഞവഴികള്‍ നേരെയാക്കിയുംമൊക്കെ ഒരുക്കിയ അവരുടെ ഹൃദയവയലിനു മീതെയാണ് കൃപയുടെ മഴപെയ്തത്.

സ്നാപകന്‍ ഒരു കിളിക്കുടായിരുന്നെങ്കില്‍, ക്രിസ്തു ആകാശമായിരുന്നു.
തന്‍റെ കൂടിന്‍റെ കിളിലവാതില്‍ തുറന്നുവച്ച് യോഹന്നാന്‍ തന്‍റെ ശിഷ്യ ഗണത്തോടു പറഞ്ഞു. “നിങ്ങളുടെ ചിറകുകള്‍ക്ക് ദൃഢതകിട്ടുവോളം സംരക്ഷിക്കുകയായിരുന്നു എന്‍റെ ധര്‍മ്മം. ഇനി നിങ്ങള്‍ ആകാശത്തേയ്ക്കു പറക്കുക. പറന്നു പഠിക്കുക. നിങ്ങള്‍ ആകാശം അനുഭവിക്കുക, ആസ്വദിക്കുക.” ഭൂമിയില്‍ ഒരാളും ഇത്ര നിസ്സംഗതയോടെ തന്‍റെ ശിഷ്യഗണത്തെയോ സ്നേഹിതരെയോ മറ്റൊരാള്‍ക്ക് കൈമാറുകയോ കൈവിട്ടുകളയുകയോ ചെയ്തിട്ടുണ്ടാവില്ല.


യോഹന്നാന്‍റെ സുവിശേഷം 1, 36
“ഇതാണ് ക്രിസ്തു. ഇതാണ് ദൈവത്തിന്‍റെ കുഞ്ഞാട്, ലോകരക്ഷകന്‍, ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്നവന്‍,” എന്നു പറഞ്ഞ് സ്നാപകന്‍ ക്രിസ്തുവിനെ ചൂണ്ടിക്കാണിച്ച വിനാഴിക യോഹന്നാന്‍ സുവിശേഷകന്‍ വളരെ ക്ലിപ്തമായി രേഖപ്പെടുത്തിയിരിക്കുന്നു. അപ്പോള്‍ പത്താം മണിക്കൂര്‍ ആയിരുന്നു. നമ്മുടെ സമയത്തില്‍ അപരാഹ്നം, ഏകദേശം വൈകുന്നേരം നാലുമണിയായിരുന്നു.
വിളിയുടെ സമയം ഏറെ പ്രധാനപ്പെട്ടതാണ്. വ്യക്തിയുടെ സ്വകാര്യചരിത്രത്തില്‍ പുതിയ അദ്ധ്യായം തുറക്കപ്പെടുന്ന നിമിഷമാണത്. ചരിത്രം ബിസിയും എഡിയുമായി തിരിക്കപ്പെടുന്നതുപോലെ, വ്യക്തി ചരിത്രം നവമായി തുറക്കപ്പെടുന്നു, തിരിക്കപ്പെടുന്നു - കഴിഞ്ഞുപോയതെന്നും, പുതുതായി ആരംഭിക്കുന്നതെന്നും. കാരണം അത്രമേല്‍ ജീവിതത്തെ കീഴ്മേല്‍ മറിക്കുന്നതാണ് ക്രിസ്തുവിലുള്ള ജീവിതം. അതുകൊണ്ട് വിളിയുടെ നിമിഷം ഓര്‍മ്മിക്കേണ്ടതും കുറിച്ചിടേണ്ടതുമായ വിനാഴികതന്നെയാണ്.
തന്‍റെ പിന്നാലെ നടന്നടുക്കുന്ന രണ്ടുപേരെ കണ്ടിട്ട് ക്രിസ്തു ചോദിച്ചു. നിങ്ങള്‍ എന്തന്വേഷിക്കുന്നു.
“അങ്ങ് എവിടെയാണ് പാര്‍ക്കുന്നത്?” എന്ന് അന്വേഷിച്ചവരോട്,
“നിങ്ങള്‍ വന്നു കാണുക,” എന്നു പറഞ്ഞ്, താന്‍ താമസിക്കുന്നിടത്തേയ്ക്ക് ക്രിസ്തു അവരെ സ്വാഗതംചെയ്യുന്നു. യോഹ. 1, 39.

മനുഷ്യന്‍ ദൈത്തിങ്കലേയ്ക്ക് ഒരു ചുവടുവയ്ക്കുമ്പോള്‍, ഇതാ ദൈവം അവനിലേയ്ക്ക് രണ്ടു ചുവടാണ് വയ്ക്കുന്നത്. മനുഷ്യന്‍റെ ചുവടുകളെക്കാള്‍ എത്രയോ വലുപ്പമേറിയതാണ് നമ്മിലേയ്ക്ക് ദൈവമെടുക്കുന്ന അവിടുത്തെ ആര്‍ദ്രമായ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയു ചുവടുകള്‍.

യേശു എല്ലാവരെയും വിളിക്കുന്നു. അവിടുത്തെ വചനം നല്കുവാനും, നിത്യജീവനേകുവാനും അവിടുന്നു നമ്മെ മാടിവിളിക്കുന്നു. എളിയൊരേയും വലിയവരെയും ഒരുപോലെ അവിടുന്ന് വിളിക്കുന്നു. ജ്ഞാനമേകാനും ശക്തിയേകുവാനും അവിടുത്തെ ശിഷ്യരാകുവാനും അവിടുന്നു നമ്മെ ഇന്നും വിളിക്കുന്നു. മാനുഷിക വളര്‍ച്ചയ്ക്കുമപ്പുറം ക്രൈസ്തവ ജീവിതത്തില്‍ നമുക്കു ലഭിച്ചിട്ടുള്ള ആത്മീയ ജീവനില്‍ വളരാന്‍ സാമുവല്‍ പ്രവാചകനെപ്പോലെ
“കര്‍ത്താവേ, അങ്ങു സംസാരിച്ചാലും, ഇതാ അങ്ങയുടെ ദാസന്‍ ശ്രവിക്കുന്നു,” എന്നു പ്രത്യുത്തരിക്കാം, പ്രാര്‍ത്ഥിക്കാം.









All the contents on this site are copyrighted ©.